മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് 5 പതിറ്റാണ്ടുകാലം സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത ഗാനരചിയിതാവും ധ്യാനഗുരുവും, സാഹിത്യകാരനും, പ്രമുഖ മാധ്യമപ്രവർത്തകനുമായ ഫാദർ മൈക്കിൾ പനച്ചിക്കൽ വി.സി സ്വർഗ്ഗസമ്മാനത്തിനായി യാത്രയായി .
77 വയസ്സായിരുന്നു. അർബുദ രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം അടിച്ചിറ പ്രീസ്റ്റ് ഹോമിൽ വെച്ചാണ് നിത്യസമ്മാനത്തിനായി യാത്രയായത്. വിൻസെൻഷ്യൻ സഭയുടെ സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായ അദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷകൾ ജൂൺ 18 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിശുദ്ധ കുർബാനയോടെ അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ ആരംഭിക്കും. 1948 സെപ്റ്റംബർ 6-ന് ദേവസ്യ-ഏലി ദമ്പതികളുടെ മകനായി ജനിച്ച മൈക്കിൾ അച്ഛൻ, വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദൈവവിളി സ്വീകരിച്ചത്. 1974 ഡിസംബർ 19-ന് അഭിവന്ദ്യ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 1990-ൽ അദ്ദേഹം ആരംഭിച്ച “ലോഗോസ് ധ്യാനം” ലക്ഷക്കണക്കിന് ആളുകളെ ആത്മീയ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു.1995-2000 കാലഘട്ടത്തിൽ ഇന്ത്യയിലും വിദേശത്തുമായി ഏറ്റവും കൂടുതൽ വൈദിക-സന്യാസിനി ധ്യാനങ്ങൾ നയിച്ചവരിലൊരാളായിരുന്നു അദ്ദേഹം. വിൻസെൻഷ്യൻ സഭയിൽ നിന്ന് വചനപ്രഘോഷണത്തിനായി ആദ്യമായി വിദേശത്തേക്ക് യാത്ര ചെയ്ത വൈദികനും അദ്ദേഹമാണ്. മലയാള ക്രൈസ്തവ ഭക്തിഗാന ചരിത്രം ഫാ. മൈക്കിൾ പനച്ചിക്കലിനെ മാറ്റിനിർത്തി വായിക്കാനാവില്ല. 1976-ൽ ഡോ. കെ.ജെ. യേശുദാസ് ആലപിച്ച "നിത്യത തീർക്കുന്ന നിമിഷങ്ങളിൽ..." എന്ന ഗാനത്തോടെ ആരംഭിച്ച യാത്ര 50 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് അച്ഛന്റെ വിയോഗം. ഏകദേശം 700-ഓളം ഗാനങ്ങൾ അച്ഛൻ രചിച്ചിട്ടുണ്ട്. “ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ”, “തിരുനാമകീർത്തനം പാടുവാൻ”, “മേലെ മാനത്തെ ഈശോയെ” എന്നീ ഗാനങ്ങളാണ് അച്ചന്റെ ശ്രദ്ദേയമായ ഗാനങ്ങൾ. ശാലോം ചാനലിന്റെ പ്രശസ്തമായ തീം സോങ്ങും അച്ചന്റെ രചനയാണ്. ലോകമെമ്പാടുമുള്ള കത്തോലിക്കർക്ക് പരിചിതമായ 'വചനോത്സവം' മാസികയുടെ ഫൗണ്ടർ എഡിറ്ററാണ് അദ്ദേഹം. പാം ചിക്കൻ എന്ന തൂലികാനാമത്തിൽ അദ്ദേഹം നിരവധി കഥകളും നോവലുകളും രചിച്ചിട്ടുണ്ട്. 2011-ൽ കത്തോലിക്കാ സഭയുടെ സമ്പൂർണ്ണ ബൈബിൾ സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്ത് ഡിജിറ്റൽ രൂപത്തിൽ പ്രചരിപ്പിച്ചതും അദ്ദേഹമാണ്. 'കന്മഴ പെയ്യും മുൻപേ' എന്ന സിനിമയുടെ തിരക്കഥയും നിർമ്മാണവും നിർവ്വഹിച്ച അദ്ദേഹം 'ജീവന്റെ അവകാശി', 'ബോയ്സ്' തുടങ്ങിയ ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.
70 12 23 03 34
.jpg)


0 Comments