പ്രശ്‌നങ്ങളുമായി എല്‍.ഡി.എഫ്. പ്രതിരോധിക്കാനാകാതെ മീനച്ചില്‍ പഞ്ചായത്ത് സമിതി, യു.ഡി.എഫും കൈ ഒഴിയുന്നു?




സുനില്‍ പാലാ


മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ വിവിധങ്ങളായ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഇടതുമുന്നണി, യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരെ ശക്തമായ ആക്രമണം നടത്തുമ്പോഴും പ്രതിരോധിക്കാനാകാതെ പഞ്ചായത്ത് ഭരണനേതൃത്വം. 


ഇടതുമുന്നണിയില്‍ നിന്ന് യു.ഡി.എഫ്. ഇത്തവണ മീനച്ചില്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തെങ്കിലും ഇടതുമുന്നണി കൊണ്ടുവന്ന വിഷയങ്ങളില്‍ പഞ്ചായത്ത് ഭരണനേതൃത്വത്തെ സഹായിക്കുന്ന നിലപാടല്ല യു.ഡി.എഫ്. മണ്ഡലം നേതൃത്വം സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. പ്രസിഡന്റ് ഉള്‍പ്പെടെ താരതമ്യേന പുതുമുഖങ്ങളാണ് ഇത്തവണ യു.ഡി.എഫ്. പഞ്ചായത്ത് ഭരണസമിതിയിലുള്ളത്. ഇവര്‍ക്കാകട്ടെ ഭരണപരിചയം കുറവുമാണ്. ഇത് മുതലെടുത്തുകൊണ്ട് പഞ്ചായത്ത് സമിതിയിലെ പ്രതിപക്ഷത്തുള്ള ഇടതുമുന്നണിയും ബി.ജെ.പിയും രംഗത്ത് വന്നെങ്കിലും നേരിയ ഒരു പ്രതിരോധം പോലും തീര്‍ക്കാനാകാതെ ഉഴലുകയാണ് പഞ്ചായത്ത് ഭരണ നേതൃത്വം. 


''ഞങ്ങള്‍ ഈ വിഷയങ്ങളെല്ലാം യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചെങ്കിലും പുച്ഛത്തോടെയുള്ള പെരുമാറ്റമാണ് മറുപടിയായി കിട്ടിയത്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒരു പത്രസമ്മേളനം വിളിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ പോലും നിസ്സഹകരണ മനോഭാവമാണ് ചില സ്വയംപ്രഖ്യാപിത നേതാക്കള്‍ കാണിച്ചത്''. പഞ്ചായത്ത് ഭരണസമിതിയിലെ ഒരു അംഗം പറഞ്ഞു. 

പാലിയേറ്റീവ് നഴ്‌സിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിഷയം, കുടിവെള്ള പ്രശ്‌നം, ഗ്രാമവണ്ടി നിര്‍ത്തിയ സംഭവം തുടങ്ങിയവയെല്ലാം പഞ്ചായത്ത് ഭരണനേതൃത്വത്തെ പിടിച്ചുലച്ച കാര്യങ്ങളാണ്. എന്നാല്‍ ഇവയില്‍ ഒരു കാര്യത്തിനും പഞ്ചായത്ത് ഭരണനേതൃത്വത്തെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു നിലപാടും പ്രാദേശിക യു.ഡി.എഫ്. നേതൃത്വത്തില്‍ നിന്നും ഉണ്ടായില്ല എന്നാണാക്ഷേപം. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, സ്വയം പ്രഖ്യാപിത നേതാക്കള്‍ വര്‍ക്ക് ചെയ്ത വാര്‍ഡുകളില്‍ യു.ഡി.എഫ്. ഏറെ പിന്നോക്കം പോയിരുന്നു. പൂവരണി മേഖലയില്‍ മാത്രമാണ് യു.ഡി.എഫിന് മുന്‍തൂക്കം ഉണ്ടാക്കാന്‍ കഴിഞ്ഞത്. ഇത് മാത്രമല്ല ഇടതുമുന്നണിയിലെ പ്രാദേശികമായ ചില തലതൊട്ടപ്പന്‍മാരുമായി യു.ഡി.എഫിലെ ചില സ്വയംപ്രഖ്യാപിത നേതാക്കള്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും പഞ്ചായത്ത് മെമ്പര്‍മാര്‍ തന്നെ ആരോപിക്കുന്നു. 


ഭരണനേതൃത്വം ആലോചിക്കാതെ ഓരോരോ തീരുമാനങ്ങളെടുത്തു 

ഇതേസമയം യു.ഡി.എഫ്. നേതൃത്വത്തോട് ആലോചിക്കാതെ പഞ്ചായത്ത് ഭരണനേതൃത്വം ഓരോരോ തീരുമാനങ്ങളെടുത്തിട്ട് പിന്തുണ കിട്ടുന്നില്ലായെന്ന് വിലപിക്കുന്നതുകൊണ്ട് എന്ത് കാര്യമെന്ന് യു.ഡി.എഫ്. മീനച്ചില്‍ മണ്ഡലം കമ്മറ്റിയിലെ ഒരു നേതാവ് ചോദിച്ചു. എല്ലാ കാര്യവും യു.ഡി.എഫുമായി ചര്‍ച്ച ചെയ്ത് വേണം തീരുമാനങ്ങള്‍ സ്വീകരിക്കാന്‍. പക്ഷേ പ്രധാനപ്പെട്ട കാര്യങ്ങളൊന്നും പഞ്ചായത്ത് ഭരണനേതൃത്വം തങ്ങളെ അറിയിക്കാറില്ല. ഇതൊക്കെയാണെങ്കിലും അടുത്ത ദിവസം യു.ഡി.എഫിന്റെ യോഗം ചേര്‍ന്ന് പഞ്ചായത്ത് ഭരണ നേതൃത്വത്തിന് വേണ്ട പിന്തുണ കൊടുക്കുമെന്നും നേതാവ് വിശദീകരിച്ചു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments