പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച ഒരു പവനിലേറെ തൂക്കം വരുന്ന സ്വർണവള ഉടമയ്ക്ക് തിരികെ ഏൽപ്പിച്ച് ഹരിതകർമസേനാംഗങ്ങൾ മാതൃകയായി. കുമരകം പഞ്ചായത്തിലെ ഏഴാം വാർഡിൽ ആശാരിശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വേലശ്ശേരി സന്തോഷിന്റെ വീട്ടിൽ നിന്നും ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് ഹരിതകർമസേനാംഗങ്ങളായ ശ്രീദേവി അജയനും ആശ സുരേഷിനും സ്വർണവള ലഭിച്ചത്.
മാലിന്യം സൂക്ഷിച്ചിരുന്ന ബക്കറ്റ് ഹരിതകർമസേനയ്ക്ക് കൈമാറിയ ശേഷം വീട്ടുകാർ അകത്തേക്ക് പോയിരുന്നു. തുടർന്ന് സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് സ്വർണത്തിളക്കം ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ചപ്പോൾ അത് സ്വർണവളയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇവർ ഉടൻ തന്നെ വീട്ടുടമയായ ദീപ്തി സന്തോഷിനെ വിവരമറിയിക്കുകയും സ്വർണവള സുരക്ഷിതമായി കൈമാറുകയും ചെയ്തു. ഹരിതകർമസേനാംഗങ്ങളുടെ ഈ സത്യസന്ധതയും ഉയർന്ന ഉത്തരവാദിത്വബോധവും നാട്ടുകാരുടെ വലിയ അഭിനന്ദനങ്ങൾക്ക് പാത്രമായി.
70 12 23 03 34





0 Comments