കനത്ത മഴ: പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ; ഗാന്ധിപ്രതിമ സുരക്ഷിതമായി മാറ്റി



കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലാ മൂന്നാനിയിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ഗാന്ധിപ്രതിമ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 

പ്രതിമയ്ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും  വെള്ളം ഇറങ്ങിയാലുടൻ ഗാന്ധിസ്ക്വയർ പൂർവസ്ഥിതിയിലാക്കി അടുത്ത ആഴ്ച തന്നെ പ്രതിമ വീണ്ടും സ്ഥാപിക്കുമെന്നും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ 9.30-ഓടെ ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധി പ്രതിമ ചെരിഞ്ഞതായി വാർഡ് കൗൺസിലർ ബിജു വരിക്കയാനി അറിയിച്ചതിനെ തുടർന്നാണ് ഫൗണ്ടേഷൻ ഭാരവാഹികൾ സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രാവിലെ 10.30-ഓടെ പ്രതിമയുടെ ചെരിവ് വർധിച്ചതായി കണ്ടെത്തി.
ഉടൻതന്നെ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, മുൻ മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, മൈക്കിൾ ജോസഫ് കുഴിഞ്ഞാലിൽ, റോയി തൈപ്പറമ്പിൽ, ഒ എസ് പ്രകാശ് എന്നിവർ കഴുത്തൊപ്പമുള്ള വെള്ളത്തിലൂടെ പ്രതിമയുടെ സമീപത്തെത്തി പരിശോധന നടത്തി. ഐസോ റെസിൻ ഉപയോഗിച്ച് നിർമിച്ച പ്രതിമയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

പ്രതിമ പ്ലാറ്റ്ഫോമിൽ ഉറപ്പിച്ചിരുന്ന സ്ക്രൂവിന് ശക്തമായ ജലപ്രവാഹത്തിൽ സാങ്കേതിക തകരാർ സംഭവിച്ചതോടെയാണ് ഒരു വശം പ്ലാറ്റ്ഫോമിൽ നിന്ന് വേർപെട്ടത്. ഭാരം കുറഞ്ഞ ഐസോ റെസിൻ ഉപയോഗിച്ചുള്ള പ്രതിമയുടെ ഒരു വശം ഉയർന്നപ്പോൾ മറുവശം പ്ലാറ്റ്ഫോമിൽ ഉറച്ചുനിന്നതിനാലാണ് പ്രതിമ ചെരിഞ്ഞ നിലയിലായത്.
അപകടസാധ്യത ഒഴിവാക്കാൻ മറ്റ് സ്ക്രൂകളും അഴിച്ചുമാറ്റി പ്രതിമ വെള്ളത്തിൽ നിന്ന് സുരക്ഷിതമായി ഉയർത്തി മാറ്റി. വെള്ളം പൂർണമായും ഇറങ്ങിയശേഷം പ്ലാറ്റ്ഫോം വൃത്തിയാക്കി ആവശ്യമായ അറ്റകുറ്റപ്പണികളും ബലപ്പെടുത്തലുകളും പൂർത്തിയാക്കി പ്രതിമ വീണ്ടും സ്ഥാപിക്കുമെന്ന് എബി ജെ ജോസ് പറഞ്ഞു.

പ്രതിമയും ഗാന്ധിസ്ക്വയറും സുരക്ഷിതമാണെന്നും സ്ക്രൂവിന് സംഭവിച്ച സാങ്കേതിക തകരാറാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച തന്നെ ഗാന്ധിസ്ക്വയർ പൂർവസ്ഥിതിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments