ജീവിതത്തില്‍ മിന്നിച്ചു, സിനിമയില്‍ ജീവിച്ചു; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടി നിസ ജോഷി



സുനിൽ പാലാ

പൊലീസ് യൂണിഫോമില്‍ മികവ് തെളിയിച്ച് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ സ്വന്തമാക്കിയ എ.എസ്.ഐ. നിസ ജോഷി സിനിമയിലും സജീവ സാന്നിധ്യം. 

ഇതുവരെ അഭിനയിച്ച എട്ട് സിനിമകളില്‍ ആറെണ്ണത്തിലും പൊലീസ് വേഷത്തിലാണ് നിസ വെള്ളിത്തിരയിലെത്തിയത്. ഔദ്യോഗിക ജീവിതത്തിലെ മികവിനൊപ്പം കലാരംഗത്തും ശ്രദ്ധേയ സാന്നിധ്യമായ നിസയ്ക്ക് ഇതിനോടകം 15-ഓളം ഗുഡ് സര്‍വീസ് എന്‍ട്രികളും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പാലാ പൊലീസ് സ്റ്റേഷനില്‍ പി.ആര്‍.ഒ. ആയി സേവനം ചെയ്യുന്ന നിസ, പൊലീസ് ഉദ്യോഗസ്ഥ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. 
മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചതിന്റെ ഭാഗമായി പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ പാലാ പൊലീസ് സ്റ്റേഷനിലെത്തി നിസയെ നേരിട്ട് അഭിനന്ദിച്ചു. പാലാ നഗരത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിസയും സഹപ്രവര്‍ത്തകരും നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ചെയര്‍പേഴ്‌സണ്‍ അഭിനന്ദിച്ചു.

ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ‘അവസ്ഥാന്തരങ്ങള്‍’ എന്ന സിനിമയിലൂടെയാണ് നിസ ജോഷി അഭ്രപാളിയിലെത്തിയത്. ചിത്രത്തിലെ അമ്മ വേഷം ശ്രദ്ധിക്കപ്പെടുകയും നിസയ്ക്ക് പുരസ്‌കാരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ‘കൊള്ള’, ‘അമീറ’, ‘ചോലവിസ്‌കി’, ‘ആസാദി’, ‘ഹെവന്‍’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇതില്‍ ‘ചോലവിസ്‌കി’, ‘ആസാദി’ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. രണ്ടിലും എസ്.ഐ. വേഷത്തിലാണ് നിസ എത്തുന്നത്. ‘കൊള്ള’യില്‍ പൊലീസുകാരിയായും പ്രശസ്ത ബാലതാരം മീനാക്ഷി അഭിനയിച്ച ‘അമീറ’യില്‍ എസ്.ഐയായും വേഷമിട്ടു.
സിനിമകള്‍ക്ക് പുറമെ നിരവധി ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലും പൊലീസ് വിഭാഗം അവതരിപ്പിച്ച നാടകങ്ങളിലുമെല്ലാം നിസ സജീവമായിരുന്നു. 2022-ല്‍ വനിതാ പൊലീസ് ടീമിന്റെ ഭാഗമായി നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുത്ത നിസയുടെ ടീം ഒന്നാം സ്ഥാനവും നേടി.

ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് നിസയുടെ മുന്നേറ്റം. ഏറ്റുമാനൂര്‍ നിരപ്പേല്‍ വീട്ടിലാണ് ഇപ്പോള്‍ താമസം. ആറ് വര്‍ഷം മുമ്പ് അപകടത്തില്‍ ഭര്‍ത്താവ് ജോഷിയെ നഷ്ടപ്പെട്ട നിസ, മക്കളായ അനഘയുടെയും ആദത്തിന്റെയും പിന്തുണയോടെ ജീവിതവും ഔദ്യോഗിക ഉത്തരവാദിത്വങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നു. മകള്‍ അനഘ നഴ്‌സാണ്. മകന്‍ ആദം ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്.
പൊലീസ് സേവനത്തിലെ മികവിനൊപ്പം സിനിമയിലും തന്റേതായ ഇടം കണ്ടെത്തിയ നിസ ജോഷിയുടെ നേട്ടത്തിന് ഇരട്ട തിളക്കമാണ് — ജീവിതത്തില്‍ മിന്നിച്ച നിസ, സിനിമയിലും പൊലീസ് വേഷങ്ങളിലൂടെ ജീവിക്കുകയാണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments