കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ ബഹുനില ഓഡിറ്റോറിയമായ 'ശ്രീമഹാദേവ തപോവന്‍' ഭക്തജനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നു കൊടുക്കുന്നു. ഓഡിറ്റോറിയത്തിന്റെ ആദ്യഘട്ടമായി പൂര്‍ത്തിയായ ഗ്രൗണ്ട് ഫ്ളോറിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.
വെള്ളിയാഴ്ച രാവിലെ 10.45നും 11.15നും മധ്യേ ദേവസ്വം പ്രസിഡന്റും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറും മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാനുമായ മനോജ് ബി. നായര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.
ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ചിരിക്കുന്ന ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ ഒരേസമയം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണുള്ളത്. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തിരിക്കുന്ന ഓഡിറ്റോറിയം വിവാഹം, സാംസ്‌കാരിക പരിപാടികള്‍, പൊതുയോഗങ്ങള്‍, ആത്മീയ പരിപാടികള്‍, കുടുംബ ചടങ്ങുകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
മൂന്ന് നിലകള്‍ പൂര്‍ത്തിയാകുമ്പോള്‍ 3,000 പേര്‍ക്ക് സൗകര്യം
ഓഡിറ്റോറിയത്തിന്റെ മൂന്ന് നിലകളുടെയും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഒരേസമയം 3,000 പേര്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള വിപുലമായ സൗകര്യം ലഭ്യമാകും. നിലവില്‍ ഗ്രൗണ്ട് ഫ്ളോറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്.
ഓഡിറ്റോറിയത്തിലെത്തുന്നവര്‍ക്കായി വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പാര്‍ക്കിംഗ് ക്രമീകരണം. ഓഡിറ്റോറിയത്തിന്റെ ചുറ്റുപാടും പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച് മനോഹരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
പാലാ മേഖലയിലെ മറ്റു ഓഡിറ്റോറിയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കില്‍ ഓഡിറ്റോറിയം ലഭ്യമാക്കുന്നതും 'ശ്രീമഹാദേവ തപോവന്റെ' പ്രത്യേകതയാണെന്ന് ദേവസ്വം സെക്രട്ടറി സതീഷ് കല്ലക്കുളവും ഖജാന്‍ജി ബാബു കെ.ആറും പറഞ്ഞു.




%20(1).jpg)


0 Comments