പാലാ സബ് ജയിലില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായി പരാതി; ടി.ബി. റോഡില്‍ ദുരിതമായി യാത്ര




സുനില്‍ പാലാ

പാലാ സബ് ജയിലില്‍ നിന്ന് മലിനജലം പുറത്തേക്ക്  ഒഴുക്കുന്നതായി പരാതി; ടി.ബി. റോഡില്‍ ദുരിതമായി യാത്ര

പാലാ  സബ് ജയിലില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായി പരാതി. ജയിലിന് സമീപത്തെ റോഡരികിലെ ഓടയിലേക്കാണ് കടുത്ത ദുര്‍ഗന്ധവും ഭക്ഷ്യാവശിഷ്ടങ്ങളും കലര്‍ന്ന വെള്ളം ഒഴുകിയെത്തുന്നതെന്നാണ്  വ്യാപാരികളും യാത്രക്കാരും ക്ഷേത്ര ഭരണ സമിതി ഭാരവാഹികളും ആരോപിക്കുന്നത്. 

ഓട നിറഞ്ഞൊഴുകുന്നതോടെ മലിനജലം പാലാ ടി.ബി. റോഡിലേക്കും പടരുന്ന സ്ഥിതിയാണെന്നും പരാതിയുണ്ട്.
മലിനജലം റോഡിലേക്ക് പടര്‍ന്നതോടെ ഇതുവഴിയുള്ള കാല്‍നടയാത്രയും ദുഷ്‌കരമായിരിക്കുകയാണ്. ദുര്‍ഗന്ധം മൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നതായി  പറയപ്പെടുന്നു.

ളാലം മഹാദേവക്ഷേത്രത്തിലേക്കും അമ്പലപ്പുറത്ത് ശ്രീ ഭഗവതീ ക്ഷേത്രത്തിലേക്കും ആല്‍ത്തറ രാജരാജ ഗണപതി ക്ഷേത്രത്തിലേക്കു മൊക്കെ  പോകുന്ന ഭക്തര്‍ ഈ മലിന ജലത്തില്‍ ചവിട്ടി  യാത്ര ചെയ്യേണ്ട ഗതികേടാണിപ്പോള്‍.
മലിനജലത്തില്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാണപ്പെടുന്നതായും ഇതുമൂലം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പും പാലാ സബ് ജയിലില്‍ നിന്ന് സമാന രീതിയില്‍ മലിനജലം പുറത്തേക്ക് ഒഴുക്കിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രശ്‌നത്തിന് സ്ഥിരപരിഹാരം കാണാതെ ആവര്‍ത്തിച്ച് മലിനജലം റോഡിലേക്ക് എത്തുന്നത് നഗരത്തിലെ പൊതുജനാരോഗ്യത്തിനും ശുചിത്വത്തിനും ഭീഷണിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ജയിലില്‍ നിന്ന് മലിന ജലം ഒഴുക്കുന്നില്ല 

അതേസമയം, ജയിലില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കുന്നില്ലെന്നാണ് ജയില്‍ അധികൃതരുടെ നിലപാട്. മഴവെള്ളം ഒഴുകിയെത്തുന്നതിനിടെ പുറത്തേക്ക് പോകുന്നതാകാം എന്ന വിശദീകരണമാണ് ജയില്‍ അധികൃതര്‍ നല്‍കുന്നത്.

അടിയന്തിരമായി തടയണം

ജയിലില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കുന്നത് അടിയന്തിരമായി തടയണം. ഇത് മലിനജലമാണോ മഴവെള്ളമാണോ എന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി പരിശോധന നടത്തണം. ഓടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ഉറവിടം കണ്ടെത്തുകയും ആവശ്യമായ ശുചീകരണവും മാലിന്യസംസ്‌കരണ സംവിധാനവും ഉറപ്പാക്കുകയും വേണം .

പി. ആര്‍. നാരായണന്‍ കുട്ടി അരുണ്‍ നിവാസ്
ളാലം ക്ഷേത്രോപദേശക സമിതി ഭാരവാഹി









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments