പള്ളാത്തുരുത്തിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഹൗസ്‌ബോട്ടുകള്‍ തീപിടിച്ച്‌ പൂര്‍ണമായി കത്തിയമര്‍ന്നു.



 ആലപ്പുഴ  പള്ളാത്തുരുത്തിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഹൗസ്‌ബോട്ടുകള്‍ തീപിടിച്ച്‌ പൂര്‍ണമായി കത്തിയമര്‍ന്നു. ആളില്ലാത്ത ബോട്ടുകള്‍ കെട്ടിയിടുന്ന സ്ഥലത്ത് രാത്രി ഒന്‍പത് മണിയോടെയാണ് തീപടര്‍ന്നത്. തീ ഉയര്‍ന്ന ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന 12 ബോട്ടുകള്‍ സുരക്ഷിതമായി മാറ്റിയിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജോലിക്കാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം.

കത്തിയ ബോട്ടുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച്‌ ആറ്റില്‍ ഏറെ ദൂരേക്ക് തെറിച്ചുവീഴുകയും തീരത്തെ തെങ്ങുകളിലേക്ക് തീ പടരുകയും ചെയ്തു. പള്ളാത്തുരുത്തിക്ക് തെക്ക് വള്ളുവന്‍കാട് പാടശേഖരത്തിന് സമീപം പമ്പയാറിന്റെ കൈവഴിയായ പള്ളാത്തുരുത്തിയാറ്റിലാണ് ബോട്ടുകള്‍ കെട്ടിയിട്ടിരുന്നത്.


സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് സിസിടിവി ക്യാമറയുള്ളതിനാ ല്‍ അതിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. പള്ളാത്തുരുത്തിയിലെ ‘ലേക്‌സ് ആന്‍ഡ് ലഗൂണ്‍സ്’ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പെട്ടതും സമീപത്തുനിന്ന് മാറ്റിയതുമായ ബോട്ടുകള്‍. 

വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേനയുടെ രണ്ട് സ്പീഡ് ബോട്ടുകളും ആലപ്പുഴ സൗത്ത്, നെടുമുടി സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. ഏകദേശം രണ്ട് മണിക്കൂറോളം ശ്രമിച്ചാണ് തീ പൂര്‍ണമായി അണച്ചത്. അതിനോടകം തന്നെ തടിയില്‍ നിര്‍മിച്ച ബോട്ടുകളുടെ എന്‍ജിനുകള്‍ ഉള്‍പ്പെടെ നശിച്ചിരുന്നു.

അറ്റകുറ്റപ്പണികള്‍ക്കായി കെട്ടിയിട്ടിരുന്ന ബോട്ടുകളില്‍ വെല്‍ഡിങ്, തടിപ്പണികള്‍ എന്നിവ നടക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം. ഇടുങ്ങിയതും വളവുകള്‍ നിറഞ്ഞതുമായ വഴിയായതിനാല്‍ അഗ്‌നിരക്ഷാ സേനയ്ക്ക് കരമാര്‍ഗം സംഭവസ്ഥലത്തേക്ക് എത്തുവാന്‍ പ്രയാസമായിരുന്നു. കൂടാതെ, സ്പീഡ് ബോട്ടുകള്‍ക്ക് ആറ്റിലെ ശക്തമായ ഓളം കാരണം ബോട്ടുകള്‍ക്ക് അടുത്തേക്ക് എത്തുന്നതിനും തടസ്സമുണ്ടായി. 
തുടരെ വെള്ളം ചീറ്റിയാണ് രക്ഷാപ്രവര്‍ത്തകര്‍ തീ നിയന്ത്രണ വിധേയമാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പും പള്ളാത്തുരുത്തിയാറ്റിലെ പറവൂര്‍ പൂന്തിരം പാടത്തിന് സമീപം രണ്ട് ഹൗസ്‌ബോട്ടുകള്‍ തീപിടിച്ച്‌ നശിച്ചിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments