കെ.എസ്.ആർ.ടി.സി ബസുകൾ വാങ്ങാൻ 90 ലക്ഷം രൂപാ അനുവദിച്ചു: മാണി സി കാപ്പൻ എം.എൽ.എ
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആശ്രയമായ പൊതുഗതാഗതം ശക്തിപ്പെടുത്തതിന്റെ ഭാഗമായി പുതിയ കെ.എസ്.ആർ.ടി . സി ബസുകൾ വാങ്ങുന്നതിന് 90 ലക്ഷം രൂപാ അനുവദിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ നൽകിയ സൗജന്യ യാത്ര ഉൾപ്പെടെയുള്ള ജനക്ഷേമപരിപാടികൾ മുമ്പോട്ടു കൊണ്ടുപോകുന്നതിന് യു.ഡി.എഫ് സർക്കാർ എം.എൽ.എമാരുടെ സഹകരണം തേടിയിരുന്നു. പുതിയ ബസുകൾ വാങ്ങി ഓടിച്ച് കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കുന്നതിനാണ് ഡിപ്പാർട്ടുമെന്റ് ശ്രമം. 2026-27 സാമ്പത്തിക വർഷത്തെ എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽ നിന്നും പരമാവധി 3 ബസുകൾ വാങ്ങുന്നതിന് ഫണ്ട് നൽകണമെന്ന കെ. എസ്. ആർ.ടി. സി മാനേജുമെന്റിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് ഈ വർഷം 90 ലക്ഷം രൂപാ അനുവദിക്കുന്നത്.
ഒരു വർഷം 5 കോടി രൂപയാണ് എം.എൽ.എ മാരുടെ ആസ്തി വികസന ഫണ്ട്. ബസുകളുടെ ദൗർലഭ്യം മൂലവും റൂട്ടുകൾ ലാഭകരമല്ലാത്തതിനാലും പാലാ ഡിപ്പോയിൽ നിന്നും സർവീസ് നടത്തിയിരുന്ന ചില ബസുകൾ നിർത്തലാക്കിയിട്ടുണ്ട്. അവ തിരിച്ചു കൊണ്ടു വരാനുള്ള പരിശ്രമത്തിലാണ്.കോട്ടയം ജില്ലയിൽ വരുമാനത്തിന്റ കാര്യത്തിൽ രണ്ടാം സ്ഥാനം വർഷങ്ങളായി നിലനിർത്തിയിരുന്ന പാലാ ഡിപ്പോയോട് കഴിഞ്ഞ സർക്കാർ തികഞ്ഞ അവഗണനയാണ് കാണിച്ചിട്ടുള്ളത്.
പാലാ ഡിപ്പോയുടെ നഷ്ട പ്രതാപം വീണ്ടെടുത്ത് ജനോപകാരപ്രദമായ ബസ് റൂട്ടുകൾ ആരംഭിക്കുന്നതിനു വേണ്ടിയാണ് പുതിയ ബസുകൾ വാങ്ങാൻ ഫണ്ട് അനുവദിച്ചത്. ഇത് സംബന്ധിച്ചുള്ള രേഖാമൂലമുള്ള നിർദ്ദേശം ജില്ലാ കളക്ടർക്ക് നൽകിയെന്ന് മാണി സി കാപ്പൻ പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണുമായി കൂടിയാലോചനകൾ നടത്തിയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തും ഡിപ്പോയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.
70 12 23 03 34





0 Comments