ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ…"
ഉത്തർപ്രദേശിലെ വാരണാസിയിൽ ഗംഗാനദിയുടെ തീരത്തുള്ള നമോ ഘട്ടിൽ ഇന്ത്യൻ വ്യോമസേന സംഘടിപ്പിച്ച ‘വിങ്സ് ഓവർ ഗംഗ’ എയർ ഷോയ്ക്ക് സാക്ഷിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി . വ്യോമസേനയുടെ 94-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ കൂറ്റൻ ആകാശപ്രകടനം ഒരുക്കിയത്.
ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. പരിപാടി കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് ഗംഗാതീരത്ത് തടിച്ചുകൂടിയത്.
ഇന്ത്യയുടെ അതിനൂതന യുദ്ധവിമാനങ്ങളായ റഫാൽ, സുഖോയ്-30, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് എന്നിവ ആകാശത്ത് മിന്നൽ പ്രകടനങ്ങൾ കാഴ്ചവെച്ചു. ഇവയ്ക്ക് പുറമെ മിറാഷ്-2000, ജാങ്വാർ, മിഗ്-29 എന്നീ വിമാനങ്ങളും വ്യോമസേനയുടെ പ്രചണ്ഡ് ഹെലികോപ്റ്ററുകളും എയർ ഷോയുടെ ഭാഗമായി.
ആറ് യുദ്ധവിമാനങ്ങൾ ഒരുമിച്ച് പറന്ന ആരോഹെഡ് ഫോർമേഷനും വ്യോമസേനയുടെ സൂര്യകിരൺ, സാരംഗ് ടീമുകളുടെ അഭ്യാസങ്ങളും കാണികളെ അത്ഭുതപ്പെടുത്തി. രാജ്യത്തിന്റെ പ്രതിരോധ കരുത്തും വിമാനങ്ങളുടെ വേഗതയും കൃത്യതയും പ്രകടനത്തിൽ വ്യക്തമായി.
വിവിധ എയർബേസുകളിൽ നിന്നുള്ള നൂറോളം വിമാനങ്ങളാണ് ഈ പ്രദർശനത്തിൽ പങ്കെടുത്തത്. വ്യോമസേനയും കരസേനയും നാവികസേനയും തമ്മിലുള്ള മികച്ച ഏകോപനവും ആകാശപ്പോരിന്റെ മാതൃകകളും ഗംഗയ്ക്ക് മുകളിൽ പ്രദർശിപ്പിച്ചു.
എയർ ഷോ കാണുന്നതിന് മുൻപ് വാരണാസിയിൽ പുതിയ വസ്ത്ര നിർമ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചിരുന്നു. പ്രകൃതിഭംഗിയും നാവികസേനയുടെയും വ്യോമസേനയുടെയും കരുത്തും ഒന്നിച്ചപ്പോൾ വാരണാസിയിൽ അവിസ്മരണീയമായ അനുഭവമാണ് കാണികൾക്ക് ലഭിച്ചത്.
70 12 23 03 34





0 Comments