സുനില്‍ പാലാ
ആയുഷ്മാന്‍ ആരോഗ്യ മന്ദിരത്തിന്റെ കൂറ്റന്‍ ഗ്രാനൈറ്റ് ശിലാഫലകത്തിന്റെ നിര്‍മാണച്ചെലവിനെച്ചൊല്ലിയുള്ള വിവാദം ഇന്നലെ ചേര്‍ന്ന കടനാട് ഗ്രാമപഞ്ചായത്ത് യോഗത്തിലും ചര്‍ച്ചയായി.
ശിലാഫലക നിര്‍മാണച്ചെലവിനെക്കുറിച്ച് തുടര്‍ച്ചയായി വാര്‍ത്തകള്‍ വരുന്നത് പഞ്ചായത്തിന് നാണക്കേടാണെന്നായിരുന്നു രണ്ട് വനിതാ അംഗങ്ങളുടെ നിലപാട്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാള്‍ക്കെതിരെ അടിയന്തരമായി പ്രമേയം പാസാക്കണമെന്നും പൊലീസില്‍ പരാതി നല്‍കണമെന്നുമുള്ള ആവശ്യവും ഇവര്‍ ഉന്നയിച്ചു.
എന്നാല്‍, ശിലാഫലക നിര്‍മാണത്തിന് ചെലവായ തുകയെക്കുറിച്ച് കരാറുകാരനും അസിസ്റ്റന്റ് എന്‍ജിനീയറും വ്യത്യസ്ത കണക്കുകള്‍ പറയുന്നതാണ് വിവാദത്തിന്റെ കാതല്‍. ഇതുസംബന്ധിച്ച് ഈ വനിതാ മെമ്പര്‍മാര്‍ക്ക് ഒരു വിശദീകരണവും നല്‍കാനുമില്ല. ശിലാഫലകം സ്ഥാപിക്കുന്നതിന് 30,000 രൂപയോളം ചെലവായെന്ന് കരാറുകാരന്‍ ജിജി കുര്യാക്കോസ് പറയുമ്പോള്‍ 8,000 രൂപ മാത്രമാണ് ചെലവായതെന്ന നിലപാടിലാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അനീഷ്. ഈ കണക്കുകളിലെ പൊരുത്തക്കേട് പരിശോധിച്ച് വസ്തുത വ്യക്തമാക്കുന്നതിനുപകരം, വിഷയം വാര്‍ത്തയാകുന്നതിനെതിരെയായിരുന്നു രണ്ട് വനിതാ അംഗങ്ങളുടെ പ്രതിഷേധമെന്നതാണ് വിചിത്രം.
ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുള്ള അംഗങ്ങളാണ് വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുപണം ചെലവഴിച്ച പ്രവൃത്തിയുടെ നിര്‍മാണച്ചെലവില്‍ വ്യത്യസ്ത കണക്കുകള്‍ പുറത്തുവരുമ്പോള്‍ അതിന്റെ നിജസ്ഥിതി പരിശോധിക്കേണ്ടതിനു പകരം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം യോഗത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു.
ശിലാഫലകത്തിന് കാല്‍ലക്ഷത്തിലധികം രൂപ ചെലവായെന്ന കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ 8,000 രൂപ മാത്രമാണ് ചെലവായതെന്ന് അവകാശപ്പെട്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍ പഞ്ചായത്തിന് രേഖാമൂലം അപേക്ഷ നല്‍കി. ഇതിന് പിന്നാലെയാണ് 30,000 രൂപയോളം ചെലവായെന്ന കരാറുകാരന്റെ വെളിപ്പെടുത്തലും പുറത്തുവന്നത്. ഇതോടെ നിര്‍മാണച്ചെലവിനെക്കുറിച്ചുള്ള സംശയങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്.
ശിലാഫലക നിര്‍മാണച്ചെലവിലെ വൈരുധ്യം പരിശോധിക്കുകയാണോ അതോ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരായ നടപടികളാണോ രണ്ട് പഞ്ചായത്ത് മെമ്പര്‍മാരുടെ മുന്‍ഗണനയെന്ന ചോദ്യവും ഇതോടെ ഉയരുന്നു. പൊതുപണം ചെലവഴിച്ച പ്രവൃത്തിയുടെ യഥാര്‍ഥ ചെലവ് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനുണ്ട്. കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും കണക്കുകള്‍ തമ്മിലുള്ള വ്യത്യാസം രേഖകള്‍ പരിശോധിച്ച് വ്യക്തമാക്കേണ്ടതും അത്യാവശ്യമാണ്.
ഇതേസമയം ശിലാഫലക വിവാദം സംബന്ധിച്ച വിഷയം അടുത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.
.jpeg)





0 Comments