സുനില്‍ പാലാ
കൊടുമ്പിടി ബസ് സ്റ്റോപ്പിന് സമീപം ഒരാഴ്ച മുമ്പ് നട്ട വൃക്ഷത്തൈകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍...
പൊരിവെയിലില്‍ അല്‍പ്പനേരം തണലേകാന്‍ പാവപ്പെട്ട ഓട്ടോത്തൊഴിലാളികളും യാത്രക്കാരും ചേര്‍ന്ന് നട്ടുവളര്‍ത്തിയ തണല്‍മരങ്ങളോട് ആര്‍ക്കാണ് ഇത്ര വിരോധം? കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയില്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകേണ്ട ഇലഞ്ഞിമരങ്ങള്‍ നട്ടുപിടിപ്പിച്ച് ഒരാഴ്ച തികയുംമുമ്പേ രാത്രിയുടെ മറവില്‍ പിഴുതുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. പൊതുജനങ്ങള്‍ക്ക് തണലൊരുക്കാനുള്ള ശ്രമത്തെ അട്ടിമറിച്ചത് ആരാണെന്ന ചോദ്യമാണ് നാട്ടില്‍ ഉയരുന്നത്.
കടനാട് ഗ്രാമപഞ്ചായത്തിലെ കൊടുമ്പിടി ബസ് സ്റ്റോപ്പിന് സമീപം പുറമ്പോക്ക് ഭൂമിയിലാണ് ഇലഞ്ഞിമരങ്ങള്‍ നട്ടുപിടിപ്പിച്ചത്. കൊടുമ്പിടി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ മുന്‍പ് നട്ടുവളര്‍ത്തിയിരുന്ന നാല് ബദാം മരങ്ങള്‍ ചിലരുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങളുടെ പേരില്‍ വെട്ടിനശിപ്പിച്ചതിനെ തുടര്‍ന്നാണ് അവിടെ വീണ്ടും തണല്‍മരങ്ങള്‍ നട്ടത്. ഓട്ടോ സ്റ്റാന്‍ഡിലും ബസ് സ്റ്റോപ്പിലും എത്തുന്നവര്‍ക്ക് തണലേകുകയായിരുന്നു ലക്ഷ്യം.
എന്നാല്‍, മരങ്ങള്‍ നട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ അവ ചുവടോടെ പിഴുതുമാറ്റിയെന്നാണ് പരാതി. മരങ്ങളെ സംരക്ഷിക്കാന്‍ ചുവട്ടില്‍ സ്ഥാപിച്ചിരുന്ന ടയറുകളും നശിപ്പിക്കപ്പെട്ടു. പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഒരു നല്ല സംരംഭത്തെ തകര്‍ക്കാന്‍ ആരാണ് ശ്രമിച്ചതെന്ന ചോദ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ തണല്‍മരങ്ങള്‍ നട്ടുവളര്‍ത്തുന്നത് പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനങ്ങളുടെ ക്ഷേമത്തിനും സഹായകമാണ്. പ്രത്യേകിച്ച് ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ഓട്ടോ യാത്രയ്ക്കായി കാത്തിരിക്കുന്നവര്‍ക്കും കൊടുംചൂടില്‍ ഇത്തരം മരങ്ങള്‍ വലിയ ആശ്വാസമാണ്. അത്തരമൊരു ലക്ഷ്യത്തോടെ നടത്തിയ ശ്രമം നശിപ്പിക്കപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാരും പൊതുപ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് അധികൃതരെ സമീപിച്ചു. കൊടുമ്പിടി ടൗണില്‍ യാത്രക്കാര്‍ക്ക് തണല്‍ നല്‍കുന്ന മരങ്ങള്‍ വീണ്ടും നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.





0 Comments