സംസ്ഥാനത്തെ നടുക്കി വിവിധ ജില്ലകളിലുണ്ടായ മുങ്ങിമരണങ്ങളിൽ അഞ്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഇടുക്കി പൊന്മുടി ജലാശയത്തിൽ രണ്ട് സ്കൂൾ വിദ്യാർഥികളും തൃശ്ശൂരിൽ ക്ഷേത്രക്കുളത്തിൽ പത്താം ക്ലാസ് വിദ്യാർഥിയും കോഴിക്കോട് തിരുവമ്പാടിയിൽ പുഴയിൽ ഇറങ്ങിയ രണ്ട് എൻജിനീയറിങ് വിദ്യാർഥികളുമാണ് മരിച്ചത്.
ഇടുക്കി പൊന്മുടി ജലാശയത്തിൽ ഇന്നലെ കാണാതായ പണിക്കൻകുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ക്രിസ്റ്റോ (14), അരുൺ (14) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ കണ്ടെത്തി.
ശബരിമല തീർഥാടനത്തിന് പോകുന്ന സഹപാഠിയുടെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയ തായിരുന്നു ഇരുവരും. തുടർന്ന് ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. വൈകിട്ടും കുട്ടികൾ വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജലാശയത്തിന് സമീപത്തുനിന്ന് ബാഗും ചെരിപ്പും കണ്ടെത്തിയിരുന്നു. അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും എൻഡിആർഎഫും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
തൃശ്ശൂർ വെങ്ങിണിശ്ശേരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി ആദികൃഷ്ണയാ ണ് മുങ്ങിമരിച്ചത്. വെങ്ങിണിശ്ശേരി സ്വദേശി മധുവിന്റെ മകനാണ് ആദികൃഷ്ണ. .
കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയിലെ ഇരുവഴിഞ്ഞിപ്പുഴയിലെ കുമ്പിടൻ കയത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ട് എൻജിനീയറിങ് വിദ്യാർഥികളും മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി നൗഫൽ (20), രാമേശ്വരം സ്വദേശി മൻസൂർ (21) എന്നിവരാണ് മരിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രദേശത്തിന്റെ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് കോയമ്പത്തൂരിലെ എൻജിനീയറിങ് കോളജിൽനിന്നുള്ള അഞ്ചംഗ വിദ്യാർഥിസംഘം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു. അപകടത്തിൽപ്പെട്ട ഇരുവരെയും നാട്ടുകാർ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് ജില്ലകളിലായി അഞ്ച് വിദ്യാർഥികളുടെ ജീവൻ നഷ്ടമായ സംഭവങ്ങൾ ജലാശയങ്ങളിലെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയർത്തുകയാണ്.
70 12 23 03 34


0 Comments