റബറിന് നല്ല വില; കൃഷിയിലേക്ക് തിരിച്ചുവരുമോ കര്‍ഷകര്‍ ?
സ്വന്തം ലേഖകൻ
വര്‍ഷങ്ങളോളം വില കുറഞ്ഞുതന്നെ നിന്നതും കൃഷി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായതുമാണ് പല കര്‍ഷകരെയും റബര്‍ കൃഷി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാലിപ്പോള്‍ ആഭ്യന്തരവിപണയില്‍ റബര്‍വില ചരിത്രത്തിലാദ്യമായി 300രൂപ തൊട്ടതും വില ഉയര്‍ന്നുതന്നെ തുടരുന്നതും പ്രതിസന്ധിയിലും റബറിനെ കൈവിടാതിരുന്ന ഒരു പറ്റം കര്‍ഷകര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. എങ്കിലും വില ഉയര്‍ന്നപ്പോള്‍ ആഭ്യന്തര ഉത്പാദനം കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ മികച്ചരീതിയില്‍ പാല്‍ ലഭിച്ചിരുന്ന തോട്ടങ്ങളില്‍വരെ ഈ വര്‍ഷം ഉത്പാദനം നന്നായി കുറഞ്ഞു. എല്‍നിനോ പ്രതിഭാസത്തെത്തുടര്‍ന്ന് കാലാവസ്ഥയിലുണ്ടായ മാറ്റവും ചൂട് കൂടിയതുമാണ് ഉത്പാദനം കുറയാന്‍ കാരണം.
റബര്‍ വില ഉയരാന്‍ കാരണം ?
റബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏകദേശം 5.22 ലക്ഷം മെട്രിക് ടണ്‍ റബറിന്റെ കുറവാണുള്ളത്. ഒമ്പതു ലക്ഷം മെട്രിക് ടണ്‍ മാത്രമാണ് ആഭ്യന്തര ഉത്പാദനം. കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതോടെ തോട്ടങ്ങള്‍ വെറുതേ കിടക്കുന്നതും ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചു. കേരളത്തിലും പ്രധാന റബര്‍ ഉത്പാദന രാജ്യങ്ങളായ തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലുണ്ടായ പ്രതികൂല കാലാവസ്ഥയും ടാപ്പിംഗിനെ ബാധിക്കുകയും വിപണിയിലേക്കുള്ള റബറിന്റെ വരവ് കുറയ്ക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയത് ക്രൂഡ് ഓയില്‍ ഉപോല്‍പ്പന്നങ്ങളില്‍ നിന്ന് നിര്‍മിക്കുന്ന സിന്തറ്റിക് റബറിന്റെ വില കുത്തനെ കൂട്ടാനിടയാക്കി. സിന്തറ്റിക് റബറിന് വില കൂടിയതും ലഭ്യത കുറഞ്ഞതും മൂലം വ്യവസായ സ്ഥാപനങ്ങള്‍ സ്വാഭാവിക റബര്‍ കൂടുതല്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി. ഇന്ത്യയിലെ സ്വാഭാവിക റബറിന്റെ 70 ശതമാനത്തോളം ഉപയോഗിക്കുന്നത് ടയര്‍ നിര്‍മാണ കമ്പനികളാണ്. വാഹന വിപണിയിലുണ്ടായ വളര്‍ച്ചയും ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധനവും ഗുണനിലവാരമുള്ള റബറിന്റെ ആവശ്യകത കൂട്ടി.
കര്‍ഷകര്‍ ഷീറ്റ് റബര്‍ നിര്‍മിക്കുന്നതിന് പകരം ലാറ്റക്‌സ് (പാല്‍) ആയി നേരിട്ട് വില്‍ക്കാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത് വിപണിയില്‍ ഷീറ്റ് റബറിന്റെ ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
ചെങ്കടല്‍ മേഖലയിലടക്കമുള്ള ആഗോള കപ്പല്‍ ഗതാഗത തടസങ്ങളും കണ്ടെയ്‌നര്‍ ക്ഷാമവും കാരണം വിദേശത്തുനിന്ന് റബര്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് ഗണ്യമായി വര്‍ധിച്ചതും വില ഉയരാന്‍ കാരണമായിട്ടുണ്ട്.
റബര്‍ കൃഷിയുടെ ഭാവിയും വിപണിയിലെ വിലസ്ഥിരതയും ?
വില എത്രകാലം ഉയര്‍ന്നുനില്‍ക്കുമെന്നതിനെ സംബന്ധിച്ച ആശങ്കകള്‍ പലരും പങ്കുവെയ്ക്കുന്നുണ്ടെങ്കിലും കുറേക്കാലത്തേക്കെങ്കിലും വില കുറയാനിടയില്ലായെന്നാണ് വിപണി നിരീക്ഷിക്കുന്ന വ്യാപാരികള്‍ പറയുന്നത്. സ്വാഭാവിക റബറിന് ഉയര്‍ന്നുനില്‍ക്കുന്ന ആവശ്യകത തല്‍ക്കാലം ഇല്ലാതാവാന്‍ പോകുന്നില്ലെന്നുവേണം കരുതാന്‍. ഇന്ത്യയിലെ വാഹന, ടയര്‍ വ്യവസായ മേഖലയുടെ വളര്‍ച്ച കാരണം സ്വാഭാവിക റബറിന് ആവശ്യകത തുടരാനാണ് സാധ്യത. ആഭ്യന്തര ഉത്പാദനവും ഉപഭോഗവും തമ്മില്‍ 5.22 ലക്ഷം ടണ്ണിന്റെ കുറവുണ്ടെന്നതും ഒമ്പതു ലക്ഷം മെട്രിക് ടണ്‍ മാത്രമാണ് ആഭ്യന്തര ഉത്പാദനമെന്നതും ആവശ്യകത നിലനിര്‍ത്തും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ റബറിന് വിപണി ഉറപ്പുനല്‍കുന്നു. സംസ്ഥാന സര്‍ക്കാര്‍ റബറിന് 250രൂപ താങ്ങുവില നിശ്ചയിച്ചിട്ടുള്ളതിനാല്‍ റബര്‍ കൃഷിയുടെ ഭാവി സുരക്ഷിതമാണെന്ന സന്ദേശമാണ് നല്‍കുന്നത്. റബര്‍ വില താഴോട്ട് ഇനി പോവില്ലെന്ന പ്രതീക്ഷയില്‍ രംഗം വിട്ടൊഴിഞ്ഞ പല കര്‍ഷകരും കൃഷിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.
ഉല്‍പാദനച്ചെലവും കര്‍ഷകന്റെ ലാഭവും ?
വിപണിയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതോടെ ഉത്പാദന ചെലവ് കണ്ടെത്താനാവുന്നുണ്ടെന്നും കൃഷി ലാഭത്തിലേക്ക് എത്തിയതായും കര്‍ഷകര്‍ പറയുന്നു. ടാപ്പിംഗ് കൂലി, റെയിന്‍ ഗാര്‍ഡ്, വളപ്രയോഗം തുടങ്ങിയവയാണ് കൃഷിയിലെ ഏറ്റവും വലിയ ചെലവ് ആയി വരുന്നത്. കള നിയന്ത്രണം, മണ്ണൊലിപ്പ് തടയല്‍, മഴക്കാലപൂര്‍വ മരുന്ന് തളിക്കല്‍, പട്ട സംരക്ഷണം, ടാപ്പിംഗിനും ഷീറ്റാക്കുന്നതിനുമുള്ള ഉപകരണങ്ങള്‍, റോളര്‍, പുകപ്പുര ചെലവ്, ഗതാഗത ചെലവ് തുടങ്ങി വരുന്ന ചെലവുകളും നിലവിലെ വിലയില്‍ കണ്ടെത്താനാവുന്നുണ്ടെന്നും കൃഷി ആദായകരമായി മുന്നോട്ടുപോകുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.
കേരളത്തിലെ സാഹചര്യത്തില്‍ ഏക്കറിന് പ്രതിവര്‍ഷം ഏകദേശം 60,000 രൂപ മുതല്‍ 1.8 ലക്ഷം രൂപ വരെ (തോട്ടത്തിന്റെ പ്രായവും തൊഴിലാളി ലഭ്യതയും അനുസരിച്ച്) പരിപാലന ചെലവുകള്‍ വരാറുണ്ടെന്നാണ് കണക്ക്. ഒരേക്കര്‍ തോട്ടമുള്ള ഒരു കുടുംബത്തിന്, സ്വന്തമായി ടാപ്പിംഗ് നടത്തി ഷീറ്റാക്കി മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ മറ്റൊരു ജോലിക്കും പോയില്ലെങ്കിലും സുഭിക്ഷമായി കഴിയാനുള്ള വക റബര്‍ നല്‍കുമെന്നതാണ് അവസ്ഥ.
പുതിയ തൈകള്‍ നടുന്നതിന് അനുയോജ്യമായ സാഹചര്യമാണോ?
കേരളത്തില്‍ സാധാരണ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് പുതിയ തൈകകള്‍ നടുന്നത്. തുടര്‍ച്ചയായി മഴ ലഭിക്കുമെന്നതാണ് അനുകൂലഘടകം. മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടെങ്കിലേ തൈകള്‍ക്ക് വേരുറപ്പിക്കാനാവൂ. നവംബര്‍ മുതല്‍ മഴ കുറയുകയും ചൂട് കൂടുകയും ചെയ്യുന്നതിനാല്‍ ഇപ്പോള്‍ തൈകള്‍ നട്ടാല്‍ അവ ഉണങ്ങിപ്പോകാന്‍ സാധ്യത കൂടുതലാണ്. ജലസേചന സൗകര്യമുണ്ടെങ്കില്‍ പോലും പൊള്ളുന്ന വെയിലില്‍ തൈകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. വരുന്ന മഴക്കാലത്ത് തൈകള്‍ നടാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കാട് വെട്ടിത്തെളിച്ച് സ്ഥലം വൃത്തിയാക്കാം. ഏപ്രില്‍-മെയ് മാസങ്ങളില്‍ കുഴികള്‍ എടുത്ത് മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് മൂടാം. റബര്‍ ബോര്‍ഡിന്റെ അംഗീകൃത നഴ്‌സറികളില്‍ നിന്ന് 105, 600 തുടങ്ങിയ മികച്ച ഇനം പോളിബാഗ് തൈകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുകയുമാവാം.
റബര്‍ ടാപ്പിങ് വീണ്ടും സജീവമായോ ?
വില ഉയര്‍ന്നതോടെ ടാപ്പിങ് വീണ്ടും സജീവമായിട്ടുണ്ട്. പരമാവധി ടാപ്പ് ചെയ്ത് പാലെടുക്കുക എന്നതാണ് ഇപ്പോള്‍ കര്‍ഷകരുടെ മനസിലുള്ളത്. വില തകര്‍ച്ചമൂലം കഴിഞ്ഞ പത്തുവര്‍ഷമായി കാടുപിടിച്ചുകിടന്ന പല ചെറുകിട തോട്ടങ്ങളും വെട്ടിത്തെളിച്ച് കര്‍ഷകര്‍ ടാപ്പിംഗിന് അനുകൂലമാക്കിയിട്ടുണ്ട്. മുറിക്കാറായ മരങ്ങള്‍ പാട്ടത്തിനെടുക്കാനും ആവശ്യക്കാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം ടാപ്പിംഗിന് ആളെക്കിട്ടാത്തത് പല ചെറുകിട കര്‍ഷകര്‍ക്കും ഇപ്പോഴും വെല്ലുവിളിയാകുന്നുണ്ട്.
ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങള്‍ ?
ടാപ്പ് ചെയ്യാതെ കിടക്കുന്ന റബര്‍ തോട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റബര്‍ ബോര്‍ഡ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി രൂപം നല്‍കിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഐഎന്‍ആര്‍ കണക്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം. പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്കും വിശേഷിച്ച് കേരളത്തിന്റെ പ്രധാന നാണ്യവിളയായ റബര്‍ കൃഷിയിലേക്കും ആകര്‍ഷിക്കുകയാണ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് 1.76 ലക്ഷം ഹെക്ടര്‍ റബര്‍ തോട്ടങ്ങള്‍ ടാപ്പ് ചെയ്യാതെ കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്തരം തോട്ടങ്ങള്‍ ഏറ്റെടുത്ത് ടാപ്പിങ് പുനരാരംഭിക്കുന്നതിനും ഉല്‍പാദനക്ഷമമാക്കുന്നതിനും സഹായിക്കുകയാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.
മേഖലയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഒരുമിച്ചെത്താനും പരസ്പരം ബന്ധപ്പെടാനും കഴിയുന്ന പൊതുവേദിയാണ്. റബര്‍ കര്‍ഷകര്‍, ടാപ്പിങ് തൊഴിലാളികള്‍, തോട്ടങ്ങള്‍ ഏറ്റെടുത്ത് ടാപ്പിങ് നടത്താന്‍ താല്‍പര്യമുള്ള ഏജന്‍സികള്‍ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം.
ടാപ്പിങ് തൊഴിലാളികളുടെ കുറവ്, ടാപ്പിങ് ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യമുള്ള ഏജന്‍സികളെയും തൊഴിലാളികളെയും തോട്ടമുടമകളുമായി ബന്ധിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ നിരവധി റബര്‍ തോട്ടങ്ങള്‍ ടാപ്പിങ് നടത്താതെ കിടക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും പ്രകൃതിദത്ത റബര്‍ മേഖലയിലെ തോട്ടമുടമകള്‍, ടാപ്പര്‍മാര്‍, ടാപ്പിങ് ഏജന്‍സികള്‍ എന്നിവര്‍ക്കിടയില്‍ ഫലപ്രദമായ ബന്ധം സ്ഥാപിക്കുകയും ചെയ്യുകയാണ് ഐഎന്‍ആര്‍ കണക്ട് ലക്ഷ്യമിടുന്നത്.
സഹായങ്ങളും പുനര്‍കൃഷി പദ്ധതികളും ?
റബര്‍ പുനര്‍കൃഷി ചെയ്യുന്നതിനും പുതിയ കൃഷിക്കും റബര്‍ ബോര്‍ഡ് ധനസഹായം നല്‍കുന്നുണ്ട്.
കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിക്കും പദ്ധതിക്കും അനുസരിച്ച് ഹെക്ടറിന് ഏകദേശം 40,000രൂപ മുതല്‍ 50,000 രൂപ വരെയാണ് ധനസഹായം ലഭ്യമാകുന്നത് (പദ്ധതി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇത് വ്യത്യാസപ്പെടാം). കൂടാതെ സ്‌പ്രേ ചെയ്യുന്നതിനും മറ്റുമായി ഹെക്ടറിന് 4,000 വരെ പ്രത്യേക സഹായവും നല്‍കുന്നുണ്ട്. കേരള കൃഷി വകുപ്പിന്റെ 'കേര' പദ്ധതി പ്രകാരം റബര്‍ പുനര്‍കൃഷിക്ക് ഹെക്ടറിന് 75,000 വരെ ധനസഹായം ലഭ്യമാണ്. എന്നാല്‍ ഒരേ സ്ഥലത്തെ കൃഷിക്ക് റബര്‍ ബോര്‍ഡിന്റെയും കേര പദ്ധതിയുടെയും ആനുകൂല്യങ്ങള്‍ ഒരേസമയം ഒരുമിച്ച് ലഭിക്കില്ല.
മഴക്കാലത്ത് ടാപ്പിംഗ് മുടങ്ങാതെ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മഴക്കാല കവറുകള്‍ സ്ഥാപിക്കാന്‍ സഹായവുമുണ്ട്. സ്‌പ്രേയറുകള്‍, ഡസ്റ്ററുകള്‍, റബര്‍ ഷീറ്റിംഗ്, റോളര്‍, ലാറ്റക്‌സ് കളക്ഷന്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ സബ്‌സിഡി, ഗ്രൂപ്പ് പ്രൊസസിംഗ് സെന്ററുകളുടെ ആധുനികവല്‍ക്കരണം, ഗ്രൂപ്പ് ഫോര്‍മേഷന്‍ എന്നിവയ്ക്കുള്ള സഹായവുമുണ്ട്.
ടാപ്പിംഗ് നടത്താന്‍ ആളില്ലാതെ കിടക്കുന്ന റബര്‍ തോട്ടങ്ങള്‍ ഉടമകളെയും ടാപ്പര്‍മാരെയും ഏജന്‍സികളെയും തമ്മില്‍ ബന്ധിപ്പിച്ച് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം,
ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ റബറിനെ പരിഷ്‌കരിക്കുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികളെല്ലാം എടുത്തുപറയാവുന്നതാണ്.
റബര്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സര്‍വീസ് പോര്‍ട്ടല്‍ മുഖേനയാണ് ധനസഹായങ്ങള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ഉടമസ്ഥാവകാശ രേഖകള്‍, ബാങ്ക് പാസ്ബുക്ക് (ആധാറുമായി ബന്ധിപ്പിച്ചത്), അംഗീകൃത നഴ്‌സറികളില്‍ നിന്ന് വാങ്ങിയ തൈകളുടെ രേഖകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഉയര്‍ന്ന റബര്‍ വിലയുടെ പ്രയോജനം ?
റബര്‍ വില കിലോയ്ക്ക് 300രൂപ എന്ന ചരിത്രപരമായ ഉയരത്തില്‍ എത്തിയിട്ടുണ്ടെങ്കിലും അതിന്റെ പൂര്‍ണമായ സാമ്പത്തിക പ്രയോജനം കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഉല്‍പ്പാദനച്ചെലവിലുണ്ടായ വന്‍ വര്‍ധനവും ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമവും കാലാവസ്ഥാ വ്യതിയാനവുമാണ് കര്‍ഷകരുടെ ലാഭവിഹിതം കുറയ്ക്കുന്നത്.
രാസവളം, ആസിഡ്, മറ്റ് കാര്‍ഷിക സാമഗ്രികള്‍ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വിലക്കയറ്റത്തിന് ആനുപാതികമായി പരിപാലനച്ചെലവുകളും വര്‍ധിക്കുന്നത് ചെറുകിട കര്‍ഷകരുടെ ലാഭം കുറയ്ക്കുന്നു. വൈദഗ്ധ്യമുള്ള ടാപ്പിംഗ് തൊഴിലാളികളെ കിട്ടാനില്ലാത്തതും മരമൊന്നിന് നല്‍കേണ്ട കൂലി നിരക്ക് കുത്തനെ ഉയര്‍ന്നതും ചെറുകിട തോട്ടങ്ങളെ ബാധിക്കുന്നു. പല തൊഴിലാളികളും വലിയ തോട്ടങ്ങളിലേക്കോ വരുമാനം പങ്കിടുന്ന (ഷെയര്‍ ടാപ്പിംഗ്) രീതിയിലേക്കോ മാറുന്നത് ചെറുകിട കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. കനത്ത മഴയും തുടര്‍ന്നുള്ള കടുത്ത വേനലും കാരണം ടാപ്പിംഗ് ദിനങ്ങള്‍ കുറയുകയും റബര്‍ പാല്‍ ഉല്‍പ്പാദനം ഗണ്യമായി ഇടിയുകയും ചെയ്തു. റബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന ഉയര്‍ന്ന വില ലഭിക്കുന്നത് ആര്‍.എസ്.എസ് നാല് പോലുള്ള ഉയര്‍ന്ന ഗ്രേഡ് ഷീറ്റുകള്‍ക്ക് മാത്രമാണ്. എന്നാല്‍ പുകപ്പുരകളുടെ അഭാവം മൂലം ചെറുകിട കര്‍ഷകരില്‍ ഭൂരിഭാഗവും ഒട്ടുപാലും ലാറ്റക്‌സുമാണ് വില്‍ക്കുന്നത്. ഇതിന് താരതമ്യേന കുറഞ്ഞ വിലയേ ലഭിക്കുന്നുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉല്‍പ്പാദന പ്രോത്സാഹന പദ്ധതി പ്രകാരം താങ്ങുവില 250 രൂപയായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും, നിലവിലെ വിപണി വില അതിനേക്കാള്‍ മുകളിലായതിനാല്‍ സബ്‌സിഡി ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.
സ്വന്തമായി ടാപ്പിംഗ് ചെയ്യുന്ന ചെറുകിട തോട്ടമുടമകള്‍ക്ക് വില ഉയര്‍ന്നത് ആശ്വാസമാണ്. പലരും ടാപ്പിംഗുകാരെ ഒഴിവാക്കി സ്വന്തം നിലയ്ക്ക് തന്നെ ടാപ്പിംഗ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കൃത്യമായ പരിപാലനവും പുകപ്പുര സൗകര്യങ്ങളുമുള്ള വലിയ തോട്ടങ്ങള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് റബര്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതിനാല്‍ വിപണിയിലെ റെക്കോര്‍ഡ് വില അവര്‍ക്ക് മുതലാണ്. വില കുറഞ്ഞിരുന്ന സമയത്ത് വില്‍ക്കാതെ റബര്‍ ഷീറ്റുകള്‍ സൂക്ഷിച്ചു വെച്ചിരുന്ന കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഇപ്പോഴത്തെ വിലക്കയറ്റം മികച്ച ലാഭം നല്‍കുന്നു.
ഇപ്പോഴത്തെ റബര്‍ വിലയും കഴിഞ്ഞ വര്‍ഷങ്ങളിലെ വിലയുമായുള്ള താരതമ്യം?
2026 നവംബര്‍ 12ലെ റബര്‍ ബോര്‍ഡ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോട്ടയം വിപണിയില്‍ ആര്‍.എസ്.എസ് നാലിന് കിലോയ്ക്ക് 293.00രൂപ ആണ് വില. നവംബര്‍ ആദ്യവാരം ചരിത്രത്തിലാദ്യമായി റബര്‍ വില 300 എന്ന സര്‍വകാല റെക്കോര്‍ഡ് കടന്നതിന് ശേഷമാണ് വിപണിയില്‍ ഈ നിരക്കില്‍ വ്യാപാരം നടക്കുന്നത്. 2026 ജനുവരിയില്‍ 192 രൂപ ആയിരുന്നു വില.
2025 -2026 (സാമ്പത്തിക വര്‍ഷം) 197.32 രൂപയാണ് വാര്‍ഷിക ശരാശരി. 2025 നവംബറില്‍ കേരള സര്‍ക്കാര്‍ താങ്ങുവില 200രൂപ ആക്കി ഉയര്‍ത്തി.
2024 - 2025ല്‍ 199.85രൂപയാണ് വാര്‍ഷിക ശരാശരി. 2024 ഓഗസ്റ്റില്‍ വില 237.54 രൂപ വരെ ഉയര്‍ന്നിരുന്നു.
2011 - 2012 (പഴയ റെക്കോര്‍ഡ്)208.08രൂപ വാര്‍ഷിക ശരാശരി. 2011 ഏപ്രിലില്‍ 243രൂപ വരെ വില എത്തിയതായിരുന്നു മുന്‍പത്തെ റെക്കോര്‍ഡ്.
70 12 23 03 34




0 Comments