വാർത്ത വന്നപ്പോൾ "ചൂണ്ടിയ " സാധനങ്ങൾ വീണ്ടും ഫാക്ടറി വളപ്പിൽ.... കരൂരിലെ മീനച്ചിൽ റബ്ബർ ഫാക്ടറിയിൽ നിന്ന് മോഷണം പോയ മെഷീൻ കവറുകളാണ് ഫാക്ടറി വളപ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.... സാധനം കിട്ടിയെങ്കിലും കേസ്സുമായി മുന്നോട്ടു പോകുമെന്ന് ഭരണസമിതിയിലെ പ്രമുഖൻ .... കാര്യങ്ങൾ മറയ്ക്കാൻ ശ്രമിച്ച് ഫാക്ടറിയിലെ ഉദ്യോഗസ്ഥ നേതൃത്വവും...




സുനിൽ പാലാ

"യെസ് വാർത്ത "യിലും "കേരളകൗമുദി" യിലും മോഷണ വാർത്ത വന്നതുകൊണ്ട് ഗുണമുണ്ടായി;
വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് & പ്രോസസ്സിംഗ് സൊസൈറ്റിയുടെ കരൂര്‍ വെള്ളഞ്ചുരിലെ ഫാക്ടറിയിൽ നിന്നും മോഷണം പോയ നാലു മെഷീൻ കവറുകളും ഇന്നലെ തിരികെ കിട്ടി! 

കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിച്ചു;  മോഷ്ടാക്കൾ ഈരാറ്റുപേട്ടയിലെ ആക്രിക്കടയിൽ അര ലക്ഷത്തോളം രൂപയ്ക്ക് വിറ്റ സാധനം ഇന്നലെ രാത്രി കരൂരിലെ ഫാക്ടറി കോമ്പൗണ്ടിലെ കാട്ടുപളളകൾക്കിടയിൽ  കണ്ടെത്തി! 

വിവരമറിഞ്ഞ് ഫാക്ടറി മേധാവികൾ സ്ഥലത്തെത്തി സാധനങ്ങൾ തിരികെ എടുത്തു. നഷ്ടപ്പെട്ട കവറുകളെല്ലാം തിരികെ കിട്ടിയതായി ഫാക്ടറി എം.ഡി. പ്രീത പറഞ്ഞു. 

എന്നാൽ തിരികെ കിട്ടിയ വസ്തുക്കളുടെ ചിത്രമെടുത്ത ഫാക്ടറി മേധാവികൾ ആ ചിത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോട് താൽപ്പര്യം കാട്ടിയില്ല.




സാധനങ്ങൾ കാട്ടുപളളകൾക്കിടയിൽ കണ്ടെത്തി  തിരികെ എടുക്കുന്നതിൻ്റെ വീഡിയോയും ഫോട്ടോയും ഫാക്ടറിയിലെ മുതിർന്ന ജീവനക്കാർക്കും, ഭരണ സമിതി അംഗങ്ങൾക്കും അയച്ചുകൊടുക്കാൻ നിർദ്ദേശിച്ച മാനേജിംഗ് ഡയറക്ടർ പക്ഷേ ഈ ചിത്രങ്ങൾ  മാധ്യമങ്ങൾക്ക് നൽകാൻ തയ്യാറായില്ല. ഫോട്ടോ നൽകാമെന്ന് ആദ്യം അറിയിച്ച ഫാക്ടറി മേധാവികൾ പക്ഷേ  പിന്നീട് മലക്കം മറിഞ്ഞു. 

ഇതേ സമയം മോഷണം പോയ വസ്തുക്കൾ തിരികെക്കിട്ടിയെങ്കിലും ഇതു സംബന്ധിച്ച കേസ്സ് പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് ഭരണസമിതിയിലെ ഒരു പ്രമുഖ അംഗം പറഞ്ഞു.

"പാർട്ടി ചെയർമാൻ കൂടി ഇടപെട്ടാണ് കോട്ടയം പൊലീസ് ചീഫിന് പരാതി കൊടുത്തത്. സംഭവം വാർത്തയായപ്പോൾ പ്രതികൾ കുടുങ്ങുമെന്ന് ഉറപ്പായി. ഇതോടെ "ചിലരൊക്കെ " പ്രതികൾക്ക് വേണ്ടി ശുപാർശയുമായി ഇറങ്ങി. സംഗതി പ്രശ്നമാകും എന്നറിഞ്ഞപ്പോഴാണ്  മോഷണ വസ്തു തിരികെ എത്തിച്ച് ഒത്തുതീർപ്പിനു ശ്രമിച്ചത്. ആരെങ്കിലും മോഷണം നടത്തിയിട്ട് പിടി വീഴുമെന്നറിയുമ്പോൾ മോഷണ മുതൽ  തിരികെ തന്നാൽ പ്രശ്നം തീരുമോ?... കേസ്സ് കേസ്സിൻ്റെ വഴിയ്ക്ക് പോകും. അത് പിൻവലിക്കുന്ന പ്രശ്നമില്ല." - ഭരണ സമിതിയിലെ പ്രമുഖൻ തുറന്നടിച്ചു.

പൂട്ടിപ്പോയ മീനച്ചിൽ   ഫാക്ടറിയുടെ അടിവേര് വരെ മാന്തുന്ന രീതിയില്‍ മോഷണം തുടർച്ചയായി നടക്കുകയാണ്.

 ഫാക്ടറിയിലെ മെഷീനുകളുടെ കവറുകള്‍ മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. ഫാക്ടറി പുനരാരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചുവരുന്നതിനിടെയാണ് വിലപ്പെട്ട വസ്തുക്കള്‍ മോഷണം പോയിരുന്നത്. 

സൊസൈറ്റിയുടെയും ഫാക്ടറിയുടെയും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്. 

മേലിൽ യാതൊരു സാധനങ്ങളും അടിച്ചു മാറ്റാൻ അനുവദിക്കില്ലെന്നും കവറുകളുടെ  മോഷണത്തെപ്പറ്റി കോട്ടയം എസ്. പി. തലത്തിൽ തന്നെ പരാതി കൊടുത്ത് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും ഭരണ സമിതി അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. സംഭവം മാധ്യമ വാർത്തകൾ ആയതോടെ അങ്കലാപ്പിലായ പ്രതികൾ ചിലരെ സ്വാധീനിച്ച് സംഭവം ഒതുക്കുകയും കേസ്സില്ലാതാക്കാൻ മോഷണമുതൽ തിരികെ ഫാക്ടറി വളപ്പിൽ തള്ളുകയുമായിരുന്നു.




ഇതിന് മുമ്പ് പലവട്ടം ഇവിടെ നിന്ന് വീപ്പകളും ഫാനുകളും ഉള്‍പ്പെടെ മോഷണം പോയിരുന്നു. ഫാക്ടറിക്കുള്ളില്‍ കിടക്കുന്ന വാഹനങ്ങളുടെ ടയറും ബാറ്ററിയും വരെ കടത്തിക്കൊണ്ടുപോയ സംഭവവുമുണ്ടായിരുന്നു. ഇതിൽ പല സംഭവങ്ങളിലും ഫാക്ടറി മാനേജ്മെൻറും ഉദ്യോഗസ്ഥമേധാവികളും കണ്ണടയ്ക്കുകയായിരുന്നു. 




ഇതേ സമയം  നിലവിലെ ഭരണ സമിതിയിലെ ഒരു പ്രമുഖൻ ഇത്തവണത്തെ മോഷണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ഇത് പൊലീസ് കേസ്സെങ്കിലുമായത്. കേസ്സ് പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് ഇപ്പോൾ  ആവർത്തിക്കുന്നതും ഇദ്ദേഹം മാത്രമാണ്.






കേവലം ഇരുപത് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം പേർ വായിച്ച
"യെസ് വാർത്താ
ഓൺലൈൻ പത്രത്തിൽ വാർത്തകളും പരസ്യങ്ങളും 
കൊടുക്കാൻ വിളിക്കേണ്ട നമ്പർ
70 12 23 03 34

Post a Comment

0 Comments