കൊഴുവനാല്‍ പഞ്ചായത്തിലെ ഹൈമാസ്റ്റ് ലൈറ്റ് വിഷയത്തിന് ജില്ലാ പഞ്ചായത്തിന്റെ ഷോക്ക്...അടിയന്തിരമായി വൈദ്യുതി കണക്ഷന്‍ കൊടുക്കണമെന്ന് കൊഴുവനാല്‍ പഞ്ചായത്ത് സെക്രട്ടറിയോട് ജില്ലാ പഞ്ചായത്ത് അധികൃതര്‍... ഈ വിഷയത്തില്‍ ഇന്ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയിലെ അജണ്ട ക്രമവിരുദ്ധമെന്ന് പ്രതിപക്ഷം... പ്രസിഡന്റ് ഇത് ഇത്രയും വഷളാക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ഭരണപക്ഷാംഗം... ലൈറ്റ് തെളിയിപ്പിക്കാതിരിക്കാനാണ് പ്രതിപക്ഷത്തെ ചിലരുടെ ശ്രമമെന്ന് പ്രസിഡന്റ്...





സ്വന്തം ലേഖകന്‍

കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ പന്ന്യാമറ്റം പട്ടികജാതി കോളനിയിലെ ഹൈമാസ്റ്റ് ലൈറ്റിന് വൈദ്യുതി കണക്ഷന്‍ നല്‍കല്‍ വച്ചുതാമസിപ്പിച്ച വിഷയം ഇന്ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയെ ശബ്ദായമാനമാക്കി. 

 

പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജിന്റെ വാര്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിന് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള അപേക്ഷയായിരുന്നു കമ്മറ്റിയിലെ അജണ്ടയിലുണ്ടായിരുന്നത്. എന്നാല്‍ ഈ അജണ്ട ക്രമവിരുദ്ധമാണെന്നും ഇതിനായി ജില്ലാ പഞ്ചായത്തില്‍ നിന്ന് 2021-22 കാലഘട്ടത്തില്‍ ലഭിച്ച കത്തും ഇന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് ലഭിച്ച ഹൈമാസ്റ്റ് ലൈറ്റിന് വൈദ്യുതി ലഭ്യമാക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തോട് കൂടിയ കത്തും ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷത്തെ അഡ്വ. അനീഷ്, മെര്‍ളിന്‍ തുടങ്ങിയ മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു. 

കൊഴുവനാല്‍ പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെയാണ് ജില്ലാ പഞ്ചായത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതെങ്കില്‍ ആ വിഷയവും ചര്‍ച്ച ചെയ്യണം. പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് എതിരാണെന്ന മട്ടിലാണ് ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലും പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ പാവപ്പെട്ടവര്‍ അധിവസിക്കുന്ന ഒരു കോളനിയില്‍ ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കുന്നതിന് ഏഴ് മാസം വൈകിച്ചു എന്നതിന് കൃത്യമായ ഉത്തരമാണ് കിട്ടേണ്ടത്. 

സ്വന്തം വാര്‍ഡിലെ ജനങ്ങളോടെങ്കിലും ഒരു മെമ്പര്‍ കടമയും കടപ്പാടും കാണിക്കേണ്ടതുണ്ട്, അഡ്വ അനീഷ് ജി. പറഞ്ഞു. പിന്നീട് ഹൈമാസ്റ്റ് ലൈറ്റിന് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് സമിതി തീരുമാനിച്ചു. 




ഇതേസമയം ഈ വിഷയം ഇത്രയും വഷളാക്കേണ്ട കാര്യമില്ലായിരുന്നുവെന്നും ഇന്നത്തെ പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് ഉരുണ്ടുകളിക്കുകയാണ് ഉണ്ടായതെന്നും ഭരണപക്ഷത്തെ തന്നെ ഒരംഗം പറഞ്ഞു.

കഴിഞ്ഞ ഏഴ് മാസമായി വൈദ്യുതി ലഭ്യമാക്കാതെ പഞ്ചായത്ത് അധികൃതര്‍ പന്ന്യാമറ്റം കോളനിയിലെ ലൈറ്റ് തെളിക്കല്‍ നീട്ടിക്കൊണ്ട് പോയതിനെതിരെ ജില്ലാ പഞ്ചായത്ത് അധികാരികളും രംഗത്തുവന്നു. എത്രയുംവേഗം വൈദ്യുതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇന്ന് രാവിലെ കൊഴുവനാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. 





 
ഇതും പ്രശ്‌നമായേക്കുമെന്ന് മനസ്സിലായതോടെയാണ് തങ്ങളാണ് വൈദ്യുതി ലഭിക്കാന്‍ കാരണക്കാരായതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഭരണനേതൃത്വത്തിന്റെ തന്ത്രമാണ് ഇന്നത്തെ പഞ്ചായത്ത് സമിതി തീരുമാനത്തിലൂടെ വെളിവായതെന്നും പ്രതിപക്ഷാംഗങ്ങള്‍ പറയുന്നു.

ഇതേസമയം കോളനിയില്‍ ലൈറ്റ് തെളിക്കാനുള്ള നീക്കം ഏത് വിധേനയും തടസ്സപ്പെടുത്താനാണ് പ്രതിപക്ഷത്തെ കുറച്ച് അംഗങ്ങള്‍ ശ്രമിച്ചതെന്ന് കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് പറഞ്ഞു. വിഷയം വീണ്ടും നീട്ടിക്കൊണ്ട് പോകാനാണ് ചിലര്‍ ശ്രമിച്ചതെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. 
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments