കൊഴുവനാൽ പന്ന്യാമറ്റം കോളനി ലൈറ്റ് സ്ഥാപിക്കല്‍.... ഉടന്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്..... അനുമതി പത്രത്തിനായി 12 തവണ പഞ്ചായത്തോഫീസിൽ ചെന്നിട്ടും നടപടിയുണ്ടായില്ലെന്ന് കെൽ അധികൃതർ രേഖാമൂലം ജില്ലാ പഞ്ചായത്തിനെ അറിയിച്ചു.... കോളനിയിലെ ലൈറ്റുകൾക്ക് വൈദ്യുതി കണക്ഷനെടുക്കാൻ ഇന്നലെ പഞ്ചായത്ത് കമ്മിറ്റി അനുവാദം നൽകിയെങ്കിലും ഇക്കാര്യത്തിൽ 7 മാസത്തെ കാലതാമസം വരുത്തിയത് ആര് എന്ന ചോദ്യമുയരുന്നു.... ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടേയും കെൽ അധികൃതരുടെയും കത്തിൻ്റെ കോപ്പി "യെസ് വാർത്ത "യ്ക്ക് ലഭിച്ചു




സുനിൽ പാലാ

കൊഴുവാനാല്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡായ പന്ന്യാമറ്റം പട്ടികജാതി കോളനിയില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കൊഴുവനാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി.


ഏഴ് മാസം മുമ്പ് ലൈറ്റുകള്‍ സ്ഥാപിച്ചപ്പോൾ തന്നെ കെല്‍ പ്രതിനിധികള്‍ വൈദ്യുതി കണക്ഷനു വേണ്ട പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും  യഥാസമയം തുടര്‍നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചില്ല എന്നാണാരോപണം.

ലൈറ്റ് സ്ഥാപിച്ച കെല്‍ പ്രതിനിധികള്‍ (കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി) കുറഞ്ഞത് 12 തവണയെങ്കിലും പഞ്ചായത്ത് ഓഫീസില്‍ എത്തിയെങ്കിലും അനുവാദം നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെത്രേ..

തങ്ങള്‍ സ്ഥാപിച്ച ലൈറ്റിനുള്ള വൈദ്യുതി കണക്ഷന്‍ അനുമതി പത്രത്തിനായി കുറഞ്ഞത് 12 തവണയെങ്കിലും പഞ്ചായത്ത് ഓഫീസില്‍ എത്തിയെന്ന് കെല്‍ പ്രതിനിധികള്‍ രേഖാമൂലം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിരിക്കുകയാണ്. 




ലൈറ്റ് സ്ഥാപിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് പന്ന്യാമറ്റം കോളനി നിവാസികള്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.  

കെല്ലിന്റെയും നാട്ടുകാരുടെയും പരാതി കണക്കിലെടുത്താണ് എത്രയുംവേഗം മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊഴുവനാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്നലെ കത്ത് നല്‍കിയത്.

കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വൈദ്യുതി കണക്ഷന് അപേക്ഷ കെ.എസ്.ഇ.ബി. ഓഫീസില്‍ നല്‍കാത്തതിനാലാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 



പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാര്‍ഡിലെ ഹൈമാസ്റ്റ് ലൈറ്റിനെ ചൊല്ലി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറും തമ്മില്‍ രൂക്ഷമായ തര്‍ക്കവും ഉണ്ടായിരുന്നു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ കർശന നിർദ്ദേശം പൊല്ലാപ്പാകുമെന്ന് വ്യക്തമായതോടെ ഇന്നലെ പഞ്ചായത്തു ഭരണ നേതൃത്വം  ലൈറ്റുകൾക്ക് വൈദ്യുതി കണക്ഷനെടുക്കാൻ തിരക്കിട്ട് തീരുമാനമെടുക്കുകയായിരുന്നൂവെന്ന് പ്രതിപക്ഷാംഗങ്ങൾ പറയുന്നു. നിയമപരമായാണ് ലൈറ്റ് സ്ഥാപിച്ചതെങ്കിൽ പാവപ്പെട്ട കോളനിക്കാർക്ക് വെളിച്ചമെത്തിക്കുന്ന പദ്ധതി മനപ്പൂർവ്വം ഏഴുമാസം  വൈകിച്ച അധികാരികൾ ജനത്തോട് മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments