ഒടുവിൽ കൊഴുവനാൽ പഞ്ചായത്ത് ഭരണ നേതൃത്വം അയയുന്നു.... പന്ന്യാമറ്റം കോളനിയിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന് അനുമതി കൊടുക്കാൻ തയ്യാറാണെന്ന് പ്രസിഡൻ്റ്.... അടുത്ത പഞ്ചായത്ത് കമ്മിറ്റിക്ക് ശേഷം അനുമതി കൊടുക്കും..... ഇതേ സമയം ജന രോഷം ഭയന്നാണ് ഇപ്പോൾ കോളനിയിലെ ലൈറ്റിന് അനുമതി കൊടുക്കാൻ പ്രസിഡൻ്റ് തയ്യാറായതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്‌ക്കൽ..... പൊതുസമക്ഷം കള്ളം വിളിച്ചു പറയുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്ന് രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ട് പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളും....രേഖകളും ഹാജരാക്കി പ്രതിപക്ഷം.




സ്വന്തം ലേഖകൻ


 പൊതുസമക്ഷം കള്ളം വിളിച്ച് പറഞ്ഞ് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയും പഞ്ചായത്തില്‍ നടക്കുന്ന വികസനപദ്ധതികള്‍ക്കെല്ലാം തുരങ്കം വയ്ക്കുകയും ചെയ്യുന്ന കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്ന് പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി മറ്റം, മെര്‍ളിന്‍ ജെയിംസ്, ആനീസ് കുര്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ പന്നിയാമറ്റം കോളനി റോഡ് സംബന്ധിച്ച് യാതൊരുവിധ ചര്‍ച്ചയും നടക്കുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലാത്തതാണ്. പഞ്ചായത്ത് രാജിനെക്കുറിച്ചും കമ്മറ്റിയെക്കുറിച്ചും കാര്യമായ അവബോധം ഇല്ലാത്തതുകൊണ്ടാവാം പഞ്ചായത്ത് കമ്മറ്റിയുടെ അജണ്ടയില്‍ ഇല്ലാത്ത വിഷയം ചര്‍ച്ച ചെയ്തെന്ന്  പഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളോട്  പറഞ്ഞത്.
 
 


 അന്ന് നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഈ വിഷയം അജണ്ടയില്‍ വരികയോ ചര്‍ച്ചയ്‌ക്കെടുക്കുകയോ ചെയ്യാതെ ഈ വിഷയം ചര്‍ച്ച ചെയ്തുവെന്ന് പ്രസിഡന്റ് പറഞ്ഞത് പച്ചകള്ളമാണ്.

കൊഴുവനാല്‍ പഞ്ചായത്തില്‍ എം.എല്‍.എ. ഫണ്ടിലും ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലും ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന എല്ലാ വികസന പദ്ധതികളും നടപ്പിലാക്കിക്കാതിരിക്കാന്‍ രണ്ടു വര്‍ഷമായി പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് സ്ഥിരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ മെമ്പർമാർ ആരോപിച്ചു.

എം.എല്‍.എ. ഫണ്ടിലെ പദ്ധതികള്‍ക്ക് പഞ്ചായത്തിന്റെ ഫേം കമ്മിറ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാതെ മാസങ്ങളോളം വച്ചു താമസിപ്പിക്കുകയും എം.എല്‍.എ. വര്‍ക്കിലെ പദ്ധതികള്‍ക്ക് മനപൂര്‍വ്വം തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
ഇതിനെതിരെ  എം.എല്‍.എ. കളക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കളക്ടറുടെ നിര്‍ദ്ദേശാനുസരണം പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പ്രത്യേക ഉത്തരവിറക്കിയാണ് എം.എല്‍.എ. ഫണ്ടിന്റെ ഫേം കമ്മിറ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കൊഴുവനാല്‍ പഞ്ചായത്തില്‍ നിന്നും നല്‍കിയത്. ഇങ്ങനെ എം.എല്‍.എ. വര്‍ക്കുകള്‍ക്ക് പോലും തടസ്സം നില്‍ക്കുന്ന ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  കോട്ടയം ജില്ലയില്‍ വേറെ ഇല്ല. 
 




ജില്ലാപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാര്‍ഡില്‍പ്പെട്ട റോഡ് 6 മീറ്റര്‍ ആക്കി വീതിയെടുത്ത് ഗതാഗതയോഗ്യമാക്കുന്നതിനെ പഞ്ചായത്ത് പ്രസിഡന്റ് എതിര്‍ക്കുന്നത് വാര്‍ഡിലെ ജനങ്ങളോട് തന്നെ കാണിക്കുന്ന വെല്ലുവിളിയല്ലേയെന്നും യു.ഡി. എഫ്. മെമ്പർമാർ ചോദിക്കുന്നു.

പന്നിയാമറ്റം കോളനി റോഡ് 10 സ്ഥലം ഉടമകള്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കിയാണ് 6 മീറ്റര്‍ വീതിയെടുത്തത്. നാലര മീറ്റര്‍ ഉണ്ടായിരുന്ന റോഡ് 6 മീറ്റര്‍ ആക്കി റോഡ് ഇറക്കിക്കെട്ടി റോഡിന് വീതി കൂട്ടിയത് വലിയ അപരാധമാണെന്നാണോ പഞ്ചായത്ത് പ്രസിഡന്റ് ധരിച്ചിരിക്കുന്നത്. എങ്ങനെയും പരാതിപ്പെട്ട് ഈ റോഡ് പണികള്‍ തടസ്സപ്പെടുത്തുക ഒന്നുമാത്രമാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ലക്ഷ്യം.

പന്നിയാമറ്റം പട്ടികജാതി കോളനിയിലെ ഹൈമാസ്റ്റ് ലൈറ്റ് സംബന്ധിച്ച കാര്യങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത് മുഴുവന്‍ പച്ചക്കള്ളമാണ്. ജില്ലാ പഞ്ചായത്തില്‍ നിന്നും കൊഴുവനാല്‍ പഞ്ചായത്തിലെ എല്ലാ പ്രധാന ജംഗ്ഷനിലും പഞ്ചായത്തിലെ ഏക പട്ടികജാതി കോളനിയായ പന്നിയാമറ്റം കോളനിയിലും മിനിഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് കമ്മറ്റി തീരുമാനം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് 8.2.2021 കൊഴുവനാല്‍ പഞ്ചായത്തില്‍ ലഭിക്കുകയുണ്ടായി. 8.2.2021 ലെ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് 23.02.2021 ലെ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ജില്ലാ പഞ്ചായത്ത് തന്ന ലിസ്റ്റില്‍പ്പെട്ട കുറെ സ്ഥലങ്ങള്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുവദിക്കുകയും ചെയ്തു. 

എന്നാല്‍ പന്നിയാമറ്റം  പട്ടികജാതി കോളനി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് കമ്മറ്റി തീരുമാനം കൊടുക്കുവാന്‍ പഞ്ചായത്ത് പ്രസിഡന്റ് മനപ്പൂർവ്വം തയ്യാറായില്ലെന്ന് യു.ഡി. എഫ്. മെമ്പർമാർ കുറ്റപ്പെടുത്തി.

വീണ്ടും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് 21.12.2021 ല്‍ ഈ വിഷയം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കുകയും ആയത് 10.01.2022 ലെ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ പന്നിയാമറ്റം പട്ടികജാതി കോളനിയിലും പഞ്ചായത്തിന് പ്രതിവര്‍ഷം 32 ലക്ഷം രൂപയോളം നികുതി നല്കുന്ന മെഡിസിറ്റി ഹോസ്പിറ്റലിനു മുമ്പിലും പഞ്ചായത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ചേര്‍പ്പുങ്കല്‍ പള്ളി ജംഗ്ഷനിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനം നല്കാതെ മനഃപൂര്‍വ്വം പഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്.  

അന്നത്തെ പഞ്ചായത്ത് കമ്മറ്റിയില്‍ പ്രതിപക്ഷപഞ്ചായത്ത് മെമ്പര്‍മാര്‍ മുഴുവന്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുവാദം നല്കണമെന്നാവശ്യപ്പെട്ടെങ്കിലും അനുവാദം നല്കുവാന്‍ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറായില്ല. 

പഞ്ചായത്ത് കമ്മറ്റിയില്‍ എടുക്കാത്ത തീരുമാനങ്ങള്‍ എടുത്തുവെന്നും എടുത്ത തീരുമാനങ്ങള്‍ എടുത്തില്ലെന്നും പറഞ്ഞ് ഉരുണ്ടുകളിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്ന് പഞ്ചായത്ത് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

കൊഴുവനാല്‍ പഞ്ചായത്തില്‍ പദ്ധതിവിഹിതം അനുവദിക്കുന്ന കാര്യത്തിലും പഞ്ചായത്ത് പ്രസിഡന്റ് മനഃസ്സാക്ഷിക്കുനിരക്കാത്ത പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. പ്രതിപക്ഷമെമ്പര്‍മാരുടെ വാര്‍ഡുകളിലേക്ക് ഫണ്ടുകള്‍ കുറച്ചുമാത്രം അനുവദിക്കുകയും അനുവദിക്കുന്ന ഫണ്ടുകള്‍ എങ്ങനെയെങ്കിലും നടപ്പിലാക്കിക്കാതിരിക്കാനുള്ള ശ്രമമാണു നടത്താറുള്ളത്.

പഞ്ചായത്തിലെ എല്ലാ പരിപാടികള്‍ക്കും ഉദ്ഘാടക താന്‍തന്നെയാകണമെന്ന് വാശിപിടിച്ച് മറ്റ് ജനപ്രതിനിധികളെയെല്ലാം പരിപാടികളില്‍ നിന്ന് ഒഴിവാക്കുക കൊഴുവനാല്‍ പഞ്ചായത്തിലെ നിത്യസംഭവമാണ്.


 
 



 
പഞ്ചായത്ത് പ്രസിഡന്റിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ മെമ്പർമാരായ  ആലീസ് ജോയി മറ്റം, മെര്‍ലിന്‍ ജെയിംസ് കോയിപ്രായില്‍, ആനീസ് കുര്യന്‍ ചൂരനോലിൽ എന്നിവര്‍ പറഞ്ഞു. 





 
 
250 ഗുണഭോക്താക്കളുള്ള കൊഴുവനാല്‍ കുടിവെള്ള പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ ആയതിനെതിരെയും പഞ്ചായത്ത് പ്രസിഡന്റ് പരാതിയുമായി ഇറങ്ങി 250 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുവാനും ശ്രമിച്ചതായി  ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസി പൊയ്കയില്‍ പറഞ്ഞു.
പ്രസിഡൻ്റ് വികസന വിരുദ്ധ നയം തിരുത്തിയില്ലെങ്കിൽ ഉപരോധ സമരമുൾപ്പെടെയുള്ള കാര്യങ്ങളുമായി രംഗത്തു വരുമെന്നും പഞ്ചായത്ത് മെമ്പർമാർ മുന്നറിയിപ്പു നൽകി.
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments