"ഒരു കേസെങ്കിലും ജയിച്ചല്ലോ, വളരെ സന്തോഷം..." നഗരസഭയുടെ കേസുകളില്‍ ഒരെണ്ണം കോടതിയിൽ ജയിച്ചതിനെപ്പറ്റി ചെയര്‍മാന്‍ ആന്റോ ജോസ് ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതിപക്ഷത്തെ വി.സി. പ്രിന്‍സിനും സഹപ്രവര്‍ത്തകര്‍ക്കും സന്തോഷം... ; "കൊള്ളാം നല്ലകാര്യം, " പ്രതിപക്ഷത്തിന്റെ അഭിപ്രായം ഉച്ചത്തിലായി.




സുനില്‍ പാലാ

പാലാ നഗരസഭയുമായി ബന്ധപ്പെട്ട് കോടതികളില്‍ നടന്നു വരുന്ന വിവിധ കേസുകളില്‍ തോല്‍വിയുടെ ചരിത്രമാണ് മിക്കവാറുമുണ്ടാകാറുള്ളത്. ഇന്നലത്തെ കൗണ്‍സില്‍ യോഗത്തിലും രണ്ട് കേസുകളുടെ കാര്യം അജണ്ടയില്‍ വന്നു. 

നഗരസഭ സ്യൂട്ട് വിഭാഗത്തില്‍ ഒരു ജീവനക്കാരി ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത കേസില്‍ നഗരസഭയ്ക്ക് വക്കീല്‍ ഫീസ് ഇനത്തില്‍ 15000 രൂപ കൊടുക്കേണ്ടി വന്നെങ്കിലും കേസ് തോറ്റതായിരുന്നു ആദ്യവിഷയം.
 ''പൈസ പോവുകയും ചെയ്തു കേസ്സൊട്ട് ജയിച്ചുമില്ല'' ഭരണപക്ഷത്തെ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ അഭിപ്രായം ഉച്ചത്തിലായി. ഇതുകേട്ട പ്രതിപക്ഷത്തെ വി.സി. പ്രിന്‍സും ഇതോട് ചേര്‍ന്നു; "ഏതെങ്കിലും കേസ് ജയിച്ച ചരിത്രം പറയാനുണ്ടോ...?" പ്രിന്‍സിന്റെ ചോദ്യം ചെയര്‍മാന്‍ ആന്റോ ജോസിനോടായിരുന്നു. 

പിന്നീട് അടുത്ത അജണ്ട വന്നു;  തൊഴിലുറപ്പ് പദ്ധതിയിലേക്ക് പുതിയ ഓവര്‍സിയറെ എടുത്തപ്പോള്‍ പഴയ ഓവര്‍സീയറായിരുന്ന ഒരു വനിത ഹൈക്കോടതിയില്‍ നഗരസഭയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തതും ആ കേസ് തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടിട്ടുള്ള വിവരവും ചെയര്‍മാന്‍ കൗണ്‍സിലിനെ അറിയിച്ചു. 
എന്നിട്ട് വി.സി. പ്രിന്‍സിനോടായി പറഞ്ഞു; "മനസ്സിലായല്ലോ ഈ കേസ് നമ്മള്‍ ജയിച്ചിരിക്കുന്നു... " 

അപ്പോഴായിരുന്നു വി.സി. പ്രിന്‍സിന്റെയും മറ്റ് പ്രതിപക്ഷാംഗങ്ങളുടെയും സന്തോഷവും കമന്റും; ''ഒരു കേസെങ്കിലും ജയിച്ചല്ലോ. സന്തോഷം!' 

ടൗണില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ചില കടകള്‍ റോഡിലേക്ക് ഇറക്കിവച്ചിരിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭരണപക്ഷത്തെ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ അഭിപ്രായത്തോട് പ്രതപിക്ഷത്തെ വി.സി. പ്രിന്‍സും യോജിച്ചു.  

ഇതേ തുടര്‍ന്ന് നഗരത്തില്‍ ചില വ്യാപാരശാലകള്‍ പ്രത്യേകം തട്ടുകള്‍ അടിച്ച് റോഡിലേക്ക് സാധനസാമഗ്രികള്‍ ഇറക്കിവച്ച് കച്ചവടം ചെയ്യുന്നത് കര്‍ശനമായി നിയന്ത്രിക്കാന്‍ ഇന്ന് വൈകിട്ട് ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 

റോഡിലേക്ക് കടകള്‍ ഇറക്കി വച്ചിരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കുമൊക്കെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായി അഡ്വ. ബിനു പുളിക്കക്കണ്ടം ചൂണ്ടിക്കാട്ടി. ഫുട്പാത്ത് കൈയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കണമെന്ന് വി.സി. പ്രിന്‍സും ആവശ്യപ്പെട്ടു.  




ഇന്നത്തെ കൗണ്‍സില്‍ യോഗം സമാധാനപരവും ഒപ്പം സൗഹൃദപരവുമായിരുന്നു.

കൊച്ചിടപ്പാടി വാർഡിലെ റോഡ് പണിയുടെ ഭാഗമായി വൈദ്യുതി പോസ്റ്റുകൾ മാറ്റുന്ന വിഷയം ഉണ്ടായിരുന്നെങ്കിലും വാർഡ് കൗൺസിലർ സിജി ടോണി യോഗത്തിൽ ഹാജരുണ്ടായിരുന്നില്ല. അത്യാവശ്യ കാര്യമുള്ളതിനാൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കില്ലെന്നും പോസ്റ്റുകൾ മാറ്റുന്ന വിഷയം അനുഭാവ പൂർവ്വം പരിഗണിക്കണമെന്നും ആവശ്യപ്പെട്ട്  സിജി, ചെയർമാൻ ആൻ്റോ ജോസിന് നേരത്തേ  കത്തു നൽകിയിരുന്നു. 





സിജിയുടെ അഭാവത്തിൽ  ഈ കത്ത് ചെയർമാൻ ആൻ്റോ ജോസ് കൗൺസിലിൻ്റെ ശ്രദ്ധയിൽ കൊണ്ടു വരികയും വിഷയം അദ്ദേഹം തന്നെ മുൻകൈ എടുത്ത് പാസ്സാക്കിക്കൊടുക്കുകയും ചെയ്തു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments