സുനില്‍ പാലാ
കഴിഞ്ഞ ആറ് മാസത്തിനിടെ മയക്കുമരുന്ന് ഉള്‍പ്പെട്ട കുട്ടികളുടെ കേസുകള്‍ ഇരട്ടിയിലധികമായതായി പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി ലഹരിവിമോചന കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ. ശ്രീജിത്തും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആശാ മരിയ പോളും തെളിവുകള്‍ സഹിതം സമര്‍പ്പിച്ചു. അല്പം മുമ്പ് പാലാ പ്രസ് ക്ലബ്ബില്‍ സംസാരിക്കവെയാണ് ഇരുവരും സമൂഹത്തിലെ യുവതലമുറയുടെ അപകടകരമായ പോക്കിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. 2021 ല്‍ 18 വയസ്സില്‍ താഴെയുള്ളവരുടെ മയക്കുമരുന്ന് കേസുകള്‍ കേവലം 20 എണ്ണം മാത്രമായിരുന്നെങ്കില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് 40 ആയി വര്‍ദ്ധിച്ചു. 18 നും 35 നും ഇടയില്‍ പ്രായമുള്ളവരുടെ മയക്കുമരുന്നു കേസുകള്‍ 2021 ല്‍ 76 എണ്ണമായിരുന്നത് ഇപ്പോള്‍ 100 ആയി ഉയര്‍ന്നു.
വീഡിയോ ഇവിടെ കാണാം 👇👇👇
മയക്കമരുന്ന് ഉപയോഗിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണവും ഭീതിതമായ അളവില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് ഉദാഹരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഡോ. കെ.കെ. ശ്രീജിത്തും ആശാ മരിയ പോളും പറഞ്ഞു.
പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി സെന്ററില്‍ മദ്യം, മയക്കുമരുന്ന്, സിഗരറ്റ്, പാന്‍മസാല, കഞ്ചാവ്, എ.ഡി.എം.എ. പോലുള്ളവ ഉപയോഗിക്കുന്നവര്‍ക്കുള്ള വിദഗ്ധമായ ചികിത്സയുണ്ട്. ഇതോടൊപ്പം കൗണ്‍സലിംഗും നല്‍കി വരുന്നുണ്ട്. ചികിത്സ പൂര്‍ണ്ണമായും സൗജന്യമാണെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
2018 ല്‍ തുടങ്ങിയ പാലാ ലഹരിവിമോചന കേന്ദ്രത്തില്‍ നിന്ന് ഇതിനോടകം 6000-ലധികം പേര്‍ ചികിത്സ തേടിയിട്ടുണ്ട്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുവേണ്ടിയുളള കോട്ടയം ജില്ലയിലെ ഏക ലഹരിവിമോചന കേന്ദ്രമാണിത്. 20 കിടക്കകള്‍ ഉള്ള കേരളത്തിലെ അപൂര്‍വ്വം ഗവ. ലഹരിവിമോചന കേന്ദ്രങ്ങളിലൊന്നാണ് പാലായിലേത്. അമിതമായ മൊബൈല്‍ അഡിക്ഷനും ഇവിടെ ചികിത്സയും കൗണ്‍സിലിംഗും നല്കി വരുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 6238600251 ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.



0 Comments