സുനിൽ പാലാ
നഗരസഭ സ്റ്റേഡിയം ഇങ്ങനെ നശിക്കുന്നതിൽ കായിക പ്രേമികൾക്കെല്ലാം നിരാശയുണ്ട്. കീറിപ്പൊളിഞ്ഞ ട്രാക്ക് നന്നാക്കാൻ നയാ പൈസയില്ല നഗരസഭയ്ക്ക് ..... സ്റ്റേഡിയത്തിൻ്റെ കാര്യത്തിൽ പാലായുടെ കായികപ്രതിഭകളുടെ ആശങ്ക ഇന്നലെ ചേർന്ന നഗരസഭാ യോഗവും പങ്കുവെച്ചു.
അതേസമയം ശുഭാപതി വിശ്വാസത്തിലാണ് നഗരസഭാ ചെയർമാൻ ആൻ്റോ ജോസ്; സ്റ്റേഡിയത്തിൻ്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം ഇന്നലെ കൗൺസിൽ യോഗത്തിലും പറഞ്ഞത്.
ട്രാക്ക് പൊളിഞ്ഞതുള്‍പ്പെടെയുള്ള തകരാറുകള്‍ പരിഹരിക്കുന്നതിന് നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് നഗരസഭയ്ക്ക് നേരിട്ട് ചെയ്യാന്‍ കഴിയില്ല. ഇതിനായി വിവിധ തലങ്ങളില്‍ നിന്ന് ഫണ്ട് ലഭ്യമാക്കുന്നത് ഉള്‍പ്പെടെ ശ്രമിച്ചുവരികയാണെന്നും ചെയര്‍മാന്‍ കൗണ്‍സിലിനു മുന്നിൽ വെളിപ്പെടുത്തി.
പ്രതിപക്ഷാംഗം വി.സി. പ്രിന്‍സാണ് ഈ വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
സംഭവം നൂറുശതമാനം ശരിയാണെന്നും ഇത് പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് പീറ്ററും പറഞ്ഞു.
സ്റ്റേഡിയത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം സ്റ്റേഡിയത്തിലെ കാര്യങ്ങള്‍ക്കുവേണ്ടി മാത്രമേ ചെലവഴിക്കാവൂ എന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലിന്റെ നിര്‍ദ്ദേശവും കൗണ്‍സില്‍ അംഗീകരിച്ചു.
"23 കോടി മുടക്കി മാണിസാർ കൊണ്ടുവന്ന സ്വപ്ന പദ്ധതിയാണിത് " - ബൈജു ചൂണ്ടിക്കാട്ടി
മേലില്‍ പാലാ സബ്ജില്ല ഒഴികെയുള്ള സ്‌കൂള്‍ കായികമേളയ്ക്കായി സ്റ്റേഡിയം വിട്ടുകൊടുക്കുമ്പോള്‍ ദിവസം 1000 രൂപ ക്ലീനിംഗ് ചാര്‍ജ്ജും 500 രൂപ കറന്റ്, വാട്ടര്‍ ചാര്‍ജ്ജും ഈടാക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
ഇതു സംബന്ധിച്ച് അഡ്വ. ബിനു പുളിക്കക്കണ്ടം, ഷാജു തുരുത്തന്‍, തോമസ് പീറ്റര്‍ എന്നിവരുടെ നിര്‍ദ്ദേശം കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.
മത്സരങ്ങള്‍ നടക്കുമ്പോള്‍ കാന്റീന്‍ ഭാഗത്തേക്കുള്ള ഗേറ്റ് തുറന്നുകൊടുക്കും. സ്റ്റേഡിയത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാനും കൗണ്‍സില്‍ യോഗം അനുവാദം കൊടുത്തു.
പ്രൊഫ. സതീഷ് ചൊള്ളാനി, ബിജി ജോജോ, മായ രാഹുല്‍, ആനി ബിജോയ്, വി.സി. പ്രിന്‍സ്, അഡ്വ. ബിനു പുളിക്കക്കണ്ടം, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പില്‍, ജിമ്മി ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments