സ്വന്തം ലേഖകൻ
കടനാട്, വല്യാത്ത് ഭാഗങ്ങളില്‍ പേപ്പട്ടി വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ വ്യാപകമായി കടിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര പഞ്ചായത്ത് കമ്മറ്റി യോഗം തീരുമാനിച്ചു. പേപ്പട്ടിയുടെ കടിയേറ്റതു മുതല്‍ ഇന്നലെ വരെയുള്ള സംഭവങ്ങള്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു വിശദീകരിച്ചു.
ഇന്ന് മുതല്‍ കടനാട് പഞ്ചായത്തിലെ മുഴുവന്‍ തെരുവുനായ്ക്കള്‍ക്കും പേവിഷബാധക്കെതിരെയുളള വാക്‌സിന്‍ കൊടുക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ വാക്‌സിന്‍ കൊടുക്കുന്ന നായ്ക്കളുടെ ദേഹത്ത് പെയിന്റ് അടയാളവും വരയ്ക്കും.
കടിയേറ്റ വിവിധ മൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് കടനാട് മൃഗാശുപത്രി അധികാരികളെ അറിയിക്കാം. മൃഗാശുപത്രിയില്‍ നിന്നും കടിയേറ്റ എല്ലാ മൃഗങ്ങള്‍ക്കും പേവിഷത്തിനെതിരെയുള്ള വാക്‌സിന്‍ കൊടുക്കും. മനുഷ്യരെ പേപ്പട്ടി കടിച്ചാല്‍ പ്രതിരോധം കൊടുക്കുന്നതുപോലെ അഞ്ച് ദിവസത്തെ വാക്‌സിനാണ് കടിയേറ്റ നായ്ക്കള്‍ക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കുന്നതെന്ന് കടനാട് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. സുനില്‍ വി.ബി. പറഞ്ഞു. ഇന്നലെ വരെ നാല് വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവാക്‌സിന്‍ കോഴ്‌സ് ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കമ്മറ്റിയെ അറിയിച്ചു.
കടിയേറ്റ മൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തുചെന്ന് മൃഗഡോക്ടര്‍ വാക്‌സിന്‍ എടുക്കും. പേപ്പട്ടിയുടെ കടിയേറ്റ വളര്‍ത്തുമൃഗങ്ങളുടെ വീട്ടുകാര്‍ വിവരം ഉടന്‍തന്നെ മൃഗാശുപത്രി അധികാരികളെ അറിയിക്കാന്‍ പഞ്ചായത്തുസമിതി യോഗം നിര്‍ദ്ദേശിച്ചു.
ഇതേവരെ കടിയേറ്റവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ സഹായം ലഭ്യമാക്കാനും ഇന്നലെത്തെ പഞ്ചായത്ത് കമ്മറ്റിയില്‍ തീരുമാനമായി. പ്രസിഡന്റ് ഉഷാരാജു, വൈസ് പ്രസിഡന്റ് സെന്‍. സി. പുതുപ്പറമ്പില്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജെയ്‌സി സണ്ണി, മെമ്പര്‍ ജെയ്‌സണ്‍ പുത്തന്‍കണ്ടം തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.




0 Comments