സ്വന്തം ലേഖകൻ
റോഡിന് ഒത്തനടുവില്‍ അനധികൃത കാര്‍പാര്‍ക്കിംഗ്. നഗരഹൃദയത്തിലെ സംഗം ഓട്ടോ സ്റ്റാന്റ് റോഡില്‍ ഇന്നലെ ഉച്ചയക്ക് 12.30 ഓടെയാണ് സംഭവം.
സെന്‍മാര്‍ക്ക് സൊസൈറ്റിയുടെ നീതി മെഡിക്കല്‍ സ്റ്റോറിന് മുന്നിലായി റോഡിന് നടുവില്‍ കാര്‍ പാര്‍ക്ക് ചെയ്തശേഷം ഡ്രൈവര്‍ ഇറങ്ങിപ്പോകുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം ഈ പാര്‍ക്കിംഗ് തുടര്‍ന്നു. ഇതിനിടെ നിരവധി വാഹനങ്ങള്‍ ഇതുവഴി വരികയും റോഡ് ബ്ലോക്കാകുകയും ചെയ്തു. കാറില്‍ ഡ്രൈവര്‍ ഉണ്ടെന്ന് തെറ്റിദ്ധരിച്ച് പിന്നാലെയെത്തിയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കി. ഇതോടെ ഈ ഭാഗത്തെ വ്യാപാരികളുടെയെല്ലാം ശ്രദ്ധ ഇങ്ങോട്ടായി. തിരക്കേറിയ റോഡില്‍ ഗതാഗത തടസ്സവും ഉണ്ടായി.
സമീപത്തെ വ്യാപാരികള്‍ പാലാ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ട്രാഫിക് എസ്.ഐ.യും സംഘവും സ്ഥലത്തെത്തി. അപ്പോഴും പാര്‍ക്ക് ചെയ്ത കാറില്‍ ആരും ഉണ്ടായിരുന്നില്ല. 15 മിനിറ്റോളം പോലീസ് കാത്തുനിന്നു. തുടര്‍ന്നും രക്ഷയില്ലാതെ വന്നതോടെ ഉടമയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചശേഷം പോലീസ് ഇവരെ ഫോണില്‍ വിളിച്ചു. ഉടമയുടെ മകളും ഭാര്യയുമാണ് കാറില്‍ വന്നിരുന്നതെന്ന് വ്യക്തമായി.
ഇതേ തുടര്‍ന്ന് കാര്‍ ഓടിച്ചുവന്ന യുവതിയും മാതാവും കാറിനടുത്തേക്ക് വന്നു. കെ.എല്‍.35 എച്ച് 311 നമ്പര്‍ കാറാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കി റോഡിന് ഒത്തനടുവില്‍ പാര്‍ക്കു ചെയ്തതെന്ന് പോലീസ് പറഞ്ഞു. വാഹനമോടിച്ചിരുന്നത് സ്ത്രീകളായതിനാല്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്ത് ഇവരെ വിട്ടയയ്ക്കുകയായിരുന്നുവെന്നും പാലാ ട്രാഫിക് പോലീസ് അറിയിച്ചു.
ഈ റോഡില്‍ മാത്രമല്ല പാലാ ടൗണിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃത പാര്‍ക്കിംഗ് പതിവാണ്. കഴിഞ്ഞ ദിവസം ഫുട്പാത്തില്‍ കാര്‍ പാര്‍ക്ക് ചെയ്ത സംഭവവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
0 Comments