മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട് കുടിവെള്ള പദ്ധതി നിര്‍മ്മാണം അവസാന ഘട്ടത്തില്‍.... 30,000 ലിറ്ററിന്റെ ടാങ്ക് പൂര്‍ത്തിയായി




 സുനിൽ പാലാ

മീനച്ചില്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് ആയ പാലാക്കാട്ടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതി അവസാനഘട്ടത്തില്‍. പാലാക്കാട് കുടിവെള്ള പദ്ധതിക്കായി 30,000 ലിറ്റര്‍ സംഭരണശേഷിയുള്ള ഓവര്‍ഹെഡ് ടാങ്കിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിട്ടുളളത്.

ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഇരുപത് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനം.

നന്ദികാട്ട് ഭാഗത്തുള്ള കിണറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ഒരു കിലോമീറ്ററിലധികം അകലെയുള്ള വട്ടോത്തുകുന്നേല്‍ ഭാഗത്തുള്ള ടാങ്കില്‍ വെള്ളം എത്തിച്ചാണ് ജലവിതരണം നടത്തുന്നത്. ഇതിനായാണ് പുതിയ ഓവര്‍ ഹെഡ് ടാങ്ക് നിര്‍മ്മിച്ചത്.  



ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരം എച്ച്.ഡി. വിതരണ ലൈനുകളും സ്ഥാപിച്ചുകഴിഞ്ഞു .125 കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ഹൗസ് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. ബാക്കി 50 കുടുംബങ്ങള്‍ക്കുകൂടി ഹൗസ് കണക്ഷന്‍ ഉടന്‍ കൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കലും പഞ്ചായത്ത് മെമ്പര്‍ സാജോ പൂവത്താനിയും അറിയിച്ചു. 



വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന ഭാഗത്താണ് പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്തിന്റെ അനുഗ്രഹവര്‍ഷമെത്തുന്നത്. കൂടുതല്‍ ആളുകള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിനായി കിണറിന്റെ ആഴം അല്പംകൂടി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് രാജേഷ് വാളിപ്ലാക്കലും സാജോ പൂവത്താനിയും പറഞ്ഞു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments