അപകടം ഒഴിവാകണം, 30 ലക്ഷം രൂപയുടെ സ്ഥലം നാട്ടുകാര്‍ സൗജന്യമായി നല്‍കി, പി.ഡബ്ല്യു.ഡി.ക്കാര്‍ ''കാണുന്നില്ല''. കൊഴുവനാല്‍-പൂവരണി റോഡിന്റെയും മേവട-കാഞ്ഞിരമറ്റം റോഡിന്റെയും സംഗമസ്ഥലമായ കപ്പലിക്കുന്ന് ജംഗ്ഷനില്‍ കാഴ്ചമറവ് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് നിത്യസംഭവമായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
ഈ വിഷയം പരിഹരിക്കുന്നതിന് മാണി സി. കാപ്പന്‍ എം.എല്‍.എ.യും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെയും നേതൃത്വത്തില്‍ നടത്തിയ ഇടപെടലിലൂടെ സ്ഥലവാസികളായ മൂന്ന് ഭൂവുടമകള്‍ ചേര്‍ന്ന് ഒരു സെന്റിന് 5 ലക്ഷം രൂപയോളം മാര്‍ക്കറ്റ് മൂല്യമുള്ള 6 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്കി.
ഒന്നര വര്‍ഷം മുമ്പ് സ്ഥലം വിട്ടുനല്‍കിയെങ്കിലും ഇതൊന്ന് ഏറ്റെടുത്ത് നന്നാക്കാന്‍ പി.ഡബ്ല്യു.ഡി. അധികാരികള്‍ക്ക് ഇനിയുമായിട്ടല്ല.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം രൂപയോളം സമാഹരിച്ച് സ്ഥലം ഉടമകളുടെ കയ്യാലകളും മതിലുകളും പുനര്‍നിര്‍മ്മിച്ച് നല്കിയിരുന്നു. ജംഗ്ഷന്‍ വീതിയെടുത്തപ്പോള്‍ തടസ്സമായി നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് ഒരു മാസത്തിനകം മാറ്റി സ്ഥാപിക്കുകയുണ്ടായി. ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലം സൗജന്യമായി പൊതുമരാമത്ത് വകുപ്പിന് വിട്ടുകിട്ടിയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും വീതിയെടുത്ത ഭാഗം ടാര്‍ ചെയ്ത് ജംഗ്ഷന്‍ പൂര്‍ണ്ണമായും അപകടരഹിതമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാതെ പുറംതിരിഞ്ഞു നില്‍ക്കുകയാണ് പൊതുമരാമത്ത് വകുപ്പ്.
30 ലക്ഷം രൂപയുടെ സ്ഥലം സൗജന്യമായി ലഭിച്ച സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 10 ലക്ഷം രൂപയില്‍ താഴെ ഒരു എസ്റ്റിമേറ്റേ ആവശ്യമുള്ളൂവെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. ജംഗ്ഷന്‍ വീതിയെടുത്ത സ്ഥലം പ്രയോജനപ്പെടുത്തി ടാര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നതിന് മാണി സി. കാപ്പന്‍ എം.എല്‍.എ.യും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലും പി.ഡബ്ല്യു.ഡി., പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അധികാരികള്‍ക്ക് കത്ത് നല്‍കിയെങ്കിലും യാതൊരു നടപടികളും നാളിതുവരെ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. വീതിയെടുത്ത സ്ഥലം ടാറിംഗും മറ്റും നടത്താത്തതിനാല്‍ മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ അവസ്ഥയിലാണിപ്പോള്‍ കപ്പിലിക്കുന്ന് ജംഗ്ഷന്‍.
ജംഗ്ഷനിലുള്ള കലുങ്ക് അടഞ്ഞുപോയതിനാല്‍ വെള്ളം ഒഴുകി പോകുവാനുള്ള സാഹചര്യങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. തത്ഫലമായി മഴവെള്ളം മൂലമുള്ള വെള്ളക്കെട്ട് സമീപവീടുകള്‍ക്കും ഉപദ്രവമായി മാറിയിരിക്കുകയാണ്. നാടിന്റെ പൊതുതാല്‍പര്യത്തിനായി വലിയ മൂല്യമുള്ള സ്ഥലം ഒരു പ്രതിഫലവും വാങ്ങാതെ വിട്ടുനല്‍കിയിട്ടും പി.ഡബ്ല്യു.ഡി. അധികാരികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതില്‍ സ്ഥല ഉടമകളായ എം.വി. ആന്റണി മറ്റത്തില്‍, പി.സി. എബ്രാഹം പരിന്തിരിക്കല്‍, മോളി സെബാസ്റ്റ്യന്‍ പാമ്പയ്ക്കല്‍ എന്നിവരും ധര്‍മ്മസങ്കടത്തിലാണ്.
ജനങ്ങള്‍ സമരത്തിലേക്ക്
സൗജന്യമായി ലഭ്യമാക്കിയ 30 ലക്ഷം രൂപയുടെ മൂല്യമുള്ള സ്ഥലത്ത് 10 ലക്ഷം രൂപയുടെ നിര്‍മ്മാണം നടത്താന്‍ പൊതുമരാമത്ത് വകുപ്പിന് സാധ്യമാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കാന്‍ ജംഗ്ഷന്‍ വികസനത്തിന് നേതൃത്വം കൊടുത്ത ജനകീയ സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സജി തകിടിപ്പുറം, ബേബി പരിന്തിരി, ജിനു ബി. നായര്‍, റെജി മറ്റത്തില്‍, സണ്ണി നായ്പുരയിടം, ജോയി മാടയാങ്കല്‍, പി.സി. ജോര്‍ജ് പുളിക്കല്‍, ഷാജി വളവനാല്‍, പി.കെ. തോമസ് പൂവത്തിനാല്‍, ബെന്നി വേങ്ങത്താനം, ജോഷി പുളിക്കല്‍, സാമുവല്‍ മുതിരക്കാല, മാത്യുക്കുട്ടി കൊച്ചുമുറി എന്നിവര്‍ പ്രസംഗിച്ചു.

.jpeg)



0 Comments