പാലാ നഗരസഭ ജനകീയ ഹോട്ടല്‍: ഇലയിട്ട് വിവാദം വിളമ്പി യു.ഡി.എഫ്.





പാലാ നഗരസഭയിലെ ജനകീയ ഹോട്ടല്‍ വിഷയത്തില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം തീരുന്ന മുറയ്ക്ക് ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് നഗരസഭയിലെ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. 

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ല എന്നതിനാലാണ് സമരപരിപാടികളും താല്‍ക്കാലികമായി മാറ്റിവയ്ക്കുന്നത്. തുടര്‍ന്നും ഭരണ നേതൃത്വം ഉച്ചയൂണിന് വിലകുറയ്ക്കുന്ന കാര്യത്തില്‍ അനാസ്ഥ തുടര്‍ന്നാല്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

ഇതേസമയം ജനകീയ ഹോട്ടിലിലെ  സബ്‌സിഡി നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം സ്വീകരിച്ചിരിക്കുന്ന നിലപാട് ഇരട്ടത്താപ്പെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി.

സിപിഎം സര്‍ക്കാര്‍ കേരളത്തിലെ ജനകീയ ഹോട്ടലുകളുടെ സബ്‌സിഡി തുക നിര്‍ത്തലാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഗരസഭ  ജനകീയ ഹോട്ടലിലെ ഊണ് വില 50ശതമാനം വര്‍ദ്ധിപ്പിച്ച് ആ  തീരുമാനം നടപ്പിലാക്കിയത് സിപിഎം ചെയര്‍പേഴ്‌സണ്‍ ആണ്. 

 



ഈ ജനവിരുദ്ധ നടപടിയെ ചോദ്യം ചെയ്തു ജനങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസും യുഡിഎഫും രംഗത്ത് വന്നപ്പോള്‍  ന്യായവിലയില്‍ ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുക്കാമെന്ന് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി  ലീഡര്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത് ഇരട്ടത്താപ്പും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കവുമാണ്.

ഈ വിഷയത്തില്‍ സിപിഎം ചെയര്‍പേഴ്‌സന്റെ നിലപാടാണോ,  സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി  ലീഡറുടെ നിലപാടാണോ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് എന്ന് സിപിഎം വ്യക്തമാക്കണം.

നഗരസഭ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്ത്  തീരുമാനമെടുക്കേണ്ട വിഷയത്തില്‍ ഏകപക്ഷീയമായി നിലപാട് കൈക്കൊണ്ടത് അപലപനീയമാണ്.  



പരസ്പര വിരുദ്ധമായ  നിലപാടുമായി സി പി എം ചെയര്‍പേഴ്‌സ്ണും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും  രംഗത്ത് വരുന്നത്  ഇരയ്ക്കും വേട്ടക്കാരനും  വേണ്ടി ഒരേ സമയത്ത്  നിലകൊള്ളുന്ന തരം താഴ്ന്ന രാഷ്ട്രീയ മുതലെടുപ്പ് ആണ്.

കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്നും  സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി  നഗരസഭയിലെ സബ്‌സിഡി പുനസ്ഥാപിക്കുകയോ അതല്ലെങ്കില്‍ നഗരസഭ തനത് ഫണ്ട് കണ്ടെത്തി സബ്‌സിഡി സ്വന്തം നിലയില്‍  നല്‍കിക്കൊണ്ട്  ജനങ്ങളുടെ മേലുള്ള ഭാരം എടുത്തു മാറ്റണം എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.  


അതിന് തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും  ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന്  കൂട്ടുനില്‍ക്കാന്‍ പ്രതിപക്ഷം തയ്യാറല്ല എന്നും  നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി,  കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് എന്നിവര്‍ അറിയിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments