ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കര്‍ എ.എം ഷംസീര്‍ മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു.
ഓരോ മതവിശ്വാസിയും അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കട്ടെ ആ വിശ്വാസത്തെ അവര്‍ ആരാധിക്കട്ടെ അതിനെ അപമാനിക്കുന്നത് ശരിയല്ല.
നിരീശ്വരരായ സി.പി.എം. നേതാക്കള്‍ ദൈവങ്ങളെയും, മത നേതാക്കളെയും അധിക്ഷേപിക്കുന്നത് സ്ഥിരം പരിപാടി ആക്കിയിരിക്കുകയാണന്നും സജി കുറ്റപ്പെടുത്തി.
തുണിയില്ലാത്ത ദൈവങ്ങളെയാണ് അമ്പലത്തില്‍ പൂജിക്കുന്നതെന്നും, കത്തോലിക്ക പുരോഹിതരും, കന്യാസ്ത്രീകളും ശമ്പളത്തിനു വേണ്ടി സമരം ചെയ്യുന്നുവെന്നും, ക്രിസ്ത്യന്‍ ബിഷപ്പുമാരെ നികൃഷ്ടജീവികള്‍ എന്നും വിളിച്ചും, പരിപാവനമായ ശമ്പരിമലയില്‍ സ്ത്രീപ്രവേശനത്തിന് വേണ്ടി നിലപാടെടുക്കുകയും ചെയ്ത പാരമ്പര്യമുള്ള സിപിഎം നേതൃത്വം ഇനിയെങ്കിലും മത നിന്ദ അവസാനിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു.
ളാലം ആല്‍ത്തറ ശ്രീ ഗണപതി ക്ഷേത്രത്തില്‍ കാണിക്ക അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു സജി മഞ്ഞക്കടമ്പില്‍.
കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സന്തോഷ് കാവുകാട്ട്, വനിതാ കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ഷൈലജ രവീന്ദന്‍, നോയല്‍ ലൂക്ക് പെരുമ്പാറ, കെ.എം. കുര്യന്‍ കണ്ണംകുളം, ടോം ജോസഫ് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.





0 Comments