കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ആരോഗ്യ പ്രവർത്തകനായിരുന്നു ഡോക്ടർ സഫറുള്ള ചൗധരിയെ അനുസ്മരിച്ചു.
കോട്ടയം സി എം എസ് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ പരിഷത്ത് മുൻ പ്രസിഡണ്ടും കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോക്ടർ ബി ഇക്ബാൽ "ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന്റെ അരനൂറ്റാണ്ട് " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ജനകീയാരോഗ്യപ്രസ്ഥാനത്തിന്റെ പ്രയോക്താക്കളിൽ പ്രധാനി ആയിരുന്നു ബംഗ്ലാദേശുകാരനായ ഡോക്ടർ സഫറുള്ള ചൗധരി. ആരോഗ്യ സേവനങ്ങൾക്ക് ഒരു മാനവിക മുഖം നൽകുകയും അതിലെ അനഭിലഷണീയ പ്രവണതകളെ ചെറുക്കുകയും ചെയ്യുന്നതിൽ ഡോ. ചൗധരി നൽകിയ സംഭാവനകൾ മഹത്തരമാണെന്ന് ഡോ. ഇക്ബാൽ പറഞ്ഞു.
ദരിദ്ര പക്ഷത്തു നിന്നുകൊണ്ട് വൈദ്യശാസ്ത്ര രംഗത്തെ ജനകീയ ഇടപെടലുകൾക്ക് ലോകത്തിനു മാതൃക നൽകിയ വ്യക്തിയാണ് അദ്ദേഹം. അനാവശ്യ മരുന്നുകളുടെ വിൽപ്പനയിലൂടെയുള്ള കുത്തകകളുടെ ചൂഷണം നിരുത്സാഹപ്പെടുത്താനും ജനറിക് മരുന്ന് വിതരണം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നീണ്ട പോരാട്ടങ്ങൾ നടത്തി. ബംഗ്ലാദേശിലെ ആദ്യത്തെ ജനകീയാരോഗ്യ കേന്ദ്രമായ "ഗണശാസ്തായ കേന്ദ്ര "ത്തിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം.
പ്രായോഗികവും സുസ്ഥിരവും ആയ പ്രാഥമികാരോഗ്യ സേവന മാതൃക എന്ന നിലയിൽ ഈ കേന്ദ്രം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലെ പുരോഗമന സംഘടനകളെ യോജിപ്പിച്ചുകൊണ്ട് ബൃഹത്തായ ഒരു ജനകീയ പ്രസ്ഥാനം രൂപീകരിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
ഇന്ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ തന്നെ നിരവധി രാജ്യങ്ങളിൽ ജനകീയാരോഗ്യ പ്രവർത്തനങ്ങൾ നടന്നുവരുന്നു . ഈ രംഗത്തെ ചൗധരിയുടെ സംഭാവനകൾ മാനിച്ച് 1985ലെ മാഗ്‌സസെ പുരസ്കാരം, 1992ലെ റൈറ്റ് ലൈവ് ലിഹുഡ് പുരസ്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചു. 2023 ഏപ്രിൽ 11ന് 83-ാം വയസ്സിലാണ് ഡോക്ടർ ചൗധരി അന്തരിച്ചത്. ഈ രംഗത്തെ അദ്ദേഹത്തിൻറെ സംഭാവനകൾ ആരോഗ്യരംഗത്തും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ഒരിക്കലും വിസ്മരിക്കാവുന്നതല്ല എന്ന് ഡോക്ടർ ഇക്ബാൽ പറഞ്ഞു.
പരിഷത് ആരോഗ്യ സമിതി ചെയർമാൻ ഡോക്ടർ ജോർജ് കെ ഫിലിപ്പ് ആമുഖപ്രഭാഷണം നടത്തി. സമിതി കൺവീനർ സി പി സുരേഷ് ബാബു, പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വകുപ്പ് മുൻ മേധാവി ഡോക്ടർ എസ് അബ്ദുൽ ഖാദർ, കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ.സൈറു ഫിലിപ്പ്, മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം റെജി ജോസഫ് , കെ.ജി.എൻ.എ. ഏരിയ സെക്രട്ടറി അനൂപ് വിജയൻ എന്നിവർ സംസാരിച്ചു.
ഡോ. മാത്യു കുര്യൻ,പി ജി പത്മനാഭൻ, പ്രൊഫ. പി സി ജോൺ, ഡോ. ജോസ് ചാത്തുകുളം എന്നിവർ പ്രതികരണങ്ങൾ നടത്തി. പരിഷത്തിന്റെ കോട്ടയം ജില്ലാ പ്രസിഡണ്ട് കെ കെ സുരേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ എൻ വിജു സ്വാഗതവും ജില്ലാ ആരോഗ്യ സമിതി കൺവീനർ എം ബി ജയപ്രകാശ് നന്ദിയും പറഞ്ഞു.




0 Comments