ഈ ഓണക്കാലത്തും തൊടുപുഴ നഗരത്തിലെ തെരുവ് വിളക്കുകളില്‍ ഭൂരിഭാഗവും മിഴി തുറക്കാതായതോടെ രാത്രി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമെത്തുന്നവര്‍ ഇരുട്ടിലായ സ്ഥിതിയാണ്.
നഗരത്തില്‍ പലയിടത്തായി വലിയ ഹൈമാസ്റ്റ് ലൈറ്റുകളും നിരവധി മിനി ഹൈമാസ്റ്റ് ലൈറ്റുകളുമുണ്ട്. ഇതില്‍ ഭൂരിഭാഗവും ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നില്ല. പോസ്റ്റുകളിലെ പുതിയ എല്‍.ഇ.ഡി വഴി വിളക്കുകളും പലയിടത്തും തെളിയുന്നില്ല. പലപ്പോഴും യാത്രക്കാര്‍ രാത്രിയാത്ര ചെയ്യുന്നതാകട്ടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനത്തിന്റെ വെളിച്ചത്തിലാണ്. എട്ട് മണിക്ക് ശേഷം കടകളടയ്ക്കുന്നതോടെ പലയിടത്തും ഇത്തരത്തിലുള്ള വെളിച്ചവും ഇല്ലാതാകും.
വെളിച്ചക്കുറവ് മൂലം പലപ്പോഴും എതിരെ നിന്ന് വരുന്ന വാഹനങ്ങള്‍ ദൂരെ നിന്ന് കാണാന്‍ കഴിയുന്നില്ലെന്നും ഇത് വലിയ രീതിയിലുള്ള അപകടങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്നും പറയുന്നു. ഇരുട്ടില്‍ രാത്രികാലയാത്ര ചെയ്യുന്ന കാല്‍നടയാത്രക്കാരെ സംബന്ധിച്ച് ഇഴജന്തുക്കളെയും അതുപോലെ തസ്‌കരന്മാരുടെയും ആക്രമണത്തെ ഭയന്ന് വേണം സഞ്ചരിക്കാന്‍. വെളിച്ചമില്ലാത്തതിനാല്‍ തന്നെ നഗരത്തില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും ഏറി വരികയാണ്. വഴിവിളക്കുകള്‍ ഇടവേളകളില്‍ മാറ്റി സ്ഥാപിക്കാനും പരിശോധിക്കാനും സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്‌നം.
വഴിവിളക്കുണ്ട് പക്ഷെ....
നഗരത്തിലെ 35 വാര്‍ഡുകളിലെ ഉള്‍പ്രദേശങ്ങളില്‍ 8000 ത്തോളം വഴിവിളക്കുകളാണ് ഉള്ളത്. ഇതിന് പുറമേ നഗരത്തിലെ പ്രധാന റോഡുകളില്‍ ഏതാണ്ട് ആയിരത്തോളം ലൈറ്റുകളും ഉണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും കേടായി പ്രകാശിക്കാത്ത സ്ഥിതിയിലാണ്. നഗരസഭയുടെ പ്രാഥമിക ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെട്ടതാണ് വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതും റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി നടത്തുന്നതും. മുനിസിപ്പല്‍ പാര്‍ക്കിലെ ലൈറ്റുകള്‍ പോലും നന്നാക്കി സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് നഗരസഭയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.




0 Comments