പാലാ ജനറല്‍ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മുന്നില്‍ നിവേദന കെട്ടുമായി മാണി സി കാപ്പന്‍ എം എല്‍ എ. പാലാ മണ്ഡലത്തിലെ ആരോഗ്യമേഖലയില്‍ അടിയന്തിരമായി നടപ്പാക്കേണ്ട ആവശ്യങ്ങളാണ് എം എല്‍ എ മന്ത്രിക്കു മുമ്പാകെ അവതരിപ്പിച്ചത്.
ഡയാലിസിസ് ടെക്‌നീഷ്യന്‍, പോലീസ് സര്‍ജന്‍
വിമുക്തി സെന്ററില്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് എന്നിവരെ അടിയന്തിരമായി നിയോഗിക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഡയഗണോസ്റ്റിക് സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതു സംബന്ധിച്ചും കാര്‍ഡിയാക് സര്‍ജന്റെ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ചും നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി മെഷീന്‍ സ്ഥാപിക്കണമെന്നും പാലാ ഹോമിയോ ആശുപത്രിയില്‍ ഫിസിയോതെറാപ്പി ഡോക്ടറെ നിയമിക്കണമെന്നും എം എല്‍ എ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കായിക താരങ്ങള്‍ക്ക് പാലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സാ കേന്ദ്രം അനുവദിക്കുക, പൈക സമൂഹികാരോഗ്യ കേന്ദ്രത്തിന് മാത്തച്ചന്‍ കുരുവിനാക്കുന്നേലിന്റെ പേര് നല്‍കുക, രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി ആയുര്‍വേദ ആശുപത്രിയില്‍ മെഡിസിന്‍ സ്റ്റോര്‍ സൗകര്യം, കോമ്പൗണ്ട് വാള്‍ എന്നിവ നടപ്പാക്കുക, രാമപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സ്‌പെഷ്യാലിറ്റി സോക്ടര്‍മാരുടെ തസ്തിക വര്‍ദ്ധിപ്പിക്കുക, എക്‌സ്‌റേ യൂണിറ്റ്, ഇ സി ജി ടെക്‌നീഷ്യന്‍ തസ്തിക, വേസ്റ്റ് ഡിസ്‌പോസിബിള്‍ യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയവ അനുവദിക്കണമെന്നും മാണി സി കാപ്പന്‍ ആവശ്യമുന്നയിച്ചു.
എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ ബാക്കി നില്‍ക്കുന്ന തുകയുടെ വിനിയോഗം, ജനറല്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച തുകയുടെ വിനിയോഗം എന്നിവയെക്കുറിച്ചും മാണി സി കാപ്പന്‍ മന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പാലായിലെ ആരോഗ്യരംഗത്ത് അടിയന്തിരമായി നടപ്പാക്കേണ്ട വിഷയങ്ങളാണ് താന്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മറ്റു വിഷയങ്ങള്‍ പിന്നാലെ അറിയിക്കും. നിവേദനം സംബന്ധിച്ച് അനുകൂല നിലപാട് ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കാപ്പന്‍ പറഞ്ഞു.



0 Comments