മന്ത്രി വീണ കനിയുമോ? ഇനി ഡോക്ടര്‍മാരെ കടത്തികൊണ്ടു പോകരുതേ; പരാതികളുടെ കെട്ടഴിച്ച് ജനങ്ങള്‍... വരാത്ത സൂപ്രണ്ടിനെ താനാണെങ്കില്‍ സസ്‌പെന്റ് ചെയ്‌തേനെയെന്ന് മാണി സി. കാപ്പന്‍... ചിരിച്ചുതള്ളി മന്ത്രിയും.



ജില്ലയിലെ ജനറല്‍ ആശുപത്രികളും താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളും നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തുന്നതിന്റെ ഭാഗമായി പാലാ ജനറല്‍ ആശുപത്രിയിലെത്തിയ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജിന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ആശുപത്രി അധികൃതരും ചേര്‍ന്ന് സ്വീകരണം നല്‍കി.

ആശുപത്രിയിലെത്തിയ മന്ത്രി വിവിധ ചികിത്സാ വിഭാഗങ്ങളിലും കിടപ്പു രോഗികളുടെ മുറികളിലും എത്തി രോഗികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജീവനക്കാരുമായി വിവരങ്ങള്‍ തിരക്കി. ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ ഡയാലിസിസ് സൗകര്യം വേണമെന്ന ആവശ്യവുമായി നിരവധി പേര്‍ മന്ത്രിയെ സമീപിച്ചു. നവീന കെട്ടിട സമുച്ചയങ്ങളും വെളളവും വൈദ്യുതിയും ജീവനക്കാരും ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ആശുപത്രിയിലെ ചികിത്സാ വിഭാഗങ്ങള്‍ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആരംഭിക്കണമെന്ന് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ഈ ആശുപത്രിക്കായി അനുവദിക്കുകയും ഇവിടെ ഉണ്ടായിരുന്നതുമായ നിരവധി തസ്തികകളും ചികിത്സാ വിഭാഗങ്ങളും പല തവണകളായി മററ് ആശുപത്രികളിലേക്ക് കടത്തികൊണ്ടു പോയത് തിരികെ എത്തിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ലഭ്യമായ തുക പോലും ചിലവഴിച്ച് ഉപകരണങ്ങള്‍ വാങ്ങുന്നതിനു പോലും തയ്യാറാവുന്നില്ല എന്ന് അവര്‍ കുറ്റപ്പെടുത്തി. സങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുന്നില്ല എന്ന് അവര്‍ പറഞ്ഞു. ഡിജിറ്റല്‍ എക്‌സറേ കേടായിട്ട് മാസങ്ങള്‍ കഴിഞ്ഞു, അള്‍ട്രാസൗണ്ട് സ്‌കാനറും ഗുണപ്രദമാകുന്നില്ല എന്ന് ആശുപത്രി മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു.



അയ്യായിരത്തില്‍പരം ക്യാന്‍സര്‍ രോഗികള്‍ ചികിത്സ തേടുന്ന ഇവിടെ റേഡിയോ തെറാപ്പി ചികിത്സാ സൗകര്യം സജ്ജീകരിക്കുന്നതിനായുള്ള കെട്ടിട സൗകര്യം ലഭ്യമാക്കണമെന്നതും ഡയാലിസിസ് മൂന്ന് ഷിഫ്ട് ക്രമീകരിക്കുന്നതിനും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഡയാലിസിസ് സൗകര്യം ഒരുക്കണമെന്നും ആവശ്യമുയര്‍ന്നു. പകരം ഡോക്ടറെ നിയമിക്കാതെ നിലവിലുള്ള ഡോക്ടറെ മാറ്റിയതുമൂലം നേത്രശാസ്ത്രക്രിയ മാസങ്ങളായി മുടങ്ങിയിരിക്കുന്നതായും ഇത് എത്രയും വേഗം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു. ഹൃദ്രോഗ ചികിത്സാ വിഭാഗം ഒ.പി എല്ലാ ദിവസവും വേണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.


മന്ത്രി വരുമെന്ന് നേരത്തെ അറിയിച്ചിട്ടും സൂപ്രണ്ട് എത്തിയില്ല. അന്വേഷിക്കുമെന്ന മന്ത്രി... ഞാനായിരുന്നുവെങ്കില്‍ ഇപ്പോള്‍ നടപടി എന്ന് എം.എല്‍.എ


 

മന്ത്രി വരുമെന്ന് നേരത്തെ അറിയിച്ചിട്ടും ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജന്‍ ആശുപത്രിയില്‍ ഹാജരായിരുന്നില്ല. ഇതേപ്പറ്റി അന്വേഷിക്കുമെന്ന് മന്ത്രി ജനപ്രതിനിധികള്‍ക്കുറപ്പു നല്‍കി. താനായിരു മന്ത്രിയെങ്കില്‍ ഉടന്‍ നടപടി സ്വീകരിച്ചേനെയെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. മന്ത്രി വീണാ ജോര്‍ജ്ജിനോട് നേരിട്ട് പറഞ്ഞു.

പ്രവര്‍ത്തന അലംഭാവത്തിന്റെ പേരില്‍ ആശുപത്രി സൂപ്രണ്ടിനെ ഉടന്‍ സ്ഥലം മാറ്റണമെന്ന് ആശുപത്രി മാനേജിംഗ് കമ്മറ്റിയംഗങ്ങളും പാലാ നഗരസഭാ അധികാരികളും പലതവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നിട്ടും പ്രയോജനമുണ്ടായിരുന്നില്ല.

ആയൂര്‍വേദ, ഹോമിയോ ആശുപത്രികള്‍ക്കും കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാണി സി. കാപ്പന്‍ എം.എല്‍.എ. മന്ത്രിക്ക് നിവേദനം നല്‍കി. സൂപ്രണ്ടിനെതിരെ കര്‍ശന നടപടി ഉണ്ടാവണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം സമര്‍പ്പിച്ചു.

ഇടതുമുന്നണി നേതാക്കളായ പി.എം.ജോസഫ്, കെ.എസ്. രമേശ് ബാബു, പീറ്റര്‍ പന്തലാനി, പി.കെ. ഷാജകുമാര്‍, ബിജു പാലുപ്പടവന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, നഗരസഭാ കൗണ്‍സിലര്‍മാരായ  ബിജി ജോജോ, ഷാജു തുരുത്തന്‍, ബൈജു കൊല്ലംപറമ്പില്‍, ലീന സണ്ണി, ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട്, മായ പ്രദീപ്, ബിന്ദു മനു എന്നിവരും മന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. 




നഴ്‌സിംഗ് കോളജും പി.ജി കോഴ്‌സുകളും അനുവദിക്കണം - ജയ്‌സണ്‍ മാന്തോട്ടം


 

മികച്ച അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ വിഭാഗങ്ങളും നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള യോഗ്യതകളും എല്ലാമുള്ള പാലാ ജനറല്‍ ആശുപത്രി
യില്‍ നഴ്‌സിംഗ് കോളജും നാഷണല്‍ ബോര്‍ഡ് ഓഫ് മെഡിക്കല്‍ എക്‌സാമിനേഷന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളായ ഡി.എന്‍.ബി, എഫ്.എന്‍.ബി കോഴ്‌സുകള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ ജയ്‌സണ്‍ മാന്തോട്ടം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ആരോഗ്യരംഗത്ത് വിദഗ്ദ പരാമെഡിക്കല്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് ഒരു പരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ആശുപത്രിയോട് അനുബന്ധിച്ച് അനുവദിക്കുന്നത് ഉചിതമായിരിക്കുമെന്ന് കൂടുതല്‍ പേര്‍ക്ക് പഠനസൗകര്യം ലഭ്യമാക്കുമെന്നും ജയ്‌സണ്‍ മാന്തോട്ടം ചൂണ്ടിക്കാട്ടി.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments