സുനില്‍ പാലാ
ഏഴാച്ചേരി ഗോവിന്ദവിലാസം യു.പി. സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരുന്ന ശശിസാര്‍ ശിഷ്യര്‍ക്ക് അദ്ധ്യാപകന്‍ മാത്രമായിരുന്നില്ല, രക്ഷകര്‍ത്താവുമായിരുന്നു. ഓരോ കുട്ടികളുടെയും പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി അവര്‍ക്ക് വേണ്ട സഹായം എത്തിക്കാന്‍ പി.കെ. ശശിധരന്‍ നായര്‍ എന്ന ''ശശിസാര്‍'' ഒരു മടിയും കാണിച്ചിരുന്നില്ല.
ഗോവിന്ദവിലാസം യു.പി. സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി ജോലിക്ക് കയറി നീണ്ട 33 വര്‍ഷം സേവനമനുഷ്ഠിച്ച് ഹെഡ്മാസ്റ്ററായിത്തന്നെ പിരിഞ്ഞു എന്ന അത്യപൂര്‍വ്വതയും ശശിസാറിന് സ്വന്തം. പഠനത്തില്‍ മാത്രമല്ല പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികളെ നയിക്കാന്‍ എന്നും ഉത്സാഹിച്ച ശശിസാര്‍ ജി.വി. യു.പി. സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഏകാംഗ നാടക മത്സരം അക്കാലത്ത് ഏഴാച്ചേരിയിലും സമീപ നാടുകളിലുമുള്ള എല്ലാ കലാകാരന്‍മാരുടെയും നാടകാസ്വാദകരുടെയും ഉത്സവകാലമായിരുന്നു. സ്‌കൂളിന്റെ കനകജൂബിലിയാഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റാന്‍ ശശിസാറിന് കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍പോലും ഒരു രക്ഷകര്‍ത്താവിനെപോലെ പരിഹാരം കാണാന്‍ ഇദ്ദേഹം എന്നും മുന്നില്‍ നിന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ശശിസാറിന്റെ നേതൃത്വത്തില്‍ 1985 കാലഘട്ടത്തില്‍ സംസ്ഥാനത്തെ കുട്ടികളുടെ പരിഷത്ത് കലാജാഥ നടത്തിയതും ചരിത്രസംഭവമായി. സ്‌കൂള്‍ കലോത്സവങ്ങളില്‍ ജി.വി. യു.പി.സ്‌കൂള്‍ എന്നും മുന്നിലായിരുന്നു. നാടകമാകട്ടെ, തിരുവാതിരകളിയാകട്ടെ, ചെണ്ടമേളമാകട്ടെ എല്ലാത്തിന്റെയും കലാകിരീടം ശശിസാറിന്റെ നേതൃത്വത്തില്‍ ജി.വി. യു.പി. സ്‌കൂളിലേക്ക് കൊണ്ടുവന്നു.
പത്രപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, സ്‌കൂള്‍-കോളേജ് അധ്യാപകര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി ആയിരക്കണക്കിന് ശിഷ്യരെ പഠിപ്പിച്ചതിന്റെ ധന്യതയാര്‍ന്ന സ്മരണകളുമായാണ് ശശിസാര്‍ ഇന്നലെ കടന്നുപോയത്. നൂറുകണക്കിന് ശിഷ്യരുടെയും മറ്റുനാട്ടുകാരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങി ഉച്ചതിരിഞ്ഞ് ഇദ്ദേഹം അഗ്നിയില്‍ ലയിച്ചു.
പി.കെ. ശശിധരന്റെ നിര്യാണത്തില്‍ എം.പി. മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എം.എല്‍.എ.മാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി, മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍, എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.



0 Comments