തകരാറിലായ സ്പ്രിംഗ്‌ളറുകള്‍ റെഡി... പാലാ സ്റ്റേഡിയം ഇനി പച്ചപ്പില്‍


 

സുനില്‍ പാലാ

തകരാറിലായ സ്പ്രിംഗ്‌ളറുകള്‍ റെഡി... പാലാ സ്റ്റേഡിയം ഇനി പച്ചപ്പില്‍

കഴിഞ്ഞ ദിവസം പാലാ ഫുട്‌ബോള്‍ ക്ലബ്ബ് സംഘടിപ്പിച്ച ഒരു ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ പാലാ കെ.എം. മാണി സ്മാരക ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയ നഗരസഭാ വിദ്യാഭ്യാസ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ സ്റ്റേഡിയത്തിന്റെ അവസ്ഥകണ്ട് ആദ്യമൊന്ന് ഞെട്ടി; ഗ്രീന്‍ഫീല്‍ഡിലെ പച്ചപ്പുല്ലെല്ലാം കരിഞ്ഞുണങ്ങി പൊടിപ്പരുവമായിരിക്കുന്നു!  കായിക താരങ്ങള്‍ നടക്കുമ്പോള്‍തന്നെ പുല്ലിന്റെ ചാരമുയരുകയാണ്. കോടികള്‍ മുടക്കിയ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ കൂടുതല്‍ ദുരവസ്ഥ ഫുട്‌ബോള്‍ ക്ലബ്ബ് ഭാരവാഹികളായ സിബി ജോസഫും സംഘവും കുറച്ചുകൂടി വിദ്യാഭ്യാസ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെ ചൂണ്ടിക്കാണിച്ചു.

ഉദ്ഘാടനം കഴിഞ്ഞ് തിരികെ മുനിസിപ്പല്‍ ഓഫീസിലെത്തിയ ബൈജു കൊല്ലംപറമ്പന്‍ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്റ്റേഡിയത്തിലെമ്പാടും വെള്ളമെത്തിക്കുന്ന് സ്പ്രിംഗ്‌ളറുകള്‍ തകരാറിലായതാണ് പ്രശ്‌നം. വെളളം കിട്ടാതായതോടെ പൊരിവെയിലില്‍ പുല്ലുകള്‍ കരിഞ്ഞുണങ്ങി.

ചെന്നൈ അസ്ഥാനമായുള്ള ഒരു കമ്പനിയാണ് സ്റ്റേഡിയത്തില്‍ സ്പിംഗ്‌ളറുകള്‍ സ്ഥാപിച്ചിരുന്നത്. അവരുമായി ബന്ധപ്പെട്ട് തകരാറിനെക്കുറിച്ച് വിശദീകരിച്ചു. നന്നാക്കാന്‍ വരാം പക്ഷേ ഒരുലക്ഷത്തല്‍പ്പരം രൂപാ ചെലവാകുമെന്ന് അവര്‍ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടില്‍ നട്ടംതിരിയുന്ന പാലാ നഗരസഭയ്ക്ക് ഇതിന് കഴിയില്ലെന്ന് ബൈജുവിന് തന്നെ മനസ്സിലായി. ഇതിനിടെ നഗരത്തിലെ പ്രധാന പ്ലംബറായ അരുണ്‍നിവാസ് നാരായണന്‍കുട്ടിയെ വിളിച്ചുവരുത്തി. അദ്ദേഹം സ്റ്റേഡിയത്തിലെത്തി സ്പ്രിംഗ്‌ളറുകള്‍ പരിശോധിച്ചു. ഓട്ടോമാറ്റിക് സ്പ്രിംഗ്‌ളറുകളിലെ തകരാറും വാല്‍വിലെ തകരാറും പൈപ്പില്‍ പ്ലാസ്റ്റിക്കും മറ്റും കയറിയടഞ്ഞതുമാണ് പ്രധാന പ്രശ്‌നമെന്ന് കണ്ടെത്തി. ഇതൊക്കെ നീക്കം ചെയ്തതോടെ സംഗതി ക്ലീന്‍! സ്പ്രിംഗ്‌ളറുകളില്‍ നിന്ന് മുമ്പത്തേക്കാള്‍ ശക്തിയോടെ മൈതാനത്ത് വെള്ളം ചിതറി. ഒരാഴ്ചയ്ക്കുള്ളില്‍ പുല്‍നാമ്പുകള്‍ തളിരിടുമെന്നും സ്റ്റേഡിയം വീണ്ടും പച്ചപ്പിലെത്തുമെന്നുമാണ് നഗരസഭാ അധികാരികളുടെയും കായികതാരങ്ങളുടെയും പ്രതീക്ഷ.



ചെന്നൈ കമ്പനി ഒരു ലക്ഷം ചെലവ് പറഞ്ഞത് നാട്ടിലായപ്പോള്‍ ഇരുപതിനായിരത്തില്‍ താഴെ പണി തീര്‍ന്നു.

ചെന്നൈയിലെ കമ്പനി സ്പ്രിംഗ്‌ളറുകള്‍ നന്നാക്കാന്‍ ഒരുലക്ഷത്തോളം രൂപ പറഞ്ഞിടത്താണ് നാട്ടിലെ പ്ലംബറായ നാരായണന്‍കുട്ടി ഇരുപതിനായിരത്തില്‍പ്പരം രൂപയ്ക്ക് ഇത് നന്നാക്കിയത്. മാത്രമല്ല ഓട്ടോമാറ്റിക്കിന് പകരം മാനുവലായി പ്രവര്‍ത്തിക്കുന്ന രണ്ട് വാല്‍വുകള്‍ക്കൂടി അദ്ദേഹം ഘടിപ്പിക്കുകയും ചെയ്തു.


കാര്യങ്ങളില്‍ പ്രായോഗികമായ ഇടപെടലാണ് വേണ്ടതെന്ന് മനസ്സിലായി - ബൈജു കൊല്ലംപറമ്പില്‍

ചെന്നൈ കമ്പനി സ്പ്രിംഗ്‌ളറുകള്‍ നന്നാക്കാന്‍ ഒരുലക്ഷം രൂപാ പറഞ്ഞപ്പോഴേ മനസ്സിടിഞ്ഞുപോയി. അങ്ങനെയാണ് നാട്ടിലെ പ്ലംബറെ ഒന്നുവിളിച്ച് കാണിക്കാന്‍ തീരുമാനിച്ചത്. അതേതായാലും ഗുണകരമായി. ഇത്തരം പ്രശ്‌നങ്ങളില്‍ പ്രായോഗിക ഇടപെടലാണ് ഏറ്റവും നല്ലതെന്ന് ബോധ്യമാവുകയും ചെയ്തുവെന്ന് നഗരസഭാ വിദ്യാഭ്യാസ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments