ഉറക്കം നഷ്ടപ്പെട്ട് തൊമ്മന്‍കുത്തും മുളപ്പുറവും : കാടിറങ്ങി വന്യമൃഗങ്ങള്‍; നാടുവിട്ട് കര്‍ഷകര്‍


 അറുപതു വര്‍ഷത്തോളമായി വീടുവച്ചു താമസിക്കുന്ന പുരയിടത്തിനു സമീപം വരെ കാട്ടാനകള്‍ എത്തിയതിന്റെ ഭീതിയിലാണ് തൊമ്മന്‍കുത്ത്, മുളപ്പുറം മേഖലയിലെ ജനങ്ങള്‍. ഇതിനു വിളിപ്പാടകലെ തേക്കിന്‍കൂപ്പ് ഉള്‍പ്പെടെ വനമേഖലയുണ്ടെങ്കിലും ആനകള്‍ ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലയില്‍ എത്തുന്നത് അടുത്തിടെയാണ്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് എന്നിവയെല്ലാം ഇപ്പോള്‍ കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്നു. മനുഷ്യരുടെ ജീവനും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയായ കാട്ടാനകളെ പടക്കം പൊട്ടിച്ചും മറ്റും താത്കാലമായി തുരത്തുന്നുണ്ടെങ്കിലും ഇവ തുടര്‍ച്ചയായി എത്തുന്ന സാഹചര്യത്തില്‍ പലരും താമസിക്കുന്ന വീടുകള്‍ വിട്ട് ഇവിടെ നിന്നു പലായനം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
കണ്‍മുന്നില്‍ കാട്ടാനക്കൂട്ടം
1951 മുതല്‍ മുളപ്പുറത്തെ താമസക്കാരനാണ് റിട്ട. അധ്യാപകനായ കോശേരില്‍ കെ.എം. മത്തായി. 1964-ലെ ഭൂ പതിവ് ചട്ട പ്രകാരം പട്ടയം ലഭിച്ച ഭൂമിയാണ് ഇദ്ദേഹത്തിന്റേത്. പുഞ്ചക്കണ്ടം തേന്‍കോടം പ്ലാന്റേഷനു സമീപത്തുള്ള മത്തായി സാറിന്റെ ഭൂമിയില്‍ റബര്‍ ഉള്‍പ്പെടെ വിവിധ കൃഷികള്‍ ചെയ്തുവരുന്നുണ്ട്. ഏതാനും ദിവസം മുമ്പ് വനാതിര്‍ത്തി കടന്ന് കാട്ടാനക്കൂട്ടം എത്തി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. രാത്രിയിലാണ് ആനക്കൂട്ടം എത്തിയത്. ഒന്നിലേറെ തവണ ആനകള്‍ എത്തിയതോടെ പ്രദേശത്തു താമസിക്കുന്നവര്‍ ഭീതിയിലായി. പ്രദേശവാസികള്‍ പകല്‍ പോലും ഇതുവഴി സഞ്ചരിക്കുന്നത് നെഞ്ചിടിപ്പോടെയാണ്. ഇതിനു പുറമെ സമീപത്തെ പുഴയോരത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യവുമുണ്ട്. തേന്‍കോടം പ്ലാന്റേഷന്‍ ഭാഗത്താണ് കുന്നുമ്മല്‍ ജേക്കബും ഭാര്യയും കഴിയുന്നത്. ഏതാനും ദിവസം മുന്‍പു രാത്രി വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ വീടിനു സമീപം നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടത്തെയാണ് കണ്ടത്. വാഴയും തെങ്ങും ഉള്‍പ്പെടെയുള്ള വിളകള്‍ നശിപ്പിച്ച ശേഷമാണ് ആനക്കൂട്ടം കാടു കയറിയത്. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ജേക്കബിന് ആനശല്യം കേട്ടുകേള്‍വി മാത്രമായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടാനകള്‍ വീടിനു സമീപം വരെയെത്തിയതിന്റെ ഭീതി ഇപ്പോഴും വിട്ടു മാറിയിട്ടില്ല. വീണ്ടും കാട്ടാന ആക്രമണമുണ്ടായാല്‍ വീടുവിട്ടു പോകുക മാത്രമേ നിവൃത്തിയുള്ളൂവെന്നാണ് ഇവര്‍ പറയുന്നത്.


ഉറക്കമില്ലാത്ത രാത്രികള്‍

ഇതിനു സമീപത്തു തന്നെയാണ് കുന്നേല്‍ ജോണി, ഫിലിപ്പ്, തൊമ്മച്ചന്‍ എന്നിവരുടെ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവരുടെ പട്ടയ ഭൂമിയിലേക്കെത്താന്‍ തേക്ക് പ്ലാന്റേഷനിലൂടെയുള്ള മണ്‍പാത മാത്രമാണ് ആശ്രയം. കൃഷിയാണ് എല്ലാവരുടെയും ജീവനോപാധി. എന്നാല്‍ ഇപ്പോള്‍ കൃഷിയും വീടും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്കു പോകേണ്ട അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു. വീടിനടുത്തുള്ള റബര്‍ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ആനക്കൂട്ടമെത്തിയത്. വാഴയും തെങ്ങും ഉള്‍പ്പെടെ കൃഷികള്‍ നശിപ്പിച്ചു. പടക്കം പൊട്ടിച്ചതോടെയാണ് ആനക്കൂട്ടം പിന്‍വാങ്ങിയത്. വീണ്ടും ആനയിറങ്ങുമെന്ന ഭീതിയിലാണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്. ആനയെ തുരത്താനുള്ള പടക്കങ്ങള്‍ ഇപ്പോള്‍ വീടുകളില്‍ സൂക്ഷിച്ചാണ് ഇവര്‍ അന്തിയുറങ്ങുന്നത്.
കാട്ടുപന്നിയുടെ വിളയാട്ടം
ഇതിനു പുറമെയാണ് കാട്ടു പന്നിയുടെ ആക്രമണം. മരച്ചീനി, പൈനാപ്പിള്‍ ഉള്‍പ്പെടെയുള്ള വിളകള്‍ വ്യാപകമായാണ് കാട്ടുപന്നി നശിപ്പിക്കുന്നത്. കൃഷി ചെയ്യുന്ന വിളകളുടെ പകുതിയോളം കാട്ടുപന്നിക്കൂട്ടമെത്തി നശിപ്പിക്കും. ഇവയെ നിയന്ത്രിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ പലരും കൃഷി ഉപേക്ഷിച്ചു. കാട്ടുപന്നി കടക്കാതിരിക്കാന്‍ ടിന്‍ ഷീറ്റു കൊണ്ട് വേലി തീര്‍ത്താണ് പലരും പൈനാപ്പിള്‍ കൃഷി ചെയ്യുന്നത്.
പ്രതിരോധം അകലെ
ഒട്ടേറെ കുടുംബങ്ങളാണ് ഇത്തരത്തില്‍ വന്യമൃഗ ഭീതിയില്‍ കഴിയുന്നത്. വന്യമൃഗങ്ങള്‍ അതിര്‍ത്തി കടക്കാതിരിക്കാനുള്ള പ്രതിരോധ സംവിധാനങ്ങളില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് കര്‍ഷകര്‍ ചുണ്ടിക്കാട്ടുന്നു. വനത്തില്‍നിന്നു വേളൂര്‍ പുഴ കടന്നാണ് കാട്ടാനകളും മറ്റു മൃഗങ്ങളും കൃഷിയിടങ്ങളിലേക്കെത്തുന്നത്. സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായാണ് തേക്ക് പ്ലാന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വെയിലേറ്റ് മുരടിച്ചു പോയ തേക്കുമരങ്ങള്‍ വേനല്‍ക്കാലത്തും മറ്റും കാട്ടാനകള്‍ക്ക് ആശ്വാസം നല്‍കില്ല. വെള്ളവും തീറ്റയും ലഭിക്കാതായതോടെയാണ് ആനകള്‍ പച്ചപ്പു നിറഞ്ഞ കൃഷിയിടങ്ങളിലേക്കിറങ്ങുന്നത്. ആനകള്‍ വനാതിര്‍ത്തി കടക്കാതിരിക്കാനുള്ള വൈദ്യുത വേലി, കിടങ്ങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുകയാണ് ഇതിനു പ്രതിവിധിയെന്നു പ്രദേശവാസികള്‍ പറയുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments