പിഞ്ചോമനകളുടെ ചിരി മായ്ച്ച് കളഞ്ഞല്ലോ... ക്രൂരകൊലപാതകത്തില്‍ നടുങ്ങി കൊച്ചുകൊട്ടാരം


സുനില്‍ പാലാ


താലോലിക്കേണ്ട കൈകൊണ്ട് കൊടുംപാതകം. പിഞ്ചോമനകള്‍ താരാട്ട് കേട്ടുറങ്ങേണ്ട തൊട്ടിലിന്റെ കയറില്‍ പിന്നെ സ്വയം അവസാനിപ്പിച്ചു. 

കുരുന്നുകള്‍ക്കൊപ്പം തന്റെ പ്രിയതമയുടെ ജീവിതംകൂടി ചുറ്റികക്ക് അടിച്ച് അവസാനിപ്പിച്ച ജയ്‌സണ്‍ എല്ലാം മുന്‍കൂട്ടി ഉറപ്പിച്ചതുപോലെയായിരുന്നു.

പകല്‍വെളിച്ചത്തിലേക്ക് എത്തിയ കൊച്ചുകൊട്ടാരം ഇന്നലെ ആ ദാരുണകാഴ്ച കണ്ട്പകച്ചുപോയി. കട്ടിലില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന മൂന്ന് പിഞ്ചുശരീരങ്ങള്‍, തല പിളര്‍ന്ന് കിടക്കുന്ന ജയ്‌സന്റെ ഭാര്യ മരീന. തുറന്ന് കിടന്ന ജനാലകള്‍ക്കിടയിലൂടെ ഒന്ന് നോക്കിയതേയുള്ളൂ കണ്ടുനിന്നവരുടെയും നെഞ്ചുപിളര്‍ന്നു. ഇത്രയും ക്രൂരനായിരുന്നോ ജയ്‌സണെന്ന് നാട്ടുകാര്‍ പരസ്പരം ചോദിക്കുന്നുണ്ട്. 


ഇന്നലെ രാവിലെ 8.30 ഓടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതക വാര്‍ത്ത പ്രദേശവാസികള്‍ അറിയുന്നത്. പൂവരണി കൊച്ചുകൊട്ടാരത്ത് വാടകയ്ക്ക് താമസിക്കുന്ന ഞണ്ടുപാറ കുടിലില്‍പറമ്പില്‍ ജെയ്‌സണ്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി തൂങ്ങിമരിച്ചെന്നവാര്‍ത്ത നാടിന് ആദ്യം വിശ്വസിക്കാനായില്ല. നാട്ടുകാര്‍, ഒന്നിനു പിറകെ ഒന്നായി പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, മിനിറ്റുകള്‍ക്കുള്ളില്‍ പ്രദേശം ജനനിബിഢമായി. ജെയ്‌സന്റെയും കളരിക്കല്‍ കുടുംബാംഗമായ മെറീനയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുകുടുംബങ്ങളും തമ്മില്‍ സാമ്പത്തികമായി വലിയ അന്തരവുമുണ്ടായിരുന്നു. 



''ഉപദേശിക്കാന്‍ ഒത്തിരിപ്പേരുണ്ട്, പ്രശ്‌നപരിഹാരത്തിനാരുമില്ല''

''ഞങ്ങള്‍ അമ്മയുടെ അടുത്തേക്ക് പോകുന്നു. ഉപദേശിക്കാനായിട്ട് ഒത്തിരിപ്പേരുണ്ട്, പക്ഷേ പ്രശ്‌നപരിഹാരത്തിന് ആരുമില്ല. ഞങ്ങളുടെ മൃതദേഹം ഭാര്യ മെറീനയുടെ വീട്ടുകാരെ കാണിക്കരുത്...'' എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ജെയ്‌സ്ണും ഭാര്യ മെറീനയും ഏറെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും ഇവര്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും പരിചയക്കാര്‍ പറയുന്നു. സാമ്പത്തിക ബാധ്യതയാവാം കുടുംബത്തെ ഒന്നാകെ ഇല്ലായ്മ ചെയ്ത് ജയ്‌സണ്‍ സ്വയം മരിക്കാന്‍ കാരണമെന്നാണ് പോലീസ് കരുതുന്നത്. ഭാര്യയെ ചുറ്റികകൊണ്ട് പലവട്ടം തലയ്ക്കും മുഖത്തും അടിച്ചിട്ടുണ്ട്. 

മൂത്തമകന്‍ ജെറാള്‍ഡിന്റെ തലയും ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ പൊട്ടിയിട്ടുണ്ട്. ഇവരുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ട്. എന്നാല്‍ ഇളയ രണ്ട് മക്കളെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളത്. കൊച്ചുകൊട്ടാരം ഭാഗത്ത് ഒറ്റപ്പെട്ട സ്ഥലത്താണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടുള്ളത്. ചേട്ടന്‍ ജിജോയെ രാവിലെ വിളിച്ചു വരുത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മരണവാര്‍ത്ത ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ പുറത്തറിയുമായിരുന്നുള്ളൂ.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments