മാസപ്പടിയില്‍ എക്‌സൈസ് വീഴും... ഇവര്‍ ലഹരിയില്‍ അഴിഞ്ഞാടും... മീനച്ചില്‍ താലൂക്കില്‍ കഞ്ചാവ്-മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു.



സുനില്‍ പാലാ

മീനച്ചില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ്, മയക്കുമരുന്ന് വില്പന വ്യാപകമായി. ഇതോടൊപ്പം അനധികൃത ബാറുകളും പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. എക്‌സൈസ് അധികാരികള്‍ക്ക് മാസപ്പടി നല്‍കിക്കൊണ്ടാണ് മദ്യ-മയക്കുമരുന്ന്-കഞ്ചാവ് വില്പന തകൃതിയായി നടക്കുന്നതെന്നാണ് ആക്ഷേപം. 

പാലാ നഗരഹൃദയത്തിലെ സുലഭയ്ക്ക് സമീപമുള്ള ഗ്രൗണ്ട്, കൊട്ടാരമറ്റം, ടൗണ്‍ ബസ് സ്റ്റാന്റ്, സ്റ്റേഡിയത്തിന് സമീപം എന്നിവിടങ്ങളിലെല്ലാം മയക്കുമരുന്നും കഞ്ചാവും സുലഭമായി ലഭിക്കുമെന്ന് പറയപ്പെടുന്നു.

ഭരണങ്ങാനം, ഇടപ്പാടി, ചിറ്റാനപ്പാറ, ഉള്ളനാട് മേഖലകളില്‍ കഞ്ചാവും അനധികൃത മദ്യവില്പനയും തകൃതിയായി നടക്കുകയാണ്. രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി, അന്ത്യാളം, വെള്ളിലാപ്പിള്ളി, നീറന്താനം, ഇടക്കോലി, കൂടപ്പുലം മേഖലകളില്‍ കഞ്ചാവും മയക്കുമരുന്നും സുലഭമാണ്. ചില കടകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പനയും നടക്കുന്നുണ്ട്. മീനച്ചില്‍ പഞ്ചായത്തിലെ പൈക, വിളക്കുമാടം, ഇടമറ്റം മേഖലകളില്‍ അനധികൃത മദ്യവില്പനയുണ്ട്. കരൂരിലെ വലവൂര്‍, ഇടനാട് പേണ്ടാനംവയല്‍ ഭാഗങ്ങളില്‍ അനധികൃത മദ്യവില്പനയും മയക്കുമരുന്ന് കച്ചവടവും നടക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. മുത്തോലി പഞ്ചായത്തിലെ തെക്കുംമുറി, പടിഞ്ഞാറ്റിന്‍കര മേഖലകളിലും കൊഴുവനാല്‍ പഞ്ചായത്തിലെ പന്തത്തല, മേവട ഭാഗങ്ങളില്‍ കഞ്ചാവ് വില്പനക്കാരുണ്ട്. കടനാട് പഞ്ചായത്തിലെ കൊല്ലപ്പിള്ളി, കടനാട് വല്യാത്ത് മേഖലകളിലും നീലൂരിലും അനധികൃത മദ്യവില്പന കേന്ദ്രങ്ങളുണ്ട്.

എക്‌സൈസ് സംഘം വല്ലപ്പോഴും ഇത്തരം വില്പനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് റെയ്ഡിന്റെ പേരില്‍ പിരിവെടുക്കാനാണെന്നാണ് ആക്ഷേപം.



പരാതിയേറിയപ്പോള്‍ അന്യസംസ്ഥാനക്കാരെ പൊക്കി തലയൂരി പാലാ എക്‌സൈസ്

എക്‌സൈസിന്റെ മൗനാനുവാദത്തോടെ മീനച്ചില്‍ താലൂക്കില്‍ മയക്കുമരുന്ന്, കഞ്ചാവ് അനധികൃത മദ്യവില്പന എന്നിവ ഏറിയതായി പരാതി ഉയര്‍ന്നതോടെ നില്‍ക്കക്കള്ളിയില്ലാതെ വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടി തലയൂരി പാലാ എക്‌സൈസ് അധികാരികള്‍.

 പാലാ  എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍  ബി. ദിനേശിന്റെ നേതൃത്വത്തില്‍ പാലാ എക്‌സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡില്‍ പശ്ചിമബംഗാളില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന ശേഷം പാലായില്‍ വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന രണ്ട് കിലോയില്‍പരം കഞ്ചാവ് പിടിച്ചെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ആരിഫ് അഹമ്മദ്, ട്യൂട്ടല്‍ എസ്.കെ.  എന്നിവരെയാണ് പിടികൂടിയത്. എന്നാല്‍ പാലായില്‍ ഇത് എവിടെ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവാണ് എന്ന ചോദ്യത്തിന് എക്‌സൈസ് അധികാരികള്‍ക്ക് ഉത്തരവുമില്ല.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments