മിന്നൽ പ്രളയവും ഉരുൾപൊട്ടലും: നാശനഷ്ടങ്ങൾ വിലയിരുത്തി നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മാണി സി. കാപ്പൻ എം. എൽ. എ....
അടിയന്തര സാഹചര്യങ്ങളെ നേരിടുവാൻ ജനങ്ങൾ സജ്ജരായിരിക്കണമെന്നും എം. എൽ. എ
മിന്നൽ പ്രളയവും ഉരുൾപൊട്ടലും മൂലം നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുവാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളണമെന്ന് റവന്യൂ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടനടി നാശനഷ്ടം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. മിന്നൽ പ്രളയം പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സജ്ജരായിരിക്കുവാനും പ്രത്യേകം അഭ്യർത്ഥിക്കുകയാണ്. കാനകളും ഓടകളും തോടുകളും തെളിച്ച് വെള്ളം ഒഴുകി പോകുവാനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി കൈക്കൊള്ളേണ്ടതാണ് എന്നുകൂടി ഓർമിപ്പിക്കുകയാണ്.
മലയോര പ്രദേശങ്ങളിലുള്ള ജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും എം. എൽ. എ അഭ്യർത്ഥിക്കുന്നു.
കാലാവസ്ഥ പ്രവചനങ്ങളെ അടിസ്ഥാനമാക്കി സാഹചര്യങ്ങൾ വിലയിരുത്തി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കേണ്ട വരെ മാറ്റി പാർപ്പിക്കുവാനുള്ള ക്രമീകരണങ്ങളും, ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനുള്ള മുന്നൊരുക്കങ്ങളും നടത്തണമെന്നും കോട്ടയം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ എംഎൽഎ ഓഫീസിലേക്ക് വിവരങ്ങൾ കൈമാറണമെന്നും മാണി സി. കാപ്പൻ അഭ്യർത്ഥിച്ചു.



0 Comments