ഭരണങ്ങാനത്ത് വിദ്യാലയ വര്‍ഷാരംഭ പ്രാര്‍ഥനയില്‍ പങ്കെടുത്ത് വിദ്യാര്‍ഥികള്‍
സ്വന്തം ലേഖകൻ
ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന വിദ്യാലയ വര്‍ഷാരംഭം പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇന്ന് രാവിലെ 9.30ന് ആരംഭിച്ച പ്രാര്‍ത്ഥനാ ശുശ്രൂഷ ഫാ. ആന്റണി തോണക്കര നയിച്ചു. മാതാപിതാക്കന്മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പിലും കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഫാ. എബി തകിടിയേലും വിശദീകരിച്ചു. '
മാതാപിതാക്കളായിരിക്കുക എന്നത് വലിയ വെല്ലുവിളി ആയിരിക്കുന്നതുപോലെ തന്നെ മക്കളായിരിക്കുക എന്നതും വെല്ലുവിളിയാണെന്നും മലിനമായ കുടുംബാന്തരീക്ഷം കുട്ടികളെ മാനസികശാരീരിക ആരോഗ്യം ഇല്ലാത്തവരാക്കുമെന്നും പ്രഭാഷണത്തില്‍ റെക്ടര്‍ ഓര്‍മ്മപ്പെടുത്തി.
ദിവ്യകാരുണ്യ ആരാധനക്ക് ഫാ. ജീമോന്‍ പനച്ചിക്കല്‍കരോട്ട് കാര്‍മ്മികത്വം വഹിച്ചു. കുട്ടികളെ ഓരോരുത്തരെയും വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പങ്കെടുത്ത ഓരോ വിദ്യാര്‍ത്ഥിയുടെയും ശിരസില്‍ കരങ്ങള്‍ വച്ച് തീര്‍ഥാടന കേന്ദ്രത്തിലെ പത്തു വൈദികരും പ്രാര്‍ത്ഥിച്ചു.
അഭിഷേക പ്രാര്‍ത്ഥനയ്ക്ക് തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര, ഫാ.ഏബ്രഹാം കണിയാമ്പടിയ്ക്കല്‍, ഫാ. അലക്‌സ് മൂലക്കുന്നേല്‍, ഫാ. അബ്രഹാം എരുമറ്റം, ഫാ. സെബാസ്റ്റ്യന്‍ നടുവിത്തടം, ഫാ. ജോര്‍ജ് ചീരാംകുഴി, ഫാ. തോമസ് തോട്ടുങ്കല്‍, ഫാ. മാര്‍ട്ടിന്‍ കല്ലറക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് പേനയും ജപമാലയും അല്‍ഫോന്‍സാമ്മയുടെ ചിത്രവും മധുരവും സമ്മാനമായി നല്‍കി.



0 Comments