മീനച്ചില്‍ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച തോട്ടുങ്കര – ചള്ളാവയല്‍ റോഡില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന മുട്ടം -ഈരാറ്റുപേട്ട, പാലാ റോഡിലാണ് അപകടക്കെണി. തിങ്കളാഴ്ച്ച ഉച്ചക്ക് 1.15 ഓടെ തോട്ടുങ്കരക്ക് സമീപം പ്രവര്‍ത്തിക്കുന്ന സോമില്ലിലെ രണ്ട് തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇവിടെ ഗര്‍ത്തത്തില്‍ വീണ് അപകടം സംഭവിച്ചിരുന്നു. റോഡിലൂടെ വന്ന മറ്റ് വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ ഇരുചക്ര വാഹനം ഓടിച്ചിരുന്നയാള്‍ നിലത്ത് കാല്‍ കുത്തിയപ്പോള്‍ ചെളി നിറഞ്ഞ
ആഴത്തിലേക്ക് കാല്‍ താഴ്ന്നു പോകുകയും ഇരുവരും നിലത്തേക്ക് വീണ് ഇവരുടെ ദേഹത്തേക്ക് വാഹനം മറിയുകയുമായിരുന്നു. സാരമായ പരിക്ക് സംഭവിച്ച ഇരുവരേയും സോമില്‍ ഉടമയും പ്രദേശവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഞായറാഴ്ച്ച രാവിലെ ഇരുചക്രവാഹന യാത്രക്കാരനായ നീലൂര്‍ സ്വദേശിയും ശനിയാഴ്ച്ച രാത്രിയില്‍ ഇരുചക്ര വാഹനത്തില്‍ ഇതിലൂടെ കടന്ന് പോയ അറക്കുളം സ്വദേശിയായ സ്റ്റീഫനും ഭാര്യ മിനിയും ഇവിടെ അപകടത്തില്‍പെട്ടിരുന്നു. റോഡ് വെട്ടിപ്പൊളിച്ചതിന് ശേഷം ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് നിത്യവും ഇവിടെ
അപകടത്തില്‍പെടുന്നത്. അപകടത്തില്‍പെടുന്നതിലേറെയും ഇരുചക്ര വാഹനങ്ങളാണ്. പൈപ്പ് സ്ഥാപിച്ചതിന് ശേഷം മണ്ണിട്ട് നികത്തിയ ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ റോഡ് താഴ്ന്ന് പോകുന്നതും, ടാറിംഗില്‍ നിന്ന് കട്ടിംഗിലേക്ക് തെന്നി മാറുമ്പോഴും വന്‍ ദുരന്തങ്ങള്‍ക്ക് സാധ്യത ഏറെയാണ്. റോഡില്‍ ചെളിവെള്ളം കെട്ടി ദുര്‍ഗന്ധം വമിക്കുന്നത് പ്രദേശവാസികളെ കഷ്ടത്തിലാക്കുകയാണ്. കൂടാതെ വിവിധ സ്‌കൂള്‍ – കോളേജ് സ്ഥാപനങ്ങളിലെ അനേകം വാഹനങ്ങളും ഇതിലൂടെ കടന്ന്
പോകുന്നുണ്ട്. കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ച റോഡ് അടിയന്തരമായി പുനസ്ഥാപിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍, പി ജെ ജോസഫ് എംഎല്‍എ, ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധ പ്രകടനം, റോഡ് ഉപരോധം ഉള്‍പ്പടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments