പാലായിലെ നിരത്തുകളില്‍ അപകടക്കെണി.... റോഡില്‍ ചരല്‍, വീണാല്‍ ചതവ്




സുനില്‍ പാലാ

ചരലും മണ്ണും നടുറോഡില്‍. തെന്നിവീണ് പരിക്കേറ്റ് ഇരുചക്രവാഹന യാത്രക്കാര്‍. പരാതിയുമായി ജനങ്ങള്‍ പി.ഡബ്ല്യു.ഡി. അധികാരികളുടെ മുന്നിലേക്ക്. എല്ലാമറിഞ്ഞിട്ടും ''ഒന്നുമറിയാതെ'' ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍. 



പാലാ - ഉഴവൂര്‍ റൂട്ടില്‍ അല്ലപ്പാറ കരുണാലയം ഭാഗത്ത് ഉപറോഡില്‍ നിന്ന് മെയിന്‍ റോഡിന്റെ പകുതിയോളം ഭാഗം മണ്ണ് മഴവെള്ളത്തില്‍ ഒഴുകിയിറങ്ങി കടക്കുകയാണ്. ഇതുവഴി ഇരുചക്രവാഹനത്തില്‍ പോയാല്‍ അപകടം ഉറപ്പ്. സൈഡ് വഴി പോയാലോ കാട്ടുപള്ളകള്‍ക്കിടയിലേക്ക് വാഹനങ്ങള്‍ തെന്നി നീങ്ങിയേക്കാം.

പാലാ - രാമപുരം - ഏഴാച്ചേരി റൂട്ടിലും സ്ഥിതി വ്യത്യസ്തമല്ല. ഏഴാച്ചേരി കാവിന്‍പുറം കവല മുതല്‍ വെള്ളിലാപ്പിള്ളി വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ അഞ്ച് ഇടങ്ങളിലാണ് മണ്ണും ചെളിയും റോഡിന് നടുവിലേക്ക് ഇറങ്ങിക്കിടക്കുന്നത്. 


ഏഴാച്ചേരി ഗാന്ധിപുരം ഭാഗത്ത് 70 മീറ്ററോളം ദൂരത്ത് ടാര്‍ റോഡില്‍ മണ്ണും ചെളിയും ഒലിച്ചിറങ്ങിയിരിക്കുകയാണ്. പലയിടത്തും ചരലടിഞ്ഞ് മണല്‍ത്തിട്ടകള്‍ രൂപപ്പെട്ടതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിട്ടുണ്ട്. ഈ ഭാഗത്ത് വെള്ളം കെട്ടിനിന്ന് റോഡും തകര്‍ച്ചയിലാണ്.

ചരല്‍ അടിഞ്ഞ് കിടക്കുന്നതിനാല്‍ കനത്ത മഴയില്‍ ചില സ്ഥലങ്ങളില്‍ റോഡും ഓടയും തമ്മില്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. 




ജനപ്രതിനിധികളോട് വിവരം പറഞ്ഞു, പതിവുപോലെ ''ചെയ്യാം'' എന്നുമാത്രം മറുപടി

അല്ലാപ്പാറയിലും ഏഴാച്ചേരി ഗാന്ധിപുരം ലക്ഷംവീട് ഭാഗത്തും റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങി അപകടം സൃഷ്ടിക്കുന്ന വിവരം നാട്ടുകാര്‍ ബന്ധപ്പെട്ട ജനപ്രതിനിധികളെ അറിയിച്ചെങ്കിലും ''എല്ലാം'' പരിഹരിക്കാം എന്ന പതിവ് മറുപടിയല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.  



അപകടങ്ങള്‍ ഒഴിവാക്കണം, അധികാരികള്‍ ഉണരണം

പാലാ - ഉഴവൂര്‍ റൂട്ടില്‍ അല്ലപ്പാറയിലും രാമപുരം റൂട്ടില്‍ ഏഴാച്ചേരി ഗാന്ധിപുരം ഭാഗത്തും മറ്റിടങ്ങളിലും റോഡിന്റെ നടുവിലേക്ക് മണ്‍കട്ടകള്‍ ഒലിച്ചിറങ്ങി അപകടമുണ്ടാക്കുന്നത് ഒഴിവാക്കാന്‍
പി.ഡബ്ല്യു.ഡി. അധികാരികളും തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളും അടിയന്തിര നടപടി സ്വീകരിക്കണം - ജോയി കളരിക്കല്‍, പ്രസിഡന്റ്, പാലാ പൗരാവകാശ സമിതി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments