പിഴവ് തിരുത്താനുറച്ച് സ്‌കൂള്‍ പ്രവേശനോത്സവം 'കിടു' ആക്കും.



സുനില്‍ പാലാ

ഒടുവില്‍ സ്‌കൂള്‍ വാര്‍ഷികം നടത്തിയില്ലെങ്കിലും പ്രതിഭകളെ ആദരിക്കാന്‍ പ്രവേശനോത്സവദിവസം വേദിയാക്കി പാലാ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധികാരികള്‍.

കഴിഞ്ഞവര്‍ഷം ഹയര്‍സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും സ്‌കൂള്‍ വാര്‍ഷികാഘോഷം പോലും നടത്താത്ത സ്‌കൂള്‍ അധികാരികളുടെ നിലപാടിനെപ്പറ്റി യെസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ആണ്ടിലൊരിക്കല്‍ സ്‌കൂള്‍ വാര്‍ഷികം നടത്തണമെന്ന നിബന്ധന സ്‌കൂള്‍ മാനുവലില്‍ ഉള്ളപ്പോഴാണ് ഫണ്ടില്ലെന്നും സമയം കിട്ടിയില്ലെന്നുമൊക്കെയുള്ള തൊടുന്യായങ്ങള്‍ നിരത്തി സ്‌കൂള്‍ വാര്‍ഷികം നടത്താതിരുന്നത്. 

എല്ലാ വര്‍ഷവും ഇത്തരം ആഘോഷപരിപാടികള്‍ നടത്തുകയും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോവ്മെന്റുകളും മറ്റും വിതരണം ചെയ്യാറുള്ളതുമാണ്. 



ഇതുസംബന്ധിച്ച് സ്‌കൂള്‍ പി.ടി.എ. മുന്‍വൈസ് പ്രസിഡന്റ് മരങ്ങാട്ടുപിള്ളി ആണ്ടൂര്‍ ഏറത്തുരുത്തിയില്ലം ശ്രീജാ ഗോപകുമാര്‍ വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ ഡയറക്ടര്‍, കോട്ടയം ജില്ലാ കളക്ടര്‍, കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതികള്‍ കൊടുത്തിരുന്നു. 

ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതോടെ ഉന്നത വിദ്യാഭ്യാസ അധികാരികള്‍ പ്രശ്നത്തില്‍ ഇടപെടുകയും ഇത്തവണത്തെ പ്രവേശനോത്സവത്തില്‍ പ്രതിഭകള്‍ക്ക് മെമന്റോകളും മറ്റും നല്‍കി ആദരിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇത് സംബന്ധിച്ച് സ്‌കൂള്‍ പി.ടി.എ. പൊതുയോഗവും കഴിഞ്ഞ ദിവസം യോഗം ചേരുകയും മേലില്‍ എല്ലാ വര്‍ഷവും സ്‌കൂള്‍ വാര്‍ഷികം നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. 



പ്രതിഭകളെ ആദരിക്കാന്‍ തീരുമാനിച്ചത് നല്ലകാര്യം 

സ്‌കൂള്‍ അധികാരികളുടെ പിടിപ്പുകേടും അലംഭാവവും മൂലം കഴിഞ്ഞവര്‍ഷം സ്‌കൂള്‍ വാര്‍ഷികം നടത്തിയില്ലെങ്കിലും അതിനുപകരമായി ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവ സമയത്ത് പ്രതിഭകളെ ആദരിക്കാന്‍ തീരുമാനിച്ചത് നല്ലകാര്യമാണെന്ന് ഈ വിഷയത്തിലെ പരാതിക്കാരിയായ ശ്രീജാ ഗോപകുമാര്‍ പറഞ്ഞു. 


മൂന്നാം തീയതി നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവത്തോടൊപ്പം മെറിറ്റ് ഡേയും നടത്തുമെന്ന് സ്‌കൂളില്‍ നിന്ന് വിളിച്ച് അറിയിച്ചിരുന്നതായും ശ്രീജ പറഞ്ഞു. മേലില്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം മുടങ്ങാതെ നടത്താനുള്ള പി.ടി.എ.യുടെ തീരുമാനത്തെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും ശ്രീജ ഗോപകുമാര്‍ പറഞ്ഞു. 



പ്രവേശനോത്സവവും മെറിറ്റ് ഡേയും നാളെ 

പാലാ മഹാത്മാഗാന്ധി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവവും മെറിറ്റ് ഡേയും നാളെ രാവിലെ 10.30 ന് സ്‌കൂള്‍ ഹാളില്‍ നടത്തുമെന്ന് പി.ടി.എ. പ്രസിഡന്റ് പി.എന്‍. സുഭാഷ്, ഹെഡ്മാസ്റ്റര്‍ ജെഫ്റുദ്ദീന്‍ അബുബക്കര്‍, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ്ജ് റീനാമോള്‍ എബ്രാഹം എന്നിവര്‍ അറിയിച്ചു. പി.ടി.എ. പ്രസിഡന്റ് പി.എന്‍. സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ പ്രതിഭകളെ ആദരിക്കും. 




 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments