സത്യപാലന്‍സാറിന് കാഴ്ചപരിമിതി വിലങ്ങുതടിയല്ല... ആവേശം നിറയും ഈ മിഴികളില്‍...





സുനില്‍ പാലാ

കായിക മേളയിലെ താരങ്ങളെ സത്യമായും സത്യപാലന്‍ സാര്‍ കാണുന്നില്ല; പക്ഷേ അവരുടെ ആവേശത്തിന്റെ ആരവം സാറിന്റെ കാതുകളില്‍ സദാ അലയടിക്കുകയാണ്. 
 
അതുകൊണ്ടാണ് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ റവന്യു ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഉത്തരവാദിത്വങ്ങളുമായി പൂര്‍ണ്ണമായും അന്ധനായ സത്യപാലന്‍ സാര്‍ സജീവമായി നില്‍ക്കുന്നത്.


പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി അടുത്തിടെ ചുമതലയേറ്റ ഡി.ഇ.ഒ. സി. സത്യപാലന്‍ കാഴ്ച പരിമിതി കായികപ്രേമത്തിനും പ്രോത്സാഹനത്തിനും വിലങ്ങുതടിയല്ലെന്ന് തെളിയിക്കുകയാണ്.

പാലാ നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ മത്സരം ആരംഭിച്ച ഇന്നലെ രാവിലെ 9.30ന് തന്നെ അദ്ദേഹമെത്തി. ഉദ്ഘാടന സമ്മേളനത്തില്‍ കുട്ടികള്‍ക്ക് നല്ലൊരു സന്ദേശവും നല്‍കി. കാഴ്ചയില്ലാത്തതിനാല്‍ ഡി.ഇ.ഒ ഓഫീസിലെ തന്നെ ജീവനക്കാരനായ കിഷോറിനേയും കൂട്ടിയാണ് അദ്ദേഹം സ്റ്റേഡിയത്തിലെത്തിയത്.




 
പഠനത്തില്‍ മാത്രമല്ല കായിക മത്സരങ്ങളിലും കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നുള്ള തന്റെ അടങ്ങാത്ത അഭിനിവേശമാണ് അവര്‍ക്കൊപ്പം ട്രാക്കിലെത്താന്‍ പരിമിതികള്‍ വകവയ്ക്കാതെയുള്ള  വരവിന് പിന്നിലെന്ന് സത്യപാലന്‍ പറഞ്ഞു.

ഷൊര്‍ണൂര്‍ സ്വദേശിയായ ഇദ്ദേഹം പരിമിതികളെ അതിജീവിച്ചാണ് പടിപടിയായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പദവിയിലെത്തിയത്. ജനിച്ചപ്പോള്‍ ഒരു കണ്ണിന് മങ്ങിയ കാഴ്ചയുണ്ടായിരുന്നുവെങ്കിലും പിന്നീട് രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. ആറാം ക്ളാസുവരെ നാട്ടിലെ സ്‌കൂളില്‍ പഠിച്ചശേഷം ഏഴാം ക്ളാസില്‍ കുന്നങ്കുളത്തെ സ്പെഷ്യല്‍ സ്‌കൂളിലും തുടര്‍ന്ന് ഗവ.മോഡല്‍ സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം.

പാലക്കാട് ചിറ്റൂര്‍ ഗവ.കോളേജില്‍ നിന്ന് പ്രീഡിഗ്രിക്കും ഡിഗ്രി പഠനത്തിനും ശേഷം ബി.എഡും പാസായി അധ്യാപകനായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി അട്ടപ്പാടി ജി.ടി.യു.പി സ്‌കൂളിലാണ് ആദ്യനിയമനം ലഭിച്ചത്. പിന്നീട് പി.എസ്.സി വഴി പട്ടാമ്പി കൊടുമുണ്ട ഗവ.ഹൈസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. 
 
പിന്നീട് നീണ്ട 20 വര്‍ഷം വാടാനാംകുറിശി ഗവ.ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. പ്രമോഷനോടെ ഹെഡ്മാസ്റ്ററായി ഇടുക്കി കണ്ണനടി ഹൈസ്‌കൂളിലെത്തി.വീണ്ടും പ്രമോഷന്‍ ലഭിച്ചതോടെ കഴിഞ്ഞ 5 വര്‍ഷമായി ഒറ്റപ്പാലം എ.ഇ.ഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അടുത്തിയിടെ ഡി.ഇ.ഒ ആയി പ്രമോഷന്‍ ലഭിച്ചപ്പോള്‍ ആദ്യ നിയമനം പാലായിലായി. പാലാ കടപ്പാട്ടൂരിലാണ് താത്ക്കാലിക താമസം. 
 
ഭാര്യ ദേവയാനിയും അധ്യാപികയാണ്. ബിഫാം വിദ്യാര്‍ഥിനി കൃഷ്ണപ്രിയ, ഡിഗ്രി വിദ്യാര്‍ഥി അഖില്‍ എന്നിവരാണ് മക്കള്‍.


''ആവേശമുണ്ടെങ്കില്‍ പരിമിതികളൊക്കെ മറക്കും''

കുട്ടികളുടെ ഈ ഉത്സാഹത്തിമിര്‍പ്പിന് മുന്നില്‍ എന്റെ വല്ലായ്കയൊക്കെ എന്ത്...? കിഷോറിന്റെ കൈപിടിച്ച് സ്റ്റേഡിയത്തിന് പുറത്തേക്ക് നടക്കുമ്പോള്‍ പൊട്ടിച്ചിരിയോടെ സത്യപാലന്‍സാര്‍ പറഞ്ഞു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments