തലനാട് പഞ്ചായത്തിൽപ്പെട്ട ചൊവ്വൂർ നിവാസികൾക്ക് പഞ്ചായത്ത് കേന്ദ്രത്തിലെത്തണമെങ്കിൽ മൂന്നിലവ് പഞ്ചായത്ത് കേന്ദ്രത്തിലെത്തി അവിടെ നിന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെത്തി ബസ് കയറി തലനാട് എത്തേണ്ട ഗതികേടിന് പരിഹാരമാകുന്നു. സമയലാഭത്തിനായി ഓട്ടോ പിടിച്ചാൽ റോഡ് മോശമായതു കൊണ്ട് ചൊവ്വൂർ നിവാസികൾക്ക് നല്ലൊരു തുക ചെലവാകുമായിരുന്നു. മാണി സി. കാപ്പൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 38.40 ലക്ഷം രൂപ ചെലവഴിച്ച് ബാലവാടി - പാറേക്കയം - ചൊവ്വൂർ റോഡ് ടാറിംഗ് നടത്തിയതോടെ മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ചൊവ്വൂർ നിവാസികൾക്ക് സ്വന്തം പഞ്ചായത്ത് കേന്ദ്രത്തിലെത്താൻകഴിയും.
നാട്ടുകാർ വർഷങ്ങൾക്കു മുമ്പ് 8 മീറ്റർ വീതിയിൽ വെട്ടിത്തുറന്ന് പഞ്ചായത്തിന് വിട്ടു കൊടുത്ത റോഡ് 10 ലക്ഷം രൂപ കൂടി മുടക്കിയാൽ പൂർണ്ണമായും ഗതാഗത യോഗ്യമാകും. ചൊവ്വൂർ നിവാസികളുടെ ചിരകാലാഭിലാഷം സാദ്ധ്യമാക്കിയ മാണി സി .കാപ്പൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി, തലനാട് പഞ്ചായത്ത് മെമ്പർ രോഹിണിബായ് ഉണ്ണികൃഷ്ണൻ, ബേബി പോതനപ്രാകുന്നേൽ, താഹ അടുക്കം തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രദേശവാസികളും പങ്കെടുത്ത യോഗത്തിൽ റോഡ് പൂർത്തീകരിക്കാൻ എല്ലാ സഹായവും മാണി സി. കാപ്പൻ വാഗ്ദാനം ചെയ്തു.
മലയോര മേഖലയിൽ വികസനമെത്തിക്കുന്നതിലൂടെ മഹാത്മജിയുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുന്നതിന്റെ സംതൃപ്തിയാണ് താൻ അനുഭവിക്കുന്നതെന്ന് മാണി സി കാപ്പൻ എം.എൽ.എ. ജനപ്രതിനിധിയായ നാൾ മുതൽ മേലുകാവ് , മൂന്നിലവ്, തലനാട്, പ്രദേശങ്ങളുടെ വികസന സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാക്കാനായിരുന്നു പരിശ്രമമെന്നും ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ എന്നീ കേന്ദ്രങ്ങൾ ലോക ടൂറിസം മാപ്പിൽപ്പെടുത്തി പഞ്ചായത്ത് നിവാസികളുടെ ജീവിത നിലവാരം ഉയർത്താനുള്ള പരിശ്രമത്തിന് രാഷ്ട്രീയത്തിനതീതമായ പിന്തുണയുണ്ടാകണമെന്നും മാണി സി. കാപ്പൻ അഭ്യർത്ഥിച്ചു.
0 Comments