കെ. ആർ. നാരായണന് അർഹമായ ആദരവ് നൽകാൻ ജന്മനാട് മടിക്കുന്നു
മുൻ രാഷ്ട്രപതി കെ ആർ നാരായണൻ മൺമറഞ്ഞിട്ടു 20 വർഷമായെങ്കിലും അർഹമായ ആദരവ് ജന്മനാട് ഇപ്പോഴും മടിക്കുകയാണെന്ന് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. കെ ആർ നാരായണൻ്റെ നൂറ്റിയഞ്ചാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലമുറകളെ പ്രചോദിപ്പിക്കുന്ന മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താത്തത് കടുത്ത അനാദരവാണ്. കെ ആർ നാരായണൻ്റെ ജീവിതം സമാനതകളില്ലാത്തതാണ്. തലമുറകളെ പ്രചോദിപ്പിക്കാനും അവർക്കു വഴികാട്ടിയാവാനും കെ ആർ നാരായണൻ്റെ ജീവചരിത്ര പഠനത്തിലൂടെ സാധിക്കുമെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി.
അഡ്വ സന്തോഷ് മണർകാട്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ,അനൂപ് ചെറിയാൻ, റോയി ജേക്കബ്, വിഷ്ണു കെ ആർ, അമൽ കെ ഷിബു എന്നിവർ പ്രസംഗിച്ചു. കെ ആർ നാരായണൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.





0 Comments