ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ 25-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂവാറ്റുപുഴ രൂപതയില്‍നിന്നുള്ള ഷിബു തോമസ് ലോഗോസ് പ്രതിഭയായി. തൃശ്ശൂര്‍ കൊണ്ടഴി സ്വദേശിയായ ഷിബു അമേസിംഗ് ലാറ്റെക്‌സ് എന്ന കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. നാലു ലക്ഷത്തിഎഴുപത്തിയയ്യായിരംപേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. അതില്‍നിന്നും ലോഗോസ് പ്രതിഭ സ്വര്‍ണമെഡലും 1,01,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും ഷിബു തോമസ് കരസ്ഥമാക്കി.
ബധിരഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല ഫൈനലില്‍ ഒന്നാം സ്ഥാനത്തിന് കോട്ടയം അതിരൂപതയില്‍നിന്നുള്ള ബെന്‍ ജോസഫ് ബൈജു അര്‍ഹനായി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലിയ ക്വിസ്സില്‍ പാലാ രൂപതയിലെ ഡിന്റ ഫ്രാന്‍സിസ്, ആഗ്നസ് റിജോ, ആല്‍ബര്‍ട്ട് റിജോ എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയാണ് ലോഗോസ് ക്വിസ്സിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.
ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായ വിഭാഗങ്ങളിലെ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ച് പാലാരിവട്ടം പി.ഒ.സി.യില്‍ ഇന്നലെ നവംബര്‍ 23ന് നടന്ന ഗ്രാന്റ് ഫിനാലെ ടെലെക്വിസിന്, റവ. ഡോ. മാര്‍ട്ടിന്‍ O.de.M നേതൃത്വം നല്കി. D വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരനാണ് ഷിബു തോമസ്. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും : A - ജൊഹാന്‍ N. ബിനോയ് (പാലക്കാട് രൂപത), B - ജാന്‍വി ആന്‍ ജോസി (ചങ്ങനാശ്ശേരി അതിരൂപത), C നിഫി G. പോള്‍ (എറണാകുളം - അങ്കമാലി അതിരൂപത), E - ഷെര്‍മി കാര്‍മു (കോട്ടപ്പുറം രൂപത), F - ആനി ജോര്‍ജ് (തൃശ്ശൂര്‍ അതിരൂപത). എറണാകുളം - അങ്കമാലി, തൃശ്ശൂര്‍, പാലാ, എന്നീ രൂപതകളാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച രൂപതകള്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.
ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച ഇടവകകള്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത് ഓച്ചന്‍തുരുത്ത്, കുറവിലങ്ങാട്, എടക്കുന്ന് എന്നീ ഇടവകകളാണ്. ജൂബിലി ലോഗോസിനോടനുബന്ധിച്ച്, ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സെന്റ് ആന്‍ണീസ് ചര്‍ച്ച്, എടക്കുന്ന്, ഒന്നാം സ്ഥാനവും OLPH ഓച്ചന്‍തുരുത്ത് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്റെയും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെയും മുന്‍ചെയര്‍മാന്‍, ബിഷപ്. റവ. ഡോ. ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനകര്‍മം നിര്‍വഹിക്കുകയും വിജയികള്‍ക്ക് അവാര്‍ഡ് നല്കുകയും ചെയ്തു.
കെ.സി.ബിസി. ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ജോയ് പാലയ്ക്കല്‍, വൈസ്‌ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.





0 Comments