മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ ജയൻ്റെ ഓര്‍മ്മകള്‍ക്ക്‌ ഇന്ന്‌ 45 വര്‍ഷം


മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ ജയൻ്റെ ഓര്‍മ്മകള്‍ക്ക്‌ ഇന്ന്‌ 45 വര്‍ഷം. 1980 നവംബർ 16 ന് ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത്‌ ‘കോളിളക്കം’ എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ സംഭവിച്ച ഹെലികോപ്‌റ്റര്‍ അപകടത്തിലൂടെ ജയൻ ഓർമ്മയായി മാറിയപ്പോൾ അദ്ദേഹത്തിന്‌ പ്രായം വെറും 41.  പ്രേംനസീറും മധുവും സോമനും അടക്കിവാണിരുന്ന ഒരു കാലത്താണ്‌, 1974ല്‍ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെ ജയന്‍ വെള്ളിത്തിരയിലെത്തുന്നത്‌. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ്‌ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്‌. എ.ബി. രാജിന്റെ സിനിമകളിലും, കുഞ്ചാക്കോ, പ്രേംനസീര്‍ ചിത്രങ്ങളിലും അദ്ദേഹം ചെറുവേഷങ്ങളില്‍ നിറഞ്ഞു. 1976ല്‍ പുറത്തിറങ്ങിയ ‘പഞ്ചമി’ ഒരു വഴിത്തിരിവായി. ക്രൂരനായ ഫോറസ്‌റ്റ് ഓഫീസര്‍ ജോണ്‍സണ്‍ എന്ന കഥാപാത്രം ജയന്റെ അഭിനയമികവ്‌ തെളിയിച്ചു. പിന്നീട്‌ നസീര്‍ ചിത്രങ്ങളിലെ സ്‌ഥിരം വില്ലനായി. ‘ഇതാ ഇവിടെവരെ’ എന്ന ചിത്രത്തിലെ കടത്തുകാരന്റെ വേഷവും ശ്രദ്ധേയമായിരുന്നു .മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ കഥയെ ആസ്‌പദമാക്കി ഹരിഹരന്‍ ഒരുക്കിയ ‘ശരപഞ്ചരം’ എന്ന സിനിമയിലൂടെയാണ്‌ ജയന്‍ നായകനായി മാറുന്നത്‌. 


കുതിരക്കാരനായ ചന്ദ്രശേഖരന്‍ എന്ന കഥാപാത്രം അദ്ദേഹത്തെ നടനില്‍നിന്ന്‌ താരത്തിലേക്ക്‌ ഉയര്‍ത്തി. നായകന്‍ എന്ന നിലയില്‍ ജയനെ ജനകീയനാക്കിയ ചിത്രം ഐ.വി. ശശിയുടെ ‘അങ്ങാടി’ ആയിരുന്നു. അഭ്യസ്‌തവിദ്യനായ ചുമട്ടുതൊഴിലാളിയായുള്ള അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ശബ്‌ദവും സാഹസികത നിറഞ്ഞ ആക്ഷനും, തീപാറുന്ന ഇംഗ്‌ളീഷ്‌ ഡയലോഗുകളും തീയേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കി. ‘കരിമ്ബന’, ‘മീന്‍’ തുടങ്ങിയ ഐ.വി. ശശി-ജയന്‍ കൂട്ടുകെട്ടിലെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളായി. കേവലം ഒന്നര വര്‍ഷം കൊണ്ട്‌ സൂപ്പര്‍ സ്‌റ്റാര്‍ പദവിയിലേക്ക്‌ അദ്ദേഹം ഉയര്‍ന്നു. സാഹസികമായ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ ജയന്‍ അതീവ താല്‍പര്യം കാട്ടി. വെറും ആറ്‌ വര്‍ഷം കൊണ്ട്‌ 150ല്‍ അധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. 1974 മുതല്‍ 80 വരെ നൂറ്റിപ്പതിനാറ്‌ ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹത്തിന്റെ മിക്ക സിനിമകളും വന്‍ ഹിറ്റുകളായിരുന്നു. ‘കരിമ്ബന’, ‘അങ്ങാടി’, ‘ലൗ ഇന്‍ സിംഗപ്പൂര്‍’, ‘സര്‍പ്പം’ തുടങ്ങിയ സിനിമകളില്‍ റൊമാന്റിക്‌ ഹീറോയായും ആക്‌?ഷന്‍ ഹീറോയായും അദ്ദേഹം നിറഞ്ഞുനിന്നു. ശ്രീകുമാരന്‍ തമ്ബി സംവിധാനം ചെയ്‌ത ‘നായാട്ട്‌’ എന്ന ചിത്രത്തില്‍ പ്രേംനസീര്‍ സഹനടനായാണ്‌ പ്രത്യക്ഷപ്പെട്ടതെന്നത്‌ ജയന്റെ താരവളര്‍ച്ചയെ അടയാളപ്പെടുത്തുന്നു. എല്ലാം തികഞ്ഞ ഒരു താരമായി ജയന്‍ കത്തിജ്വലിച്ചു നില്‍ക്കുമ്ബോഴാണ്‌ വിധി വില്ലനായെത്തുന്നത്‌ 1939 ജൂലൈ 25ന്‌ കൊല്ലം ജില്ലയിലെ തേവള്ളിയിലായിരുന്നു കൃഷ്‌ണന്‍ നായർ എന്ന ജയൻ്റെ  ജനനം. സിനിമയിലെത്തുന്നതിന്‌ മുന്‍പ്‌ അദ്ദേഹം രാജ്യത്തിന്‌ വേണ്ടി സേവനമനുഷ്‌ഠിച്ചു. ഇന്ത്യന്‍ നേവി ഉദ്യോഗസ്‌ഥനായി 15 വര്‍ഷം സേവനമനുഷ്‌ഠിച്ച ശേഷമാണ്‌ ജയന്‍ സിനിമയില്‍ സജീവമാകുന്നത്‌. 

നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ്‌ അദ്ദേഹത്തെ കലാലോകത്തേക്ക്‌ എത്തിച്ചത്‌. നടന്‍ ജോസ്‌ പ്രകാശിന്റെ മകന്‍ രാജനുമായുള്ള സൗഹൃദമാണ്‌ സിനിമാപ്രവേശനത്തിന്‌ വഴിത്തിരിവായത്‌. ജോസ്‌ പ്രകാശ്‌ വഴി സംവിധായകന്‍ ജേസിയുടെ ‘ശാപമോക്ഷം’ (1974) എന്ന ചിത്രത്തില്‍ ഗായകന്റെ വേഷത്തില്‍ കൃഷ്‌ണന്‍ നായര്‍ അരങ്ങേറ്റം കുറിച്ചു. ‘ആദ്യത്തെ രാത്രിയെ വരവേല്‍ക്കാന്‍ കാര്‍ത്തിക വിളക്കുകള്‍ കൊളുത്തി…’ എന്ന ഗാനം ആസ്വാദകരുടെ മനസില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തി. കൃഷ്‌ണന്‍ നായര്‍ക്ക്‌ ‘ജയന്‍’ എന്ന പേര്‍ സമ്മാനിച്ചത്‌ ജോസ്‌ പ്രകാശാണ്‌.  ജയന്‍ വിടവാങ്ങി 45 വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴും, മലയാളിയുടെ മനസില്‍ ആ പൗരുഷം ഒട്ടും മങ്ങിയിട്ടില്ല. മരണശേഷവും, ചിത്രീകരണം പൂര്‍ത്തിയാക്കിയ പത്തോളം ജയന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്‌.സാഹസികതയുടെയും താരത്തിളക്കത്തിന്റെയും പര്യായമായി മാറിയ നടന്‍ ജയന്‍ വെള്ളിത്തിരയില്‍നിന്നും ജീവിതത്തില്‍നിന്നും വിടവാങ്ങിയെങ്കിലും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുകയാണ്… നിത്യഹരിത ആക്ഷൻ ഹീറോയായി




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments