പാലാ രൂപത വൈദികൻ ഫാ.ജോസഫ് പാമ്പാറ (90) അന്തരിച്ചു........ സമസ്ത ജനതയേയും യോജിപ്പിച്ചു മുന്നേറിയ വൈദിക ശ്രേഷ്ഠനായിരുന്നു പാമ്പാറ അച്ചനെന്ന് ദീപിക ദില്ലി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ കുറിക്കുന്നു ......
സംസ്കാരം വെള്ളിയാഴ്ച (21.11.2025) ഉച്ചകഴിഞ്ഞ് 02.00 മണിക്ക് സിബിഗിരി - മുട്ടം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ പാരിഷ് ഹാളിൽ ആരംഭിച്ച് വിശുദ്ധ കുർബാനയ്ക്കും അന്ത്യകർമ്മങ്ങൾക്കും ശേഷം
മൃതദേഹം നാളെ (വ്യാഴം, 20.11.2025) വൈകുന്നേരം 05.00 മണിക്ക് മുട്ടത്തുള്ള സഹോദരൻ പ്രൊഫ.പി.സി.ദേവസ്യ പാമ്പാറയുടെ വീട്ടിൽ കൊണ്ടുവരും.
നവംബർ 21 വെള്ളിയാഴ്ച വരെ രാവിലെ 09.30 ന് ഭവനത്തിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം പാരിഷ് ഹാളിലേക്ക് കൊണ്ടുപോകും.
1962 ഡിസംബർ മൂന്നിനാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്.......
ഫാ. ജോസഫ് പാമ്പാറയെ ജോർജ് കള്ളി വയലിൽ അനുസ്മരിക്കുന്നു👇👇👇
പാലാ രൂപത മുൻ വികാരി ജനറാളും നിരവധി ഇടവകകളിൽ വികാരിയുമായിരുന്ന പാമ്പാറ അച്ചൻ്റെ വിയോഗം വ്യക്തിപരമായി വലിയൊരു നഷ്ടമാണ്. കുറച്ചുകാലമായി അസുഖങ്ങളും മറ്റുമായി വിശ്രമത്തിൽ ആയിരുന്നു അച്ചൻ.
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ കാലം മുതൽ ദീപിക പത്രാധിപ സമിതിയിൽ അംഗമായി ചേരുന്നത് വരെയുള്ള കാലഘട്ടത്തിൽ എൻ്റെ സ്വഭാവ രൂപീകരണത്തിലും ലക്ഷ്യങ്ങളിലും വലിയ സംഭാവനകളാണ് പാമ്പാറ അച്ചൻ നൽകിയിരുന്നത്.
ഞങ്ങളുടെ ഇടവകയായിരുന്ന പാലാ ലാളം സെൻറ് ജോർജ് പുത്തൻ പള്ളിയുടെ വികാരി ആയിരിക്കേയാണ് അച്ചനുമായുള്ള ആത്മബന്ധം തുടങ്ങുന്നത്. പാമ്പാറ അച്ചൻ്റെ നേതൃത്വത്തിൽ പുത്തൻപള്ളിയിൽ ആരംഭിച്ച 'യുവപ്രതിഭ' എന്ന സംഘടന ഞങ്ങൾക്ക് സാമൂഹിക സേവനത്തിനും നേതൃപാടവത്തിനും വലിയ ഉത്തേജനം ആയിരുന്നു. അക്കാലത്ത് നാടകം, ഭവന നിർമ്മാണം അടക്കം പാലായുടെ പൊതുരംഗത്ത് യുവപ്രതിഭ സജീവമായിരുന്നു. ലഹരി ഉപയോഗം അടക്കമുള്ള ദുഷ്ചെയ്തികളിൽ നിന്ന് യുവാക്കളെ അകറ്റുന്നതിനും ക്രിയാൽമകമായി സമൂഹത്തിന് വേണ്ടപ്പെട്ടവരായി വളർത്തിയെടുക്കുന്നതിനും അച്ചൻ നേതൃത്വം നൽകി.
നാടകം, തിരുനാൾ, ക്രിസ്മസ് തുടങ്ങിയ യുവപ്രതിഭയുടെ പരിപാടികളിൽ സമീപത്തെ ഹിന്ദു സഹോദരന്മാരും സജീവമായി പങ്കെടുക്കുന്നതിനും പാമ്പാറ അച്ചൻ്റെ സ്നേഹപൂർവ്വമായ ഇടപെടലുകൾ സഹായിച്ചു. ഇടവകയിലെ എല്ലാ കുടുംബങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനും അച്ഛൻ ശ്രമിച്ചിരുന്നു.
ഭക്തിപരവും പ്രാർത്ഥനാപൂർവ്വവും ആയ നല്ല ജീവിതം നയിച്ചിരുന്ന പാമ്പാറ അച്ചൻ എക്കാലത്തും ഞങ്ങൾക്കെല്ലാം പ്രചോദനമായിട്ടുണ്ട്. അടുത്തകാലത്തും അച്ചനെ കാണാനും സ്നേഹം പങ്കുവെക്കാനും കഴിഞ്ഞിരുന്നു.
പ്രിയപ്പെട്ട ജോസഫ് പാമ്പാറ അച്ചന് പ്രാർത്ഥനാപൂർവ്വമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു.




0 Comments