സർക്കാർ ജീവനക്കാർ അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്നതായി കണ്ടെത്തിയാൽ അവരുടെ ഈ മാസത്തെ ശമ്പളം കിട്ടിയേക്കില്ല.
ചില സർക്കാർ ജീവനക്കാർ ഇത്തരത്തിൽ അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെയ്ക്കുകയും ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നതായി പരാതി ഉയർന്നവന്ന സാഹചര്യത്തിലാണ് നടപടി. മുൻഗണനാ റേഷൻ കാർഡ് കൈവശമുള്ള ജീവനക്കാരെ കണ്ടെത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് എല്ലാ വകുപ്പ് അധികാരികൾക്കും ജില്ലാ സിവിൽ സിവിൽ സപ്ലൈ ഓഫീസർ കത്ത് അയച്ചിട്ടുണ്ട്.
ഇതേത്തുടർന്ന് ഓരോ ഓഫീസിന്റെയും ചുമതലയുള്ള മേധാവികൾ തങ്ങളുടെ കീഴിലുള്ള മുഴുവൻ ജീവനക്കാരോടും റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റേഷൻ കാർഡുകൾ പരിശോധിച്ച് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടതല്ലെന്ന് ഉറപ്പാക്കിയ ശേഷമേ ജീവനക്കാർക്ക് നവംബർ മാസത്തെ ശമ്പളം അനുവദിക്കാവൂ എന്നാണ് കളക്ടറുടെ ഉത്തരവ്.
മുൻഗണനാ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിൽ ഏതെങ്കിലും ജീവനക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വിവരം ജില്ലാ സപ്ലൈ ഓഫീസറെ അറിയിക്കണം. അതേസമയം സർക്കാർ ജോലി കിട്ടിയതോടെ മുൻഗണനാ കാർഡിൽ നിന്ന് സ്വയം ഒഴിയുകയും കൈവശം പുതിയ റേഷൻ കാർഡ് ഇല്ലാതിരിക്കുകയും ചെയ്യുന്നവർ ഇക്കാര്യം അറിയിച്ചുകൊണ്ട് സത്യവാങ്മൂലം നൽകണം.
പഴയ റേഷൻ കാർഡിൽ നിന്ന് പേര് വെട്ടിമാറ്റിയതിന് ശേഷമുള്ള പ്രിന്റ് ഹാജരാക്കണം. പുതുതായി ജോലിയിൽ പ്രവേശിച്ചവരെയാണ് പരിശോധന ലക്ഷ്യം വെക്കുന്നതെങ്കിലും ജോലിയിൽ കയറി വർഷങ്ങളായിട്ടും മുൻഗണനാ കാർഡ് കൈവശം വയ്ക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് ഭക്ഷ്യ വിജിലൻസ് സമിതിയിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഉന്നയിച്ചിരുന്നു.
ഇങ്ങനെ അനധികൃതമായി റേഷൻ വാങ്ങിയവരിൽ നിന്ന് കമ്പോള വില അനുസരിച്ച് തുക തിരിച്ചുപിടിക്കാനും ജില്ലാ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.





0 Comments