വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ മൂന്നാനിയില്‍ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചു...



സുനില്‍ പാലാ
 
പൂഞ്ഞാര്‍ ഹൈവേയില്‍ അപകടങ്ങള്‍ പതിവായ മൂന്നാനി കോടതി ജംഗ്ഷനില്‍ റോഡില്‍ അപകട സൂചകമായി മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചു. പാലാ ട്രാഫിക് പോലീസ്, പി.ഡബ്ല്യു.ഡി. അധികാരികളുടെ സംയുക്ത നേതൃത്വത്തിലാണ് ഇന്നലെ ഇവിടെ മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചത്.

കഴിഞ്ഞ ആറ് മാസത്തിനിടെ കോടതി ജംഗ്ഷനില്‍ ചെറുതും വലുതുമായ പത്തില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയുമുണ്ടായി. ഈ ഭാഗത്തെ നേരെയുള്ള വഴിയിലൂടെ വാഹനങ്ങള്‍ അമിത വേഗതയില്‍ വരുന്നതായിരുന്നു പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിരുന്നത്. 


 
മാത്രമല്ല ഈ ഭാഗത്ത് റോഡ് കുറുകെ കടക്കുന്ന കാല്‍നട യാത്രക്കാര്‍ക്കും ഒട്ടേറെ തവണ വാഹനങ്ങള്‍ ഇടിച്ചും മറ്റും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇവിടെ പൊലീസിന്റെ സേവനം തിരക്കുള്ള സമയങ്ങളിലെല്ലാം ഉണ്ടാകണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചതോടെ അപകട സൂചന ലഭിക്കുമ്പോള്‍ വാഹനങ്ങള്‍ വേഗത കുറച്ചോടിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രമിക്കുമെന്നാണ് അധികാരികളുടെ കണക്കുകൂട്ടല്‍.


പ്രധാന കോടതികളെല്ലാം ഇവിടെ സ്ഥിതി ചെയ്യുന്നതിനാല്‍ നൂറുകണക്കിന് ആളുകളാണ് ഈ ഭാഗത്ത് നിത്യവും എത്തുന്നത്. ഇവിടെ നിരവധി അഭിഭാഷകരുടെ ഓഫീസുകളുമുണ്ട്. ഇവിടേയ്ക്കും വിവിധ ആവശ്യങ്ങളുമായി ജനങ്ങളെത്തുന്നുണ്ട്. ഇതോടെ ഈ മേഖല പകല്‍ മുഴുവന്‍ തിരക്കിലമരും. നിരവധി വാഹനങ്ങളും പകല്‍ ഈ ഭാഗത്തെത്തുന്നുണ്ട്. വഴി പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ ഇതുവഴി പലപ്പോഴും അമിത വേഗതയിലാണ് പോകുന്നത്. പകല്‍ മുഴുവന്‍ ഈ മേഖലയില്‍ ട്രാഫിക് പോലീസിനെ ഡ്യൂട്ടിക്കിടുക എന്നുള്ളത് പ്രായോഗികവുമല്ല. ഈ സാഹചര്യത്തിലാണ് താത്ക്കാലിക പ്രശ്ന പരിഹാരമെന്ന നിലയില്‍ മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ ഇന്നലെ ഇവിടെ സ്ഥാപിച്ചത്.


വളരെ നല്ല കാര്യം

അപകടങ്ങള്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാന്‍ മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറായത് വളരെ നല്ല കാര്യമാണ്. എന്നാല്‍ ഇതൊരു ശാശ്വതമായ പരിഹാരമാവില്ല. ഇതിനുള്ള തുടര്‍നടപടികള്‍ കൂടി ഇവിടെ ഏര്‍പ്പെടുത്തേണ്ടതുണ്ട്. അപകട സൂചക ബോര്‍ഡുകളും സ്ഥാപിക്കണം.
- രാജു ഹരിഹരന്‍, അഭിഭാഷകന്‍, മൂന്നാനി




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments