സഞ്ചാരികളുടെ പറുദീസ....വയനാടന്‍ താഴ്വാരത്തെ സുന്ദരപ്രദേശമായ വയലട

കാനന  സൗന്ദര്യം നുകര്‍ന്ന് ഹിമകാറ്റേറ്റ് സഹ്യന്റെ മടിത്തട്ടിലേക്കു യാത്ര പോകാം. വയനാടന്‍ താഴ്വാരത്തെ സുന്ദരപ്രദേശമായ വയലടയിലേക്ക്. മലബാറിന്റെയും കോഴിക്കോടിന്റെയും ഗവിയായി ഉയിര്‍ക്കൊണ്ട ഇവിടം സഞ്ചാരികളുടെ പറുദീസയാണിന്ന്. കാറ്റേല്‍ക്കാനും കുളിരില്‍ അലിയാനുമായി നിരവധിപേരാണ് കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരത്തേക്ക് എത്തുന്നത്. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വയലട സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ്. ഹെയര്‍പിന്‍ വളവുകള്‍ താണ്ടി പ്രകൃതിയെ തൊട്ടുരുമ്മി സൗന്ദര്യം ആവോളം ആസ്വദിച്ചാണ് സഞ്ചാരികള്‍ ഇവിടെയെത്തുന്നത്. ചെറു വെള്ളച്ചാട്ടങ്ങള്‍ യാത്ര കൂടുതല്‍ ആകര്‍ഷകമാക്കും. മൗണ്ട് വയലട, വ്യൂ പോയന്റ്, ഐലന്റ് വ്യൂ മുള്ളന്‍പാറ, കോട്ടക്കുന്ന് വ്യൂ പോയന്റ് എന്നീ മുനമ്പുകള്‍ പ്രകൃതിയുടെ അവിസ്മരണീയമായ കാഴ്ചയൊരുക്കും. 

കോട്ടക്കുന്ന് മലയും മുള്ളന്‍പാറയും വയലടയിലെത്തിയാല്‍ ഏറ്റവും ഉയരംകൂടിയ കോട്ടക്കുന്ന് മലയിലേക്കും മുള്ളന്‍പാറയിലേക്കുമാണ് യാത്രികര്‍ നീങ്ങുക. കോട്ടക്കുന്ന് മലയിലെത്തിയാല്‍ പ്രകൃതിയുടെ മടത്തട്ടില്‍ ഇരുന്നു പ്രകൃതിയുടെ ദൃശ്യവിസ്മയം ആസ്വദിക്കാനാകും. മനസിനു കുളിര്‍മയും ഹരവും പകരുന്നതാണ് ഇവിടെത്തെ കാഴ്ചകളെല്ലാം. മുള്ളന്‍പാറയിലെത്തിയാല്‍ കക്കയം, പെരുമണ്ണാമൂഴി റിസര്‍വോയര്‍, കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, പേരാമ്പ്ര ടൗണ്‍, അറബിക്കടല്‍ എന്നിവയുടെയെല്ലാം സുന്ദരവിദൂരദൃശ്യങ്ങളും ഇവിടെ നിന്നു മനസിലേക്കു പതിക്കും. മുള്ളന്‍പാറയും പ്രസിദ്ധമാണ്. പേരു സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകള്‍ നിറഞ്ഞ പാതയിലൂടെ നടന്നു വേണം ഇവിടേക്കു കയറാന്‍. ആ യാത്ര സഞ്ചാരികളുടെ മനസില്‍ എന്നും അവിസ്മരണീയ മുഹൂര്‍ത്തമായിരിക്കും.  

കുത്തനെയുള്ള മലകയറി ഒടുവില്‍ ചെന്നെത്തുന്നത്തു മുള്ളുകളാല്‍ പുതച്ച പാറയുടെ മുകളിലാണ്. മുള്ളന്‍പാറയില്‍ നിന്നു നോക്കിയാല്‍ കക്കയം ഡാം വരെ കാണാം. വൈദ്യുതി ഉത്പാദനത്തിനു ശേഷം ഡാമില്‍ നിന്നു പുറത്തേക്കു വിടുന്ന വെള്ളവും വെള്ളപ്പാച്ചിലിനെച്ചുറ്റി നില്‍ക്കുന്ന കാടും ഇവിടെ നിന്നുള്ള സുന്ദര കാഴ്ചയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം വിഷുവിന് പൂജ നടക്കുന്ന ഒരുകാവും ഈ മലയിലുണ്ട്. വയലടയിലേക്കുള്ള വഴികളിലും കരിയാത്താന്‍പാറ പോലുള്ള പ്രകൃതിയുടെ സമ്മോഹന വിരുന്നുകളുണ്ട്. വയലടയ്ക്കുള്ള യാത്രയില്‍ കയറ്റങ്ങള്‍ ഉണ്ടെങ്കിലും വര്‍ണാഭ പകരുന്ന ദൃശ്യങ്ങള്‍ യാത്രയെ ആയാസരഹിതവും സജീവവുമാക്കും. വാഹനമിറങ്ങിയ ശേഷം കാല്‍നടയായി കയറാനുണ്ട് വ്യൂ പോയിന്റ് എത്താന്‍. വലിയ പാറക്കൂട്ടങ്ങളും അവയെ കെട്ടിവരിഞ്ഞു നില്‍ക്കുന്ന ഹരിതാഭയും കണ്ണിനു കുളിര്‍മ നല്‍കുന്നതാണ്. 

മനോഹരം കോടമഞ്ഞിന്റെ താഴ്വര  സഹ്യന്റെ മടിത്തട്ടിലെ ഈ അനുഗ്രഹീത പ്രദേശമായ വയലടയെക്കുറിച്ചു ഭൂരിഭാഗം മലബാറുകാര്‍ക്കും പോലും മുമ്പ് അറിയില്ലായിരുന്നു. ഒരിക്കല്‍ വയലട സന്ദര്‍ശിക്കുന്നവരുടെ മനസില്‍ നിന്നൊരിക്കലും ഇവിടുത്തെ പച്ചപ്പും കോടമഞ്ഞിന്‍ തണുപ്പും മാഞ്ഞുപോകില്ല. അവര്‍ നല്‍കിയ വിവരണങ്ങളിലൂടെയാണ് വയലട സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നത്.

 പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്കൊപ്പം വിവാഹ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യാനും, ഹണിമൂണ്‍ ആഘോഷിക്കാനുമായി എത്തുന്ന നവദമ്പതികളും നിരവധിയാണ്. വയലടയുടെ സൗന്ദര്യം മതിവരുവോളം അസ്വദിച്ചവരാണ് കോഴിക്കോടിന്റെ ഗവി എന്ന പേരു നല്‍കിയതും. ഇപ്പോള്‍ ഇതരസംസ്ഥാനക്കാര്‍ വരെ വയലടയെ കുറിച്ച് അറിഞ്ഞു ധാരാളമായി എത്താറുണ്ട്. തമിഴ്നാട്ടില്‍ നിന്നാണു കൂടുതല്‍ പേരുമെത്തുന്നത്. കോഴിക്കോട് ബാലുശേരിയില്‍ നിന്നു വളരെയടുത്താണ് വയലട. ബാലുശേരിയില്‍ നിന്ന് അവിടേക്ക് ബസ് സര്‍വീസുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശേരിയില്‍ നിന്ന് 12 കി.മീ അകലെയാണ് വയലട. കോഴിക്കോട് നഗരത്തില്‍ നിന്ന് ബാലുശേരിയിലേക്ക് 25 കി.മീ. കൊയിലാണ്ടിയില്‍ നിന്ന് 20 കി.മീ. ആണ് ദൂരം. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments